SWISS-TOWER 24/07/2023

തന്നെ തരംതാഴ്ത്തിയതിന് പിന്നില്‍ സുരേന്ദ്രന്റെ വ്യക്തി വൈരാഗ്യം; ബിജെപി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കി ശോഭാ സുരേന്ദ്രന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.11.2020) തന്നെ തരംതാഴ്ത്തിയതിന് പിന്നില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വ്യക്തി വൈരാഗ്യമാണെന്നും തനിക്കെതിരെയുള്ള വ്യക്തിഹത്യയെക്കുറിച്ചു പാര്‍ട്ടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കി. ബിജെപി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചാണ് കത്തു നല്‍കിയത്.

ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്രമന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണു കത്തു നല്‍കിയത്. പാര്‍ട്ടിക്കുള്ളില്‍ ശക്തി സമാഹരണത്തിനുള്ള നീക്കവും ശോഭ തുടങ്ങി. പ്രമുഖ വനിതാ നേതാവ് കലാപക്കൊടി ഉയര്‍ത്തിയതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര സംഘര്‍ഷം പുകയുന്നു.
തന്നെ തരംതാഴ്ത്തിയതിന് പിന്നില്‍ സുരേന്ദ്രന്റെ വ്യക്തി വൈരാഗ്യം; ബിജെപി സംസ്ഥാന നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കേന്ദ്രനേതൃത്വത്തിന് കത്തു നല്‍കി ശോഭാ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേര്‍ത്ത് ശോഭാ സുരേന്ദ്രന്‍ അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനല്‍കിയത്. സംസ്ഥാന ജനറല്‍സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താന്‍ തുടരുമ്പോഴാണ് കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

ഈഴവ-പിന്നോക്ക സമുദായത്തില്‍നിന്ന് കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ പരിവാര്‍ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ എടുത്തുകാട്ടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി 2004-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നയാള്‍തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യനടത്തുന്നുവെന്ന് കേന്ദ്രനേതൃത്വത്തിനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്തേക്കുള്ള വഴിയാണ് അവര്‍ കാട്ടിത്തരുന്നത്. അപമാനിച്ച് പുറത്താക്കാനാണ് നീക്കമെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു.

അഞ്ചുവര്‍ഷം ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന തന്നെ ഏകപക്ഷീയമായി വൈസ് പ്രസിഡന്റായി തരം താഴ്ത്തുകയായിരുന്നുവെന്നു കത്തില്‍ ശോഭ കുറ്റപ്പെടുത്തി. സുരേന്ദ്രനുള്ള വ്യക്തി വൈരാഗ്യമാണ് ഇതിനു കാരണം. വ്യക്തിപരമായ അകല്‍ച്ചയുടെ കാരണത്തെക്കുറിച്ചും കത്തില്‍ വിശദമാക്കുന്നു. 

ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നു തനിക്കൊപ്പം ഒഴിവാക്കിയ എ എന്‍ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ആ വേദിയില്‍ നിന്നു പുറത്താക്കി. ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ ഒരാളുടെ പദവി മാറ്റം മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചു വേണമെന്നിരിക്കെ ഒ രാജഗോപാല്‍ അടക്കമുള്ളവരോട് ചര്‍ച്ച ചെയ്തില്ല. തന്നെ ഫോണില്‍ വിളിച്ചുപോലും ചോദിച്ചില്ലെന്നും ശോഭ പരാതിപ്പെടുന്നു.

ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിവാക്കിയോയെന്നു ചോദിച്ചപ്പോള്‍ 'യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ നിശ്ചയിച്ചത്' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സഹഭാരവാഹിയായ തനിക്കു യോഗ്യതയില്ലെന്നു പരസ്യമായി പറയുന്നത് അച്ചടക്ക ലംഘനമല്ലേ? പി എസ് ശ്രീധരന്‍പിള്ള പ്രസിഡന്റായിരുന്നപ്പോള്‍ 2004 ല്‍ വൈസ് പ്രസിഡന്റായ തന്റെ രാഷ്ട്രീയ ജീവിതത്തെ 16 വര്‍ഷം പിറകിലേക്കു കൊണ്ടുപോകുകയാണു അതേ പദവി നല്‍കി സുരേന്ദ്രന്‍ ചെയ്തത്. എന്നിട്ടും എട്ടുമാസമായി മൗനം പാലിക്കുകയും പാര്‍ട്ടിക്കെതിരെ ഒരു വാക്ക് പറയാതെ നോക്കുകയും ചെയ്തു.

അപ്പോള്‍ നവമാധ്യമങ്ങളെ ഉപയോഗിച്ചു ചിലര്‍ വ്യക്തിഹത്യ നടത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം ജില്ലയിലെ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച തന്നെ ആറ്റിങ്ങലിലേക്കു നാടു കടത്തിയതു സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും ചേര്‍ന്നാണെന്നും കത്തില്‍ ശോഭ ആരോപിച്ചു.

പാര്‍ട്ടിക്കകത്തു നിന്നു നേതൃത്വത്തിനെതിരെ ശബ്ദിക്കാനാണു തല്‍ക്കാലം ശോഭയുടെ തീരുമാനമെന്നാണു വിവരം. മുതിര്‍ന്ന നേതാക്കളായ കെ പി ശ്രീശന്‍, പി എം വേലായുധന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് അസംതൃപ്തരുടെ ഐക്യത്തിനുള്ള ശ്രമവും അവര്‍ തുടങ്ങി.

Keywords:  Sobha Surendran accuses K Surendran of trying to end her political career, Thiruvananthapuram, News, Politics, BJP, Letter, Allegation, K Surendran, Kerala.





Aster mims 04/11/2022


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia