A N Shamseer | ഡോ. ശഹാനയുടെ മരണത്തിൽ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്പീകർ എ എൻ ശംസീർ

 


കണ്ണൂർ: (KVARTHA) ഡോക്ടർ ശഹാനയുടെ മരണത്തിൽ പ്രതികരിച്ചില്ലെന്നാരോപിച്ച് മുസ്ലീം മത പണ്ഡിതൻമാർക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീകർ എ എൻ ശംസീർ. കണ്ണൂരിൽ പൊതുപരിപാടിക്കിടെയാണ് വിവാദ പ്രസംഗവുമായി സ്പീകർ രംഗത്തുവന്നത്. രാജ്യത്തെ ന്യൂന പക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്നും സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ശഹാനയുടെ മരണത്തിൽ മത പണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
 
A N Shamseer | ഡോ. ശഹാനയുടെ മരണത്തിൽ മതപണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്പീകർ എ എൻ ശംസീർ


ദേശീയ ന്യൂസ്പക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം കണ്ണൂർ ജില്ലാ പഞ്ചായത് ഹോളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീകർ. മുസ്ലീം മതനിയമപ്രകാരം സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണ്. വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റെ മാതാപിതാക്കൾ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മതപണ്ഡിതർ മൗനം പാലിക്കുകയായിരുന്നു. ഈ മൗനമാണ് യുവതിയുടെ ആത്മഹത്യയിലേക്കെത്തിയത്. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും താൻ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഏതു മതവിഭാഗത്തിൽപെട്ടവരായാലും സ്ത്രീധനം ചോദിച്ചെത്തുന്നവരോട് നോ പറയാൻ സമൂഹം തയ്യാറാകണമെന്നും ശംസീർ പറഞ്ഞു.

വർത്തമാന ഇൻഡ്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ല. മുഖ്യധാരാ ന്യൂനപക്ഷമായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർകാർ ഇല്ലാതാക്കുകയാണ്. രാജ്യത്തെ വംശീയ ജനാധിപത്യത്തിലേക്കു കൊണ്ടുപോവാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ നമുക്കാവണം. ഭരണഘടനയുടെ അടിസ്ഥാനശിലയിൽ മാറ്റം വരുത്താൻ ഒരു ഭൂരിപക്ഷത്തിനും കഴിയില്ല. വർഗീയത ഏതു പക്ഷത്തായാലും അതിനെ പൂർണമായും തള്ളിക്കളയാൻ കഴിയണം.

അസാധാരണ പ്രക്രിയയിലൂടെ രാജ്യത്തിന്റെ പേരു മാറ്റാൻ വരെ ശ്രമം നടക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ന്യൂനപക്ഷത്തിന്റെ കൊഴിഞ്ഞു പോക്ക് നടക്കുകയാണെന്നും ഇതിനെ കുറിച്ചുള്ള ചർച്ച നടക്കണമെന്നും സ്പീകർ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ എഎ റശീദ് അധ്യക്ഷനായി. വെബ് സൈറ്റിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, ജില്ല കലക്ടർ അരുൺ കെ വിജയൻ, ഫാ.ജോസഫ് കാവിനടിയിൽ, ഫാ. മാർടിൻ രായപ്പൻ, അഡ്വ. ബിനോയ് കുര്യൻ, എ കെ അബ്ദുൽ ബാഖവി, ജോസഫ് എസ് ഡാനിയേൽ, ഫാദർ കിരൺജോസ്, എം കെ ഹമീദ്, ഡോ. സുൽഫിക്കർ അലി, പി കെ മുഹമ്മദ് സാജിദ്, പാസ്റ്റർ കുര്യൻ ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, A N Shamseer, Speaker, Kannur, Speaker A N Shamseer says silence of religious scholars on Dr Shahana's death is fault

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia