Police Custody | സിദ്ധാര്‍ഥിന്റെ മരണം: മുഖ്യപ്രതിയടക്കം കേസിലെ 18 പേരും പിടിയില്‍

 

കല്പറ്റ: (KVARTHA) പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ്. ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

സിന്‍ജോ ജോണ്‍സണിന്റെ പേര് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പല തവണ സിദ്ധാര്‍ഥിന്റെ പിതാവ് ആവര്‍ത്തിച്ചിരുന്നു. മകന്റെ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ അവിടെ എത്തിയ സഹപാഠികളായ കുട്ടികള്‍ തന്നോട് സിന്‍ജോ ജോണ്‍സണ്‍ ആണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പറഞ്ഞിരുന്നു എന്നായിരുന്നു പിതാവിന്റെ വെളിപ്പെടുത്തല്‍. അതുകൊണ്ടുതന്നെയാണ് സിന്‍ജോയെ മുഖ്യപ്രതിയായി സംശയിക്കുന്നത്.

Police Custody | സിദ്ധാര്‍ഥിന്റെ മരണം: മുഖ്യപ്രതിയടക്കം കേസിലെ 18 പേരും പിടിയില്‍

സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ അജയ് (24), കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ അല്‍ത്താഫ് (21,) കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആര്‍ എസ് കാശിനാഥന്‍ (25), മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. സിന്‍ജോയെ കല്പറ്റയില്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

ബംഗ്ലൂരുവില്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരവേ ബന്ധുവീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്പെക്ടര്‍ എസ് എച് ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുക്കുന്നത്.

പൊലീസ് സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡി വൈ എസ് പി ടി എന്‍ സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.

കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പൊലീസ് ലുകൗട് നോടിസ് പുറത്തിറക്കിയിരുന്നു. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് ലുകൗട് നോടിസ് ഇറക്കിയത്. ഇതിനു പിന്നാലെയാണ് കാശിനാഥന്‍ അടക്കമുള്ളവര്‍ പൊലീസിന്റെ പിടിയിലായത്.

സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ഥിനെതിരെ നടന്നതെന്നാണ് പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണ, ആരും സഹായത്തിന് എത്താത്ത നിസ്സഹായത, ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ടത്തില്‍ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മര്‍ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കേസില്‍ ഉള്‍പെട്ട എസ് എഫ് ഐ യൂനിറ്റ് സെക്രടറി അമല്‍ ഇഹ്സാന്‍, കോളജ് യൂനിയന്‍ പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ ആറു പ്രതികളുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കല്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി തള്ളി.

അതിനിടെ, ആള്‍ക്കൂട്ട വിചാരണയിലും മര്‍ദനത്തിലും പങ്കാളികളായ 19 വിദ്യാര്‍ഥികള്‍ക്ക് വെറ്ററിനറി സര്‍വകലാശാല മൂന്നുവര്‍ഷത്തേക്ക് പഠനവിലക്കേര്‍പ്പെടുത്തി. വെറ്ററിനറി കോളജില്‍ നിന്ന് പുറത്താക്കിയ ഇവര്‍ക്ക് ഇക്കാലയളവില്‍ രാജ്യത്തെ ഒരു കോളജിലും പ്രവേശനംനേടാന്‍ കഴിയില്ല. കോളജിലെ ആന്റി റാഗിങ് സെല്‍ യോഗമാണ് റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തത്.

സംഘം ഭീഷണിപ്പെടുത്തിയതിനാല്‍ മര്‍ദിക്കേണ്ടിവന്നവരും വീട്ടില്‍ പോയ സിദ്ധാര്‍ഥനെ തിരിച്ചുവരാന്‍ ഫോണ്‍ വിളിച്ചവരുമുള്‍പെടെയുള്ള 10 പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് പരീക്ഷയില്‍ നിന്നും ക്ലാസില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി. ഇവരെ ഹോസ്റ്റലില്‍നിന്നും പുറത്താക്കി. മര്‍ദനമേറ്റനിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയില്‍ എത്തിക്കാത്ത രണ്ടു സഹപാഠികളെ ഇന്റേണല്‍ പരീക്ഷയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

അക്രമം കണ്ടിട്ടും ആരെയും അറിയിക്കാത്ത, സംഭവം നടന്ന 16 മുതല്‍ 18 വരെ തീയതികളില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍ പേരെയും മാതൃകാ ശിക്ഷ എന്ന നിലയില്‍ ഏഴു പ്രവൃത്തി ദിവസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. 31 കുട്ടികള്‍ക്കാണ് പരസ്യ വിചാരണയില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. അവര്‍ക്കെതിരേയാണ് ഗുരുതരമായ നടപടികള്‍ സ്വീകരിച്ചത്. 31-ല്‍ 19 പേരാണ് മൃഗീയമായി പെരുമാറിയത്. അതില്‍ 18 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Siddharth's death: all accused in police Custody, Wayanad, News, Crime, Criminal Case,  Siddharth's Death, Accused, Police Custody, Lookout Notice, Kerala News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia