സോഷ്യൽ മീഡിയ ആവേശമല്ല, വിവേകമാണ്: വ്യാജവാർത്തകളും സൈബർ കുറ്റകൃത്യങ്ങളും ആശങ്ക ഉയർത്തുന്നു


● 2010-ൽ മാഷബിളാണ് സോഷ്യൽ മീഡിയ ദിനം ആരംഭിച്ചത്.
● സോഷ്യൽ മീഡിയ ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചു.
● വ്യക്തിത്വം മറച്ചുവെച്ച് ചൂഷണം ചെയ്യുന്നവർ വർധിക്കുന്നു.
● വിവേകത്തോടെ സോഷ്യൽ മീഡിയ ഉപയോഗിക്കണം എന്നതാണ് സന്ദേശം.
● സോഷ്യൽ മീഡിയയുടെ തെറ്റായ പ്രവണതകൾക്കെതിരെ ബോധവൽക്കരണം വേണം.
ഭാമനാവത്ത്
(KVARTHA) ജൂൺ 30 ലോകമെമ്പാടും സോഷ്യൽ മീഡിയ ദിനമായി ആചരിക്കുകയാണ്. നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു ശരാശരി വ്യക്തി ദിവസവും മൂന്ന് മണിക്കൂറോളം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ കണക്ടിവിറ്റിയുടെ ഈ യുഗത്തിൽ, ആശയവിനിമയം, വിവരങ്ങൾ പങ്കിടൽ, മറ്റുള്ളവരുമായി ബന്ധപ്പെടൽ എന്നിവയിൽ സോഷ്യൽ മീഡിയ വലിയ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ആളുകളെ പരിചയപ്പെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും ഇത് ജനങ്ങളെ സഹായിക്കുന്നു.
പ്രമുഖ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമായ മാഷബിളാണ് 2010-ൽ ആദ്യമായി സോഷ്യൽ മീഡിയ ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ ലോകമെമ്പാടുമുള്ള വ്യക്തികളും സംഘടനകളും സോഷ്യൽ മീഡിയ പ്രേമികളും ഈ ദിനം ആഘോഷിച്ചു വരുന്നു. ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ നിർമ്മിക്കാനും പങ്കുവെക്കാനും കൈമാറാനും ആശയങ്ങളും തൊഴിൽ സാധ്യതകളും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങളെയാണ് പൊതുവെ സാമൂഹ്യ മാധ്യമങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ആശയവിനിമയത്തിൽ സോഷ്യൽ മീഡിയ എങ്ങനെ സഹായിക്കുന്നു എന്നതിലാണ് ഈ ദിനാചരണം ഊന്നൽ നൽകുന്നത്.
വർത്തമാനകാല മനുഷ്യ ജീവിതത്തിന്റെ ഓരോ സ്പന്ദനങ്ങളും ഇന്ന് സോഷ്യൽ മീഡിയയെ ആശ്രയിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ സമൂഹത്തിന് നൽകുന്ന സേവനങ്ങൾ എണ്ണമറ്റതാണെങ്കിലും, അതിന്റെ ദുരുപയോഗം പലരുടെയും ജീവിതം പ്രതിസന്ധികളിലാക്കുന്നുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. സോഷ്യൽ മീഡിയ വഴി ഉയരുന്ന ജനാഭിപ്രായങ്ങൾ സമൂഹത്തിൽ പല മാറ്റങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും, പുതിയ കൂട്ടായ്മകൾക്ക് ജന്മം നൽകുന്നുണ്ടെന്നും നാം കണ്ടറിയുന്ന സത്യമാണ്. സോഷ്യൽ മീഡിയയുടെ ശക്തിയിലൂടെ ലോകമെമ്പാടുമുള്ള വ്യക്തികളെയും ബിസിനസ്സുകളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ചു കൊണ്ടുവരാൻ സാധിക്കുന്നുണ്ട്.
എന്നാൽ, സോഷ്യൽ മീഡിയയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം പല ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഈ പ്ലാറ്റ്ഫോമുകൾ വഴി അതിവേഗം പ്രചരിക്കുകയും സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ, ഇവയുടെ തെറ്റായ ഉപയോഗം കാരണം സൈബർ കുറ്റകൃത്യങ്ങൾ പല രൂപത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവ ജനപ്രിയ സോഷ്യൽ നെറ്റ്വർക്കിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഈ പ്ലാറ്റ്ഫോമുകൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബ്രാൻഡുകളുമായും ചിന്തകളും ഫോട്ടോകളും വീഡിയോകളും പങ്കിടാൻ സഹായിക്കുന്നത് വഴി സാമൂഹികബന്ധം ശക്തിപ്പെടുത്തുന്നു. സോഷ്യൽ റിവ്യൂ സൈറ്റുകൾ, ബ്ലോഗുകൾ, യൂട്യൂബ് ഉൾപ്പെടെയുള്ള മീഡിയ പങ്കിടൽ പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയും സോഷ്യൽ മീഡിയയുടെ വിവിധ ഘടകങ്ങളാണ്.
സോഷ്യൽ മീഡിയ കാലഘട്ടത്തിന്റെ അനിവാര്യതയും ഒഴിച്ചുകൂടാനാവാത്ത ഒന്നുമായി മനുഷ്യ ജീവിതത്തിൽ പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത്, യാന്ത്രികമായി അതിന്റെ പിന്നാലെ പോയി വ്യക്തിത്വം നഷ്ടപ്പെടുന്ന ഒരു യുവതലമുറ ഉയർന്നു വരുന്നു എന്നത് സാമൂഹ്യബോധമുള്ളവർ ഗൗരവത്തോടെ വീക്ഷിക്കേണ്ട ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന മനുഷ്യരുടെ മൃദുല വികാരങ്ങൾ ചൂഷണം ചെയ്ത്, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് അവരെ പറ്റിക്കുന്നവരുടെ കഥകൾ വാർത്തയല്ലാതായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത്തരക്കാർ സൃഷ്ടിക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെയും വ്യാജ അക്കൗണ്ടുകൾ വഴി നമ്മൾ പറ്റിക്കപ്പെടുന്നതിനെതിരെയും കൃത്യമായ ബോധത്തോടുകൂടി സോഷ്യൽ മീഡിയയെ സമീപിക്കണം എന്നതാണ് ഈ ദിനം നൽകുന്ന പ്രധാന സന്ദേശം.
സോഷ്യൽ മീഡിയയുടെ ഉപയോഗത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: World Social Media Day highlights challenges like fake news and cybercrime.
#SocialMediaDay #FakeNews #Cybercrime #DigitalLiteracy #OnlineSafety #Kerala