ഒരമ്മയ്ക്ക് മകനില്‍ നിന്ന് എന്താണ് ആവശ്യം? പണമോ സമ്മാനങ്ങളോ പൂക്കളോ ഒന്നുമല്ല; അവരോടൊപ്പമുള്ള അല്‍പ്പ സമയമാണ്; വൈറലായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26.06.2020) സ്വന്തം പേര് പോലും മറന്ന 87 കാരിയായ അമ്മ എന്നെങ്കിലും തന്റെ പേര് ഓര്‍ത്തെടുത്ത് വിളിക്കുമെന്ന കാത്തിരിപ്പുമായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍. സോമരാജന്‍ പണിക്കര്‍ എന്ന ബയോമെഡിക്കല്‍ എഞ്ചിനീയറുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. രാവിലെ ഉണര്‍ന്ന് അമ്മയ്ക്ക് വേണ്ടിചെയ്ത് കൊടുക്കുന്ന കാര്യങ്ങളാണ് പോസ്റ്റിന്റെ പ്രമേയം.

രാവിലെ അമ്മയെ ഏഴുന്നേല്‍പ്പിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കും. കുളിപ്പിച്ച് മുടി ചീകി ഭക്ഷണ മുറിയിലേക്ക് കൊണ്ട് പോകും. ഭക്ഷണം നല്‍കുന്നതിനിടെയും മറ്റും മാഞ്ഞു തുടങ്ങിയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ അമ്മയോട് ഒരോന്ന് ചോദിച്ചു കൊണ്ടിരിക്കും. മറുപടിയായി എന്തെങ്കിലും ഒരു വാക്കോ ഒരു നോട്ടമോ ലഭിച്ചാല്‍ തന്നെ എനിക്ക് സംതൃപ്തിയായെന്ന് സോമരാജന്‍ പറയുന്നു.

അമ്മ മകന്റെ പേര് മറന്നിട്ട് വര്‍ഷങ്ങളോളമായി. ഈയടുത്തായി അച്ഛന്റെ പേരും മറന്നു. തന്നെ തിരിച്ചറിഞ്ഞ് പേര് വിളിക്കുന്ന ദിവസത്തിന്നായി ഇപ്പോഴും കാത്തിരിക്കുകയാണ് ഇയാള്‍. വാര്‍ദ്ധക്ക്യമായ മാതാപിതാക്കളെ വൃദ്ധഭവനത്തിലാക്കുന്ന ഈ പുതു തലമുറയിലെ 'മക്കള്‍ക്ക്' മാതൃകയാണ് സോമരാജന്‍ പണിക്കര്‍.

 ഒരമ്മയ്ക്ക് മകനില്‍ നിന്ന് എന്താണ് ആവശ്യം? പണമോ സമ്മാനങ്ങളോ പൂക്കളോ ഒന്നുമല്ല; അവരോടൊപ്പമുള്ള അല്‍പ്പ സമയമാണ്; വൈറലായി മകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്


ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം


രാവിലെ അമ്മയെ ചായ കുടിപ്പിക്കാൻ ഇരുന്നപ്പോൾ വലിയ മഴ വരുന്നതു നോക്കി അമ്മ കുറേ നേരം ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു ..

അടുത്ത കാലം വരെ രാവിലത്തെ ചായ അമ്മ തന്നെ എടുത്തു കുടിക്കുമായിരുന്നു‌...രണ്ടു മൂന്നു ദിവസം ആയി ചായ കുടിക്കാൻ പറഞ്ഞാൽ ചായ കൈകൊണ്ടു ഒരൽപ്പം മാറ്റി വെക്കും ...

ചായ ചൂടു പോകുന്നതിനു മുൻപ് കുടിപ്പിക്കണം എന്നതിനാൽ പിന്നെ ചുണ്ടിൽ മുട്ടിച്ചു പിടിപ്പിക്കണം ..കുഞ്ഞുങ്ങൾ പാലു കുടിക്കുന്നതു പോലെ അതു സാവധാനം ആണെങ്കിലും മുഴുവൻ കുടിക്കും ..

ഒരമ്മക്കു മകന്റെ എന്താണു ആവശ്യം എന്നു ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടു ..

പണം അല്ല ‌‌‌..പൂക്കൾ അല്ല ...സമ്മാനങ്ങൾ അല്ല ..ഓണപ്പുടവ അല്ല ‌..ആഭരണങ്ങൾ അല്ല ...

അതിലെല്ലാം പ്രധാനപ്പെട്ടതു

സമയം

ആണു ...അമ്മക്കു അതു മാത്രം മതി ..അതു നൽകിയാൽ ബാക്കി എല്ലാം അതിന്റെ കൂടെ നൽകുന്നവ ആണു‌.

അമ്മ എന്റെ പേർ മറന്നു പോയിട്ടു വർഷങ്ങൾ ആയി ...അടുത്തകാലം വരെ ഏതു കുറ്റിരിട്ടത്തും അച്ഛനെ അച്ഛൻ എന്നു തന്നെ പറഞ്ഞു തിരിച്ചറിഞ്ഞു വിളിക്കുമായിരുന്നു‌..

ഇപ്പോൾ അതാരാ എന്നു ചോദിച്ചാൽ

അതു ഹരിയണ്ണൻ എന്നു പറയും‌..ഹരിമാമൻ അമ്മയുടെ സഹോദരൻ ആണു .

അമ്മയോടൊപ്പം ചിലവഴിക്കുന്ന സമയം മുഴുവൻ ഞാൻ അമ്മയേ ഒരോ ചോദ്യങ്ങളും വാക്കുകളും പറഞ്ഞു അമ്മ എന്തെങ്കിലും ഓർക്കുന്നുവോ എന്നു അന്വേഷിക്കും‌..

സ്വർണ്ണ നിക്ഷേപം ഉള്ള ചില സ്ഥലങ്ങളിൽ ചിലർ അരുവിയിലെ മണ്ണു അരിച്ചു സ്വർണ്ണത്തിന്റെ തരികൾ വേർതിരിക്കാൻ ശ്രമിക്കുന്നതു പോലെ ഒരു പരീക്ഷണം ആണതു ...നൂറോ ആയിരമോ കൊട്ട മണ്ണു അരിക്കുമ്പോൾ ആണു ഒന്നോ രണ്ടോ തരി സ്വർണ്ണം കിട്ടുന്നതു ...അമ്മയുടെ ഓർമ്മശക്തിയും ഇപ്പോൾ അതു പോലെയാണു ...വളരെ നാൾ കൂടുമ്പോൾ എന്തെങ്കിലും ഒരു വാക്കോ ആളെയോ ഓർമ്മിച്ചു എന്തെങ്കിലും ശരിയായി പറഞ്ഞാൽ അതു കേൾക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റാത്തതാണു .‌

ഒരോ നേരവും ഭക്ഷണം വാരിക്കൊടുക്കുമ്പോൾ ഒരോ ഇനവും എന്താണു എന്നു അമ്മയോടു ചോദിക്കും‌..മിക്കതിനും " അമ്മയാണു " എന്നു മാത്രമായിരിക്കും മറുപടി ...പിന്നെ നമ്മൾ തന്നെ അതിന്റെ പേർ പറഞ്ഞിട്ടു അതെന്താണു എന്നു വീണ്ടും ചോദിക്കും ..അപ്പോൾ അമ്മക്കു ദേഷ്യം വരും ..

" പറഞ്ഞില്ലെ ...അതു അതൊക്കെ തന്നെയാണു എന്നു "

എല്ലാ ദിവസവും 8.30 നു അമ്മക്കു പ്രഭാത ഭക്ഷണം നൽകും ..അതിനു 15 മിനിട്ടു മുൻപു ഇൻസുലിൻ ഇഞ്ചക്ഷൻ ഒക്കെ കൊടുത്തു ബാത്ത് റൂമിൽ കൊണ്ടു പോയി മുടി ഒക്കെ ചീകി ഹെയർ ബാൻഡ് ഒക്കെ ഒന്നു കൂടി ശരിയാക്കി മായ്ച്ചു കളഞ്ഞ ചന്ദനം ഒക്കെ ഒന്നു കൂടി തൊടുവിച്ചു സിന്ദൂരം ഇട്ടു , ഉടുപ്പിൽ മൂത്രത്തിന്റെ തുള്ളികൾ വീണു എങ്കിൽ ഉടുപ്പും മാറ്റി അമ്മയേ സുന്ദരിയാക്കി ആണു ഊണുമേശക്കരുകിൽ കൊണ്ടിരുത്തും‌...

പോകുന്ന വഴിയും വരുന്ന വഴിയും എല്ലാം അമ്മയോട് എന്തെങ്കിലും ഒക്കെ ചോദിച്ചു കൊണ്ടേയിരിക്കും‌..ഒരു തരം സ്പീച്ച് തെറാപ്പി എന്നു വേണമെങ്കിൽ പറയാം ..ഒരു വാക്കു എങ്കിലും ശരിയായി പറഞ്ഞാൽ എനിക്കു സ്വർണ്ണ മെഡൽ കിട്ടിയതു പോലെയാണു ..അല്ലെങ്കിൽ അമ്മ വല്ലാതെ ദേഷ്യപ്പെട്ടു

" ശെന്താ ഞാൻ ചെയ്യുന്നതു ? "

എന്നു പറഞ്ഞു എന്റെ കൈ വിടുവിക്കുവാൻ ശ്രമിക്കും‌...ഞാൻ വിടില്ല എന്നു മാത്രം ..

അമ്മക്ക് അരി ഭക്ഷണം ...പ്രത്യേകിച്ചു ഇടിയപ്പം‌, ഇഡ്ലി , ദോശ ഇവയാണു ഇഷ്ടം ‌‌..വളരെ ഇഷ്ടപ്പെട്ടാൽ ചിലപ്പോൾ കൈ കൊണ്ടു വാരി വായിൽ കൊണ്ടു ചെല്ലാൻ ശ്രമിക്കും ..അതൊരു " ഗുഡ് സൈൻ " ആണു‌..ഭക്ഷണം നന്നായി എന്നർഥം .

4 ഇഡ്ലിയുടെ മുകളിൽ സാമ്പാർ ഒഴിച്ചു ഞാൻ അതിന്റെ കൂടെ രാവിലത്തെ ഗുളികകൾ എല്ലാം പൊടിച്ചതു ചേർത്തു ചെറു കഷണങ്ങളായി മുറിച്ചു സ്പൂണിൽ വാരിക്കൊടുക്കും‌..

" അമ്മേ ഇതെന്താണു‌..? "

" ഇതൊക്ക സോമനാണു "

" സോമനോ ..അതാരാ ..."

." അതാ ഇതു "

" ഇതു ഇഡ്ലി അല്ലേ .."

" ഇതു സോമനാ .."

" അല്ല ഇഡ്ലിയാ ..."

അമ്മക്കു ദേഷ്യം വന്നു ...

" ശെന്താ ഞാൻ ചെയ്യുന്നെ ..."

പാവം അമ്മ ...
ഒരിക്കൽ എങ്കിലും

" ഇതു സോമനാണു ...എന്റെ രണ്ടാമത്തെ മകൻ ആണു ...ഞാൻ ഗുണദോഷിച്ചും പ്രാർഥിച്ചും കരഞ്ഞു വിളിച്ചും തല്ലിപ്പഴുപ്പിച്ചും നേരേയാക്കിയ ചെറുക്കൻ .."

എന്നു പറയാൻ അമ്മക്കു കഴിഞ്ഞിരുന്നെങ്കിൽ എന്നു ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു‌..


Keywords:  Kerala, News, Engineers, Post, Facebook, Social Network, Viral, Son, Mother, Father, Love, Sons Facebook post about mother goes viral.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia