AC Side Effects | നിങ്ങള്‍ കൂടുതല്‍ സമയവും എസി മുറികളിലാണോ? എങ്കില്‍ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍

 


കൊച്ചി: (KVARTHA) ഇത് വേനല്‍ കാലമാണ്. കടുത്ത ചൂടുകാരണം ഒരിടത്ത് ഇരിക്കാനോ നില്‍ക്കാനോ പറ്റാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ അവസരത്തില്‍ ധാരാളം വെള്ളം കുടിക്കുന്നതും പതിവാണ്. ചൂടില്‍ നിന്നും അല്‍പം ശമനം കിട്ടുന്നതിനായി ഇന്ന് പലരും വീടുകളില്‍ എയര്‍ കണ്ടീഷണര്‍ വാങ്ങുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അതുകൊണ്ടുതന്നെ അമിത ചൂട് സഹിക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ എസി മുഴുവന്‍ സമയങ്ങളിലും ഉപയോഗിക്കുന്നത് പതിവാണ്.

AC Side Effects | നിങ്ങള്‍ കൂടുതല്‍ സമയവും എസി മുറികളിലാണോ? എങ്കില്‍ കാത്തിരിക്കുന്നത് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍

ഇന്നത്തെ കാലത്ത് വാഹനങ്ങളിലും എസി ഉള്ളതിനാല്‍ പിന്നെ ഒന്നും പറയുകയേ വേണ്ട. യാത്രയിലും സുഖം. എന്നാല്‍ ദീര്‍ഘനേരം എസികളില്‍ തുടരുന്നത് ചില ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ചൂടുള്ള കാലാവസ്ഥയില്‍ എസി എത്ര തണുപ്പും വിശ്രമവും നല്‍കുന്നുണ്ടെങ്കിലും, അത് ശരീരത്തില്‍ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തെല്ലാം ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

ശ്വസന പ്രശ്‌നങ്ങള്‍

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നത് മൂക്കിലും തൊണ്ടയിലും കണ്ണിലും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വരണ്ട തൊണ്ട, റിനിറ്റിസ്, മൂക്കില്‍ അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടാം. മൂക്കിലെ കഫ മെംബറേനില്‍ വീക്കം ഉണ്ടാക്കുന്ന അവസ്ഥയാണ് റിനിറ്റിസ്. വൈറല്‍ അണുബാധ മൂലമോ അലര്‍ജി പ്രതിപ്രവര്‍ത്തനം മൂലമോ ആണ് ഇത് സംഭവിക്കുന്നത്.

ആസ്ത്മയും അലര്‍ജിയും

ആസ്ത്മയോ അലര്‍ജിയോ ഉള്ളവരില്‍ എസിയുടെ അമിത ഉപയോഗം ആരോഗ്യാവസ്ഥ വഷളാക്കും. അലര്‍ജിയുള്ളവരില്‍, വീട്ടിലെ എസി വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയില്ലെങ്കിലും, സിനിമ തിയേറ്റര്‍ പോലെയുള്ള സ്ഥലങ്ങളിലെ എസി ആസ്ത്മ അല്ലെങ്കില്‍ അലര്‍ജി ഉള്ളവരുടെ സ്ഥിതി കൂടുതല്‍ വഷളാക്കും. എസി ശരിയായി വൃത്തിയാക്കുകയും പരിപാലിക്കുകയും വേണം. മറിച്ചായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

*അലസത

ഏറെ നേരം എസിയില്‍ ഇരിക്കുന്നവരില്‍ അലസതയും മന്ദതയും ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ എസിക്ക് പകരം പ്രകൃതിദത്ത വെന്റിലേഷന്‍ ആയിരിക്കും കൂടുതല്‍ ഫലപ്രദം.

*തലവേദന


എസി കാരണം നിര്‍ജലീകരണം സംഭവിക്കുന്നതിനാല്‍ തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകുന്നു. മൈഗ്രെയിനിന്റെ കാര്യത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു കാരണമാണ് നിര്‍ജലീകരണം. എസി മുറികളില്‍ കയറി ഇറങ്ങുമ്പോഴോ, ഏറെ നേരം എസിയിലിരുന്ന് പെട്ടെന്ന് പുറത്ത് ചൂടില്‍ പോകുമ്പോഴോ തലവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ, എസി മുറികള്‍ ശരിയായി പരിപാലിക്കാത്ത സന്ദര്‍ഭങ്ങളിലും തലവേദനയും മൈഗ്രേനും ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*ചൊറിച്ചില്‍ ഉള്ള വരണ്ട ചര്‍മം

എസിയില്‍ ഇരിക്കുന്നതിനൊപ്പം അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ചര്‍മത്തെ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ചര്‍മം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയേക്കാം, എന്നാല്‍ വരണ്ട ചര്‍മം മൂലമുണ്ടാകുന്ന വിഷമതകള്‍ നീണ്ടുനിന്നേക്കാം എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

*വരണ്ട കണ്ണുകള്‍


വരണ്ട കണ്ണുകളാണെങ്കില്‍, എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ഈ പ്രശ്‌നം വഷളാക്കും. മാത്രമല്ല, കൂടുതല്‍ ചൊറിച്ചിലും അലര്‍ജിയും അനുഭവപ്പെടും. ഡ്രൈ ഐ സിന്‍ഡ്രോം ഉള്ളവര്‍ എസിയില്‍ അധികനേരം നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

*പകര്‍ച്ചവ്യാധികള്‍

കൂടുതല്‍ നേരം എസിയില്‍ ഇരിക്കുന്നത് മൂക്ക് വരണ്ടതാക്കും. കഫം മൂലമുണ്ടാകുന്ന അസ്വസ്ഥതകളോ കഫം ഉണങ്ങുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളോ അനുഭവപ്പെടാം. അതോടൊപ്പം നാസികാ ദ്വാരത്തില്‍ മ്യൂക്കസിന്റെ അഭാവം ഉണ്ടാകുന്നതിനാല്‍ വൈറല്‍ അണുബാധയ്ക്കുള്ള സാധ്യതയും വര്‍ധിക്കുന്നു.

*നിര്‍ജലീകരണം

മറ്റ് മുറികളെ അപേക്ഷിച്ച് എസി ഉള്ള മുറികളില്‍ നിര്‍ജലീകരണ നിരക്ക് കൂടുതലാണ്. എസി, മുറിയില്‍ നിന്ന് വളരെയധികം ഈര്‍പ്പം വലിച്ചെടുക്കുന്നതിനാല്‍, നിര്‍ജലീകരണം അനുഭവപ്പെട്ടേക്കാം. കുറഞ്ഞ താപനിലയിലാണ് എസി സജ്ജീകരിച്ചിരിക്കുന്നതെങ്കില്‍ നിര്‍ജലീകരണ തോത് കൂടുകയും ഇത് അവഗണിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

Keywords: Side Effects of AC (Air Conditioner): We Should Watch Out For, Kochi, News, Side Effects of AC, Health, Warning, Doctors, Health Problems, Health and Fitness, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia