Price Hike | പൊതുവിപണിയില്‍ അരിവില കൂടുന്നു, സാധാരണക്കാര്‍ പ്രതിസന്ധിയില്‍
കണ്ണൂര്‍: (KVARTHA) പൊതുവിപണിയില്‍ അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങളുടെ വില പിന്നെയും വാണം പോലെ കുതിക്കുന്നു. അരിയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഹോള്‍സെയില്‍ വ്യാപാരികള്‍ പറയുന്നത്. ഒരു കിലോ അരിക്ക് അമ്പത് പൈസ മുതല്‍ രണ്ടു രൂപവരെ വര്‍ധനവുണ്ട്. അനുദിനം വില കൂടി കൊണ്ടിരിക്കുന്ന സ്ഥിതിയാണ് വിപണിയില്‍. അതുപോലെ പലവ്യഞ്ജനങ്ങളുടെ വിലയും കൂടി വരികയാണ്. ചെറുപയര്‍, കടല, വമ്പയര്‍ തുടങ്ങിയവയ്ക്കും വില കൂടി കൊണ്ടിരിക്കുകയാണ്.
മൈദക്കും കടലപൊടിക്കും ആട്ടക്കും വില കൂടി കൊണ്ടിരിക്കുകയാണ്. ചാക്കിന് 60 രൂപ വരെയുള്ള വര്‍ധനവാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ആട്ടക്ക് കൂടിയത്. മൈദയ്ക്ക് കിലോയ്ക്ക് ഒരു രൂപയാണ് വര്‍ധിച്ചത്. പച്ചക്കറിയുടെ വിലയും കൂടുകയാണ്. വെളുത്തുള്ളിയുടെ വില നല്ല ഇനത്തിന് 320 രൂപവരെയാണ് ഹോള്‍ സെയില്‍ വില, റിട്ടെയിലാകുമ്പോള്‍ 320 മുതലാണ്.
ഗുണം കുറഞ്ഞവയ്ക്ക് 260 ഉം 280മാണ് വില. അതുപോലെ കാരറ്റിന്റെ വില സെഞ്ചുറിയും കടന്ന് കുതിക്കുകയാണ്. പച്ചമുളകിനും ഉണ്ട മുളകിനും ചേനക്കും എല്ലാം വില കൂടുകയാണ്. മല്ലിയിലക്ക് പോലും പിടിച്ചാല്‍ കിട്ടാത്ത വിധത്തില്‍ മുന്നേറുകയാണ് വില.
വിപണിയില്‍ വില കയറുമ്പോള്‍ ഇടപെടേണ്ടവര്‍ അനങ്ങാതെ ഇരിക്കുമ്പോള്‍ സാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിക്കുകയാണ്. വിപണിയിലെ വിലക്കയറ്റം ഹോട്ടലുകളെയും പ്രതിസന്ധിയിലാക്കുകയാണ്. അവര്‍ക്കും വില കൂട്ടാതെ ഭക്ഷണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചില ഹോട്ടലുകള്‍ ഊണിന് അഞ്ചുരൂപയുടെ വര്‍ധനവ് വരുത്തി കഴിഞ്ഞു. എന്നിട്ടും നഷ്ടമാണെന്നാണ് അവര്‍ പറയുന്നത്. വിപണിയില്‍ കുത്തനെ വില ഉയരുമ്പോള്‍ പിടിച്ച് നില്‍ക്കാന്‍ വില കൂട്ടാതെ രക്ഷയില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
വില കുതിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കും ആധി കയറിയിരിക്കയാണ്. അടുപ്പ് പുകയ്ക്കണമെങ്കില്‍ സാധനങ്ങള്‍ വേണ്ടെ. ഇത്രയും വില കൊടുത്ത് സാധനങ്ങള്‍ വാങ്ങി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം.