Sindhu Joy | 'ന്യൂസ്പ്രിന്റ് പൊതിഞ്ഞുവരുന്ന ബ്രൗണ്‍ പാകിങ് ഷീറ്റ് സുലഭമായി ഉള്ളപ്പോള്‍ എന്തിന് കൈതോലപ്പായ? തുറന്നെഴുതുമ്പോള്‍ സിപിഎമ്മില്‍ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും വ്യാഖ്യാനിക്കരുത്'; ചതിയുടെയും വഞ്ചനയുടെയും പുറംകരാറെടുത്ത് ചുരുക്കം ചിലര്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് സിന്ധുജോയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വ്യാജവേഷത്തില്‍ കൊട്ടിപ്പാടുന്ന ചിലര്‍ യഥാര്‍ഥ കമ്യൂനിസ്റ്റ് പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയി. ന്യൂസ്പ്രിന്റ് പൊതിഞ്ഞുവരുന്ന ബ്രൗണ്‍ നിറമുള്ള പാകിങ് ഷീറ്റ് സുലഭമായി ഉള്ളപ്പോള്‍ എന്തിന് കൈതോലപ്പായ ഉപയോഗിക്കണമെന്നും കാര്യങ്ങള്‍ തുറന്നെഴുതുമ്പോള്‍ സിപിഎമ്മില്‍ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും വ്യാഖ്യാനിക്കരുതെന്നും സിന്ധുജോയി ഫേസ്ബുകില്‍ കുറിച്ചു. 
Aster mims 04/11/2022

പ്രശസ്ത എഴുത്തുകാരി തസ്ലിമ നസ്രീനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രം  എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ എന്റെ തോല്‍വിക്ക് കാരണമായി. മുസ്ലിം സ്വാധീനമുള്ള ഇടങ്ങളില്‍ ഈ ചിത്രം പോസ്റ്റര്‍ അടിച്ച് പ്രദര്‍ശിപ്പിച്ച് 'അതിവിദഗ്ദമായി' ഉപയോഗിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

സിന്ധുജോയിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

തസ്ലിമ നസ്രീനും ചില നേരാങ്ങളമാരും 
തസ്ലിമ നസ്രീനെ നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല; ആരു മറന്നാലും എനിക്കങ്ങനെ മറക്കാനാവില്ലല്ലോ?. കാരണമുണ്ട്; എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ എന്റെ തോല്‍വിക്ക് ആയമ്മക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്! സത്യമാണത്.

പ്രശസ്ത എഴുത്തുകാരി, ഫെമിനിസ്റ്റ്, ഒപ്പം വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഡോക്ടറും. 'ലജ്ജ' എന്ന പേരിലുള്ള അവരുടെ നോവല്‍ ആസ്വാദക പ്രീതിയും അതിനേക്കാളേറെ വിവാദങ്ങളും നേടിയിട്ടുണ്ട്. തസ്ലിമ കേരളം സന്ദര്‍ശിച്ച വേളയിലെ ഒരു പൊതുചടങ്ങില്‍ ഞാനും അവരോടൊപ്പം പ്രസംഗിച്ചിട്ടുണ്ട്. യുവജന, വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ സംഘാടകരുടെ ക്ഷണം അനുസരിച്ചായിരുന്നു അത്. പത്രങ്ങളില്‍ ആ ചടങ്ങിന്റെ വാര്‍ത്തയും ചിത്രവും പതിവുപോലെ അച്ചടിച്ചുവന്നു. പ്രശസ്ത എഴുത്തുകാരിയായ അവര്‍ക്കൊപ്പം ഞാനൊരു ഫോട്ടോയുമെടുത്തു. ഞാന്‍ ഈ സംഭവം പാടേ മറന്നു.

എറണാകുളത്ത് മത്സരിക്കാന്‍  തീവണ്ടിയിറങ്ങിയ എന്നോട് ചിലര്‍ ആദ്യം തിരക്കിയത് തസ്ലിമ നസ്രീനൊപ്പമുള്ള ഫോട്ടോ കയ്യിലുണ്ടോ എന്നായിരുന്നു. ഇപ്പോള്‍ കൈവശമില്ലെന്നും ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടിയേക്കുമെന്നും ഞാന്‍ മറുപടി പറഞ്ഞു. ഈ ചിത്രം പ്രചാരണം അവസാനിക്കുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 'അതിവിദഗ്ദമായി' ഉപയോഗിച്ച് തുടങ്ങി. മുസ്ലിം സ്വാധീനമുള്ള ഇടങ്ങളില്‍ അവര്‍ ഈ ചിത്രം പോസ്റ്റര്‍ അടിച്ച് പ്രദര്‍ശിപ്പിച്ചു. മുസ്ലിം വിരുദ്ധതയാണ് സിന്ധു ജോയിയുടെ മുഖമുദ്ര എന്നായിരുന്നു ആ വ്യാജപ്രചാരണം. അന്നും ഇന്നും എന്റെ ആത്മസുഹൃത്തുക്കളില്‍ പലരും ഇസ്ലാം വിശ്വാസികളാണ്. അവര്‍ക്കൊപ്പം ആ വീടുകളില്‍ പലകുറി നോമ്പുതുറയില്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയുള്ള എന്നെയാണവര്‍ വര്‍ഗീയ കാര്‍ഡിറക്കി തറപറ്റിക്കാന്‍ ശ്രമിച്ചത്.

തൊട്ടടുത്ത മണ്ഡലമായിരുന്ന മുവാറ്റുപുഴയില്‍ 2004 ലോക്സഭാ ഇലക്ഷനില്‍ പി സി തോമസിന്റെ വിജയം കോടതി റദ്ദാക്കിയത് സമാനമായൊരു കാരണം കൊണ്ടാണെന്നതും ശ്രദ്ധേയം. മദര്‍ തെരേസയോടൊപ്പം നില്‍ക്കുന്ന ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചു എന്നതായിരുന്നു കാരണം. ഇരുതല മൂര്‍ച്ചയുള്ള ഒരായുധമായിരുന്നു ആ ചെറിയ ചിത്രം. 

പ്രചാരണത്തിനിടയില്‍ അവര്‍ നക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ഒരു ഉച്ചഭക്ഷണമായിരുന്നു ഞാന്‍ ഓര്‍മ്മിക്കുന്ന  മറ്റൊരു വാരിക്കുഴി!  പ്രചാരണവേളയില്‍ സ്ഥാനാര്‍ത്ഥിയല്ല സ്വന്തം ഭക്ഷണകാര്യം പോലും തീരുമാനിക്കുന്നത്. അതാത് പ്രദേശത്തെ പാര്‍ട്ടിയാണ് അതൊക്കെ ഒരുക്കുന്നത്. 

'ഇന്ന് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുള്ളത് ------- ഹോട്ടലില്‍ ആണ്'- എന്നോട് ഒരുദിവസം  പറഞ്ഞു. എനിക്ക് അപകടം മണത്തു. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ വേണോ ഉച്ചഭക്ഷണം? സ്ഥാനാര്‍ഥി പര്യടനം നടത്തുന്ന വാഹനവും അനുഗമിക്കുന്ന മറ്റ് വാഹനങ്ങളും ദേശീയ പാതയോരത്തെ ആ നക്ഷത്രഹോട്ടലിലേക്ക് ഓടിച്ചുകയറ്റി. എന്റെ പടവുംവച്ചുള്ള  വാഹനം അവിടെയിട്ട് മാധ്യമങ്ങളെ വിളിച്ചു വരുത്താനായിരുന്നു ശ്രമം. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു മടങ്ങുന്ന  കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങള്‍ക്ക് ചൂടുള്ള വിഭവമാകും തീര്‍ച്ച. ചൂട് വെള്ളത്തില്‍ വീണ പൂച്ചക്ക് ഏതു വെള്ളവും തിരിച്ചറിയാമല്ലോ? ഞാന്‍ നേതൃത്വത്തെ വിവരമറിയിച്ചു. ഇനി മുതല്‍ ഭക്ഷണം വീടുകളില്‍ ക്രമീകരിച്ചാല്‍ മതിയെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം. ഇതോടെ സൂത്രധാരന്റെ മുഖത്ത് ഇളിഭ്യച്ചിരി.

എറണാകുളത്ത് ഇല്ലെങ്കിലും അവിടുത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഒട്ടൊക്കെ ഞാന്‍ ഇപ്പോഴും അറിയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എം സ്വരാജ് മത്സരിക്കുന്നതിനും എത്രയോ മുന്‍പുതന്നെ അയാളെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇക്കൂട്ടര്‍ തുടങ്ങിയിരുന്നു!. ഇലക്ഷന് ഏതാണ്ട് എട്ടുമാസം മുന്‍പുതന്നെ സ്വരാജ് മനസില്‍പോലും ചിന്തിക്കാത്ത ചില കാര്യങ്ങളില്‍ അയാളെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചു കളി തുടങ്ങി. ചില ശബ്ദസന്ദേശങ്ങള്‍ പ്രചരിച്ചു തുടങ്ങി; ചിലതൊക്കെ എനിക്കും ലഭിച്ചു. ഞാനത് മറ്റൊരാള്‍ മുഖേന സ്വരാജിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു; ശ്രദ്ധിക്കാനും ഉപദേശിച്ചു. ആ തിരക്കിനിടയില്‍ സ്വരാജ് അത് ഗൗരവമായി എടുത്തോയെന്ന് എനിക്കറിയില്ല.

ഞാനിതൊക്കെ തുറന്നെഴുതുമ്പോള്‍ സിപിഎമ്മില്‍ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും ആരും വ്യാഖ്യാനിക്കരുത്. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങളും കോടിക്കണക്കിന് അനുഭാവികളുമുള്ള ഒരു പാര്‍ട്ടിയാണ് അത്. അതില്‍ സൂക്ഷ്മദര്‍ശിനി കൊണ്ടു നോക്കിയാല്‍ മാത്രം കാണാനാവുന്ന വളരെ ചെറിയൊരു ന്യൂനപക്ഷമാണ് ചതിയുടെയും വഞ്ചനയുടെയും പുറംകരാര്‍ എടുത്ത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നത്. ഇത്തരക്കാര്‍ക്ക് പലകാലങ്ങളിലും പല പേരായിരിക്കും; യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ വ്യാജവേഷത്തിലാവും അവര്‍ കൊട്ടിപ്പാടുക.

എന്നെ ഹൃദയപൂര്‍വം സ്‌നേഹിച്ച അനേകായിരം പേരുള്ള പാര്‍ട്ടിയാണ് ഇത്. എനിക്കുനല്‍കാന്‍  പൊതിച്ചോറുകെട്ടി വഴിയോരത്ത് കാത്തുനിന്ന അമ്മമാര്‍, കുടുക്ക പൊട്ടിച്ച് അവരുടെ കുഞ്ഞുസമ്പാദ്യം എണ്ണിനോക്കാതെ എനിക്കുതന്ന കൊച്ചു സഹോദരങ്ങള്‍, രാവെളുപ്പോളം പോസ്റ്റര്‍ ഒട്ടിക്കാനും ചുവരെഴുതാനും വീടുവീടാനന്തരം കയറാനും ഹൃദയം നല്‍കിയ എത്രയോ ആളുകള്‍. എന്റെ മരണം വരെ എന്റെ ഹൃദയത്തിലും മിഴികളിലും നിങ്ങളുണ്ടാവും പ്രിയ സഖാക്കളേ...

'കൈതോലപ്പായ' വിവാദത്തിനെതിരെ പ്രതികരിച്ചു കൊണ്ടാണല്ലോ ഞാനെന്റെ വാല്മീകത്തില്‍ നിന്ന് പുറത്തുവന്നത്.  കലൂരിലെ ദേശാഭിമാനി പത്രത്തിന്റെ ഓഫീസില്‍ നിന്ന് കൈതോലപ്പായയില്‍ കെട്ടി പണം കൊണ്ടുപോയി എന്നായിരുന്നല്ലോ ആരോപണം. പത്രം അച്ചടിക്കാനുള്ള ന്യൂസ്പ്രിന്റ് പൊതിഞ്ഞുവരുന്ന ബ്രൗണ്‍ നിറമുള്ള പാക്കിങ് ഷീറ്റിന് കൈതോലപ്പായയേക്കാള്‍ കട്ടിയുണ്ട്; ഉറപ്പുമുണ്ട്. നാലുവാര നടന്നാല്‍ ദേശാഭിമാനി പ്രസ്സില്‍ സുലഭമായി  കിട്ടുന്ന ഈ പാക്കിങ് ഷീറ്റ് ഉള്ളപ്പോള്‍  ആരാണ് പാതിരാത്രിയില്‍ ഓലപ്പായ തേടി പോകുന്നത്. ഒരു സംശയം ചോദിച്ചെന്നേയുള്ളൂ; നെടുവീര്‍പ്പും വിലാപവുമായി വീണ്ടും വന്നേക്കരുത്! 

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ എരിവും പുളിയും ചേര്‍ക്കാനും അതുവഴി ഇക്കിളികോവാലന്മാര്‍ക്ക് ക്ലിക്കും വ്യൂവും വരുമാനവും ഉണ്ടാക്കാനും ഒരു പഴകിപ്പാടിയ നുണയുടെ 'മസാല തുണ്ട്', പത്രങ്ങള്‍ക്കു പൊലിമയുള്ള തലക്കെട്ട് ചമയ്ക്കാന്‍ 'കൈതോലപ്പായ' എന്ന പ്രയോഗം, ഡിബേറ്റുകള്‍ക്കായി കോടികളുടെ അഴിമതി ആരോപണം. 'ബ്ലോക്ക് ബസ്റ്റര്‍' ആകേണ്ടതായിരുന്നു തിരക്കഥ. പക്ഷേ, സംവിധാനം അല്‍പ്പമൊന്നു പാളിപ്പോയി! അല്ലെങ്കില്‍ത്തന്നെ 'പ്രൊപ്പഗാണ്ട സിനിമ'കളുടെയെല്ലാം തലവിധി ആണല്ലോ അത്!

സഖാവ് പിണറായി വിജയനെക്കുറിച്ചുള്ള ചെറിയൊരു ഓര്‍മയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ഞാനറിയുന്ന സഖാവ് വിജയേട്ടന്‍ ആരുടെ കയ്യില്‍നിന്നും സമ്മാനങ്ങളോ സഹായങ്ങളോ സ്വീകരിക്കാറില്ല. ഒരു സംഭവം ഞാനോര്‍മിക്കുന്നു. ജപ്പാനില്‍ എല്ലാക്കൊല്ലവും മുടങ്ങാതെ സംഘടിപ്പിക്കുന്നതാണ് 'ഹിരോഷിമ - നാഗസാക്കി അനുസ്മരണം'. ഒരിക്കല്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ ഞാനും അതില്‍ ക്ഷണിക്കപ്പെട്ടു. ജപ്പാനില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്ക് ചെറിയൊരു ഉപഹാരം ഞാന്‍ കരുതിയിരുന്നു. ജപ്പാന്‍ രീതിയിലുള്ള ചെറിയ ചായക്കപ്പുകളുടെ  ഒരു  സെറ്റ്. എകെജി സെന്ററില്‍ ഞാനത് സഖാവിനു നല്‍കി. സ്‌നേഹപൂര്‍വം അത് നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഞാന്‍ ഇന്നുമോര്‍ക്കുന്നു: 'പാര്‍ട്ടി സെക്രട്ടറി ഇങ്ങനെയുള്ള സമ്മാനങ്ങളൊന്നും സ്വീകരിച്ചുകൂടാ.' എനിക്കും ഒപ്പമുള്ള മറ്റു വിദ്യാര്‍ത്ഥി സഖാക്കള്‍ക്കും ഒരു പാഠം കൂടി ആയിരുന്നു. 

ഒരു ധാര്‍ഷ്ട്യക്കാരന്റെ ആസ്ഥാനപട്ടം ചാര്‍ത്തിക്കൊടുത്ത് പലരും വേട്ടയാടിയ ഒരു നേതാവാണ് സഖാവ് പിണറായി. പലകുറി എഴുതിയും പറഞ്ഞും പഴിചാരിയും നിരന്തരം വേട്ടയാടപ്പെടുന്ന ഒരാള്‍; വെട്ടിയും കോറിയും കരിവാരിത്തേച്ചും വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കുന്ന ആര്‍ജവമുള്ള നേതൃമുഖം. ആ കുടുംബം കൂടി പുകപടലങ്ങളില്‍ ശ്വാസം മുട്ടുന്നു എന്നുമാത്രം. അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഇപ്പോഴത്തെ  കര്‍ക്കിടകക്കാറ്റിലും പറന്നാടുകയാണ്. 

ഒരു നുണ പലകുറി ആവര്‍ത്തിച്ചാല്‍ അത് സത്യമെന്നു ജനം വിശ്വസിക്കുമെന്ന പ്രൊപ്പഗാണ്ടയുടെ പ്രമാണം വിജയകരമായി ആദ്യം പരീക്ഷിച്ചത് ജോസഫ് ഗീബല്‍സ്; ഗീബല്‍സിന്റെ ഇളമുറക്കാര്‍ ശക്തിമാന്മാരായി വട്ടമിട്ടു നടക്കുന്നുണ്ട് നമുക്കു ചുറ്റും. രാഷ്ട്രീയ ആരോപണങ്ങള്‍ പലതും എത്രത്തോളം ബാലിശവും അടിസ്ഥാന രഹിതവും അതിക്രൂരവുമാണെന്ന് തെളിയിക്കാന്‍ എന്റെ ജീവിതം തന്നെ സാക്ഷി!

Sindhu Joy | 'ന്യൂസ്പ്രിന്റ് പൊതിഞ്ഞുവരുന്ന ബ്രൗണ്‍ പാകിങ് ഷീറ്റ് സുലഭമായി ഉള്ളപ്പോള്‍ എന്തിന് കൈതോലപ്പായ? തുറന്നെഴുതുമ്പോള്‍ സിപിഎമ്മില്‍ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും വ്യാഖ്യാനിക്കരുത്'; ചതിയുടെയും വഞ്ചനയുടെയും പുറംകരാറെടുത്ത് ചുരുക്കം ചിലര്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് സിന്ധുജോയി


 


Sindhu Joy | 'ന്യൂസ്പ്രിന്റ് പൊതിഞ്ഞുവരുന്ന ബ്രൗണ്‍ പാകിങ് ഷീറ്റ് സുലഭമായി ഉള്ളപ്പോള്‍ എന്തിന് കൈതോലപ്പായ? തുറന്നെഴുതുമ്പോള്‍ സിപിഎമ്മില്‍ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും വ്യാഖ്യാനിക്കരുത്'; ചതിയുടെയും വഞ്ചനയുടെയും പുറംകരാറെടുത്ത് ചുരുക്കം ചിലര്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് സിന്ധുജോയി


Keywords:  News, Kerala, Kerala-News, News-Malayalam, Sindhu Joy, Social Media, Facebook Post, CM, Pinarayi Vijayan, Social-Meida-News, Sindhu Joy's social media post about CM Pinarayi Vijayan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia