Sidharth's death | സിദ്ധാർഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി അട്ടിമറിക്കാൻ ശ്രമമെന്ന് മുഹമ്മദ് ശമ്മാസ്

 


കണ്ണൂർ: (KVARTHA) പൂക്കോട് വെറ്റിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ തുടക്കം മുതൽ ആസൂത്രിത നീക്കമെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി മുഹമ്മദ് ശമ്മാസ് കണ്ണൂർ ഡിസിസി. ഓഫീസിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് രേഖകളിൽ അടക്കം പൊരുത്തക്കേടുകൾ ഉണ്ടെന്നും കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അട്ടിമറി നടന്നിരിക്കുകയാണെന്നും അട്ടിമറി സംഭവങ്ങൾക്ക് പിന്നിൽ ദൃശ്യം സിനിമയുടെ തിരക്കഥയെ വെല്ലുന്ന തിരക്കഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Sidharth's death | സിദ്ധാർഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി അട്ടിമറിക്കാൻ ശ്രമമെന്ന് മുഹമ്മദ് ശമ്മാസ്

ഇത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്നത് ആത്മഹത്യയാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നീക്കങ്ങൾ പൊലീസിന്റെയും ഡീനിന്റേയും ഭാഗത്തുനിന്നുണ്ടായി. സംഭവം നടന്ന ദിവസം വൈത്തിരി പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ എഫ്ഐആർ നമ്പർ 77/2024 ൽ തന്നെ അട്ടിമറി നീക്കത്തിനുള്ള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്ഐആറിൽ 'ടിയാൻ ഏതോ മാനസിക വിഷമത്താൽ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടു' എന്ന് രേഖപ്പെടുത്തിയതിൽ തന്നെ ദുരൂഹതയുണ്ട്.

അതുപോലെതന്നെ എഫ്ഐആറിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം നടന്നത് 12:30നും 1:45 നും ഇടയിലാണെന്ന് വ്യക്തമാണ്. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ട് വൈകിട്ട് 4:29നാണ് പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത് എന്ന എഫ്ഐആറിലെ വിവരവും കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. പൊലീസ് രേഖകൾ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളിൽ മൃതദേഹം വൈത്തിരി ആശുപത്രിയിൽ നിന്നും ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്. ഇതിനിടയിൽ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് ഡ്രൈവർ ഉദ്ദേശം 3.30 ന് കാംപസ് ഡീനിനേയും മറ്റു വിദ്യാർഥികളെയും വൈത്തിരി പൊലീസ് സ്റ്റേഷനിൽ വച്ച് കാണുകയും ചെയ്തിട്ടുണ്ട്.



ആ സമയത്താണ് സംഭവം സിദ്ധാർഥിന്റെ വീട്ടിൽ അറിഞ്ഞു എന്ന് ആംബുലൻസ് ഡ്രൈവറിൽ നിന്നും ഡീനിന് മനസിലാവുന്നത്. അതുപോലെതന്നെ ആത്മഹത്യയാണെന്ന മുൻവിധിയോട് കൂടിയുള്ള സമീപനമാണ് തുടക്കം മുതൽ കാംപസ് ഡീൻ എം കെ നാരായണൻ സ്വീകരിച്ചതും. കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫെബ്രുവരി 22ന് ഡീൻ പുറത്തിറക്കിയ ഉത്തരവിലും ബോധപൂർവം തന്നെ സിദ്ധാർഥ് ആത്മഹത്യ ചെയ്തതാണെന്ന് രേഖപ്പെടുത്തിയതും ദുരൂഹത വർധിപ്പിക്കുന്നു.

ഫെബ്രുവരി 24ന് ശേഷമാണ് പോസ്റ്റ്മോർടം റിപോർട് പോലും പുറത്ത് വന്നത് എന്നതും ഇവിടെ പ്രസക്തമാണ്. അത് പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുള്ള സിദ്ധാർത്ഥന്റെ ചിത്രവും ചില സംശയങ്ങൾക്കും ദുരൂഹതകൾക്കും വഴിവെക്കുന്നതാണ്. എസ്എഫ്ഐ നേതാക്കളായ പ്രതികളുടെ റിമാൻഡ് റിപോർടിൽ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മർദിച്ചുവെന്ന് വ്യക്തമാണ്. അതേ രീതിയിൽ വിവസത്രനായി തന്നെയാണ് സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്‌ലറ്റും സിദ്ധാർത്ഥന്റെ മുറിയും തമ്മിൽ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാർത്ഥൻ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. പ്രത്യേകിച്ചും രണ്ട് ദിവസങ്ങളായി നിരന്തരം മർദനങ്ങൾ ഏറ്റ് അവശ നിലയിലുള്ള ഒരാൾ.

അത് പോലെ തന്നെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരിൽ നടന്ന മുൻകരുതൽ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകൾ നിറഞ്ഞതും സംഭവത്തിൽ ഡീൻ ഉൾപ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണ്. മൃതദേഹം പോസ്റ്റുമോർടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നുവെന്നും ശമ്മാസ് കൂട്ടിച്ചേർത്തു.

Keywords: Sidharth's death, Veterinary, Crime, Kannur, Pookode, Collage, Murder, Suicide, KSU, Vice President, DCC, Press Meet, Vythiri, Police, FIR, Bathery, Ambulance, Postmortem, Campus, SFI, Report, Remand, Sidharth's death: P Muhammed Shammas slams police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia