Silverline Project | 'സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാമെന്നൊരു തീരുമാനം കേന്ദ്ര- സംസ്ഥാന സര്‍കാരുകള്‍ എടുത്തിട്ടില്ല; 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുള്ളതാണ് പദ്ധതി'; നടപടി തുടരുന്നുവെന്ന് കെ റെയില്‍
Nov 21, 2022, 15:29 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ റെയില്‍. നിര്‍ദിഷ്ട കാസര്‍കോട്- തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപോക്ഷിക്കാനുള്ള ഒരു തീരുമാനവും കേന്ദ്ര സര്‍കാരോ സംസ്ഥാന സര്‍കാരോ എടുത്തിട്ടില്ല. പദ്ധതിക്ക് കേന്ദ്ര സര്‍കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണെന്നും കെ റെയില്‍ വ്യക്തമാക്കി.
റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്, കേരളത്തിന്റെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി. അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പിച്ചിട്ടുണ്ട്.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിന് ഹഡ്‌കോ (ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍) നല്‍കാമെന്നേറ്റ 3000 കോടി രൂപയുടെ അംഗീകാരപത്രത്തിന്റെ കാലാവധി രണ്ടാഴ്ച മുന്‍പ് അവസാനിച്ചു. പുതുക്കാനുള്ള അപേക്ഷ കെ റെയില്‍ നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പദ്ധതി സര്‍കാര്‍ ഉപേക്ഷിക്കുന്നെന്ന തരത്തിലുള്ള റിപോര്‍ട് പ്രചരിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജികല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടെയും നിലവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടെയും റെയില്‍വേ ക്രോസുകളുടെയും വിശദമായ രൂപരേഖ സമര്‍പിക്കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്.
2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ-റെയില്‍ നേരത്തേതന്നെ മറുപടി നല്‍കിയിരുന്നു.
റെയില്‍വേ ഭൂമിയുടെയും ലെവല്‍ ക്രോസുകളുടെയും വിശദാംശങ്ങള്‍ക്കായി കെ-റെയിലും ദക്ഷിണ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിന് ഏറ്റെടുക്കേണ്ടി വരുന്ന ഇന്‍ഡ്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നുപോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്‍ഡ്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയില്‍ അറിയിച്ചു.
Keywords: News,Kerala,State,Top-Headlines,Trending,Politics,Government,Central Government,Latest-News, Silverline Project Has Not Been Abandoned, Says K- Rail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.