Teacher's Response | കുട്ടികളുടെ ചിലവിൽ അധ്യാപകർ വിനോദ യാത്രയ്ക്ക് പോകാൻ പാടുണ്ടോ? ഒരു അധ്യാപകന്റെ വൈറൽ കുറിപ്പ്
ADVERTISEMENT
● ഒരു അധ്യാപകൻ എഴുതിയ കുറിപ്പാണ് സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയിരിക്കുന്നത്.
● സ്കൂളിൽ കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോൾ നേരിടുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് വിശദീകരിച്ചു.
മിൻ്റാ സോണി
(KVARTHA) ഇപ്പോൾ സ്‌കൂളുകളിൽ കുട്ടികൾക്ക് ടൂർ പ്രോഗ്രാമുകളുടെ കാലമാണ്. സ്കൂളുകളിൽ നിന്ന് കുട്ടികളെയും കൊണ്ട് വിവിധ സ്ഥലങ്ങളിലേയ്ക്ക് ടൂർ പോകുന്ന സമയം. ദിവസവും പാഠപുസ്തകങ്ങൾക്ക് മുൻപിൽ തളച്ചിടപ്പെടുന്ന കുട്ടികൾക്ക് സ്‌കൂളിൽ നിന്നുള്ള ഈ വിനോദയാത്രകൾ ഒരു ഉത്സവമാണ്. അവരുടെ മനസ്സിന് ഒരു പുതിയ ഉന്മേഷം പകരും. കുട്ടികളെയും കൊണ്ടുള്ള സ്‌കൂൾ ടൂറിൽ കുട്ടികൾക്ക് കൂട്ടായി അവരെ അനുഗമിക്കാൻ ഏതാനും ചില അധ്യാപകർ ഉണ്ടാവും.
അവർ അവരുടെ കുടുംബവും സമയവും ഒക്കെ ഉപേക്ഷിച്ചാണ് ഇങ്ങനെ തങ്ങളുടെ കുട്ടികൾക്ക് കുട്ടായി ടൂർ പോകാൻ എത്തുന്നത്. ഇപ്പോൾ അതിനെയും വിമർശിച്ച് ചിലർ രംഗത്ത് എത്തിയിരിക്കുകയാണ്. പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിർദേശമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
മന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിച്ചും അഭിനന്ദിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. ഈ അവസരത്തിൽ തന്നെ കുട്ടികളുടെ ചിലവിൽ അധ്യാപകർ ടൂർ പോകാൻ പാടുണ്ടോ, സ്കൂൾ ടൂർ അധ്യാപകർക്ക് ചെലവില്ലാതെ എൻജോയ് ചെയ്യാനാണ് എന്ന മട്ടിലൊക്കെയുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും നിറയുന്നത്. ഇതിന് മറുപടി കൊടുത്തുകൊണ്ട് ഒരു അധ്യാപകൻ എഴുതിയ കുറിപ്പാണ് സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ വിധികർത്താക്കൾ സ്കൂൾ ടൂർ ടീച്ചേഴ്‌സിന് ചെലവില്ലാതെ എൻജോയ് ചെയ്യാനാണ് എന്ന മട്ടിൽ ചർച്ച നടക്കുന്നു. ഒരു മറുപടി എഴുതണം എന്ന് കരുതിയിരിക്കുമ്പോഴാണ് മറ്റൊരാളുടെ മറുപടി ശ്രദ്ധയിൽ പെട്ടത്. സ്കൂളിൽ നിന്ന് ടൂർ പോയിരിക്കുമ്പോഴാണ് എഫ്.ബി യിലെ ഒരു ചർച്ചാ വിഷയം ശ്രദ്ധയിൽ പെട്ടത്. കുട്ടികളുടെ ചിലവിൽ അധ്യാപകർ ടൂർ പോകാൻ പാടുണ്ടോ എന്ന്.
അധ്യാപകരെ തെറി വിളിക്കാൻ കിട്ടിയ അവസരമല്ലേ അധ്യാപകരല്ലാത്ത സകല അഭിപ്രായ പ്രിയരും സടകുടഞ്ഞെണീറ്റു. തലങ്ങും വിലങ്ങും പ്രഹരം.. വ്യക്തിപരമായി ഓരോരുത്തർ എനിക്ക് നേരിട്ടും അയച്ചു.. സമയ പരിമിതിയിൽ മറുപടി കൊടുക്കാൻ കഴിഞ്ഞില്ല.. അധ്യാപകരോട് അഭിപ്രായം ചോദിച്ചാൽ ടൂറ് തന്നെ നിർത്തലാക്കണം എന്നേ പറയു.. ഞങ്ങൾക്ക് ആരുടെയും ചിലവിൽ ടൂർ പോകാൻ മോഹമില്ല.. എല്ലാ രക്ഷകർത്താക്കളും സ്വന്തം മക്കളെ കൂട്ടി ടൂർ പോകു.. ഞങ്ങൾക്ക് അതിൽ പരം സന്തോഷം വേറെ ഒന്നുമില്ല എന്നറിയിക്കുന്നു.
ഓരോ വർഷം കഴിയുന്തോറും ഞങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം ചില്ലറയല്ല. ടി വി ഓഫ് ചെയ്യാൻ പറഞ്ഞാൽ, ഫോൺ മാറ്റിവയ്ക്കാൻ പറഞ്ഞാൽ, പഠിക്കാൻ പറഞ്ഞാൽ, ടൂർ പോകണ്ടാന്ന് പറഞ്ഞാൽ ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ അക്രമാസക്തരാകുന്ന മക്കളുടെ രക്ഷകർത്താക്കളാണ് നമ്മുടെ മെക്കിട്ട് കേറുന്നത് എന്ന് മറക്കരുത്.. അതുപോലെയുള്ള 45 മുതൽ 250 വരെയുള്ള എണ്ണത്തിനേം കൊണ്ടാണ് രണ്ടും മൂന്നും ദിവസത്തെ യാത്ര എന്നോർക്കണം.. ബസിലെ കാതടപ്പിക്കുന്ന സൗണ്ടും ലൈറ്റും സ്മോക്കും സാധാരണ ഏത് മനുഷ്യരെയും ഭ്രാന്ത് പിടിപ്പിക്കുന്ന സാഹചര്യത്തിലാണ് യാത്ര മുഴുവനും..
ഇതിനിടയ്ക്ക് കുട്ടികൾക്കുണ്ടാകുന്ന അസുഖം.. ഈ യാത്രയിലും ഫിറ്റ്സ് വന്നു വീണ കുട്ടി ഉണ്ടായിരുന്നു.. കുട്ടികൾ പാനിക് ആയി അലറി വിളിക്കുമ്പോൾ ഒരു നിമിഷം ഞങ്ങളുടെ ഹൃദയം നിലച്ച പോലെ തോന്നി.. കുട്ടികളെ തള്ളിമാറ്റി വീണ കുട്ടിയുടെ അടുത്തെത്തിയപ്പോഴാണ് ഫിറ്റ്നസ് ആണെന്ന് മനസിലായത്. ഹൈറേഞ്ചിൽ ഒരു ഹോസ്പിറ്റൽ കണ്ടെത്തി അവിടെ എത്താൻ എടുക്കുന്ന താമസം അത് വരെ നഷ്ടപ്പെടുന്ന സമാധാനം ഇതിനൊക്കെ ഞങ്ങൾ ആരോടും കണക്ക് പറയാറില്ല. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനും ശർദ്ദിക്കാനും ഇറങ്ങുമ്പോൾ കൂടെ ഇറങ്ങണം..
താമസിക്കുന്ന ഹോട്ടലിൽ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ശല്യവും ഷോപ്പിംഗ് സ്ഥലത്ത് ഉണ്ടാക്കുന്ന കുഴപ്പങ്ങൾ വേറെ.. എന്തൊക്കെ ചെയ്ത് കൊടുത്താലും സംതൃപ്തി ഇല്ലാത്ത കുട്ടികൾ.. ഇതുക്കും മേലെയുള്ള പ്രശ്നങ്ങളൊന്നും ഞാൻ പറയുന്നില്ല.. ഒന്നിനും ഞാൻ കുട്ടികളെ കുറ്റം പറയില്ല. കുട്ടികൾ സമൂഹത്തിൻ്റെ പ്രതിഫലനം മാത്രമാണ്.. അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ അഴിമതിയും അക്രമവും അനാശാസ്യവും മാത്രം കണ്ടു വളരുന്നവർ.. നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും അധ്യാപകരെ തെറിയഭിഷേകം നടത്തുന്ന സംസ്കാര സമ്പന്നരെ കണ്ടു വളരുന്ന കുട്ടികളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ..
എന്നാലും കുട്ടികളെ നന്നായി സ്നേഹിക്കുന്നു. മാറിയ കാലത്തിനനുസരിച്ച് അവരെ മനസിലാക്കാനും ചേർത്ത് നിർത്താനും ശ്രമിക്കുന്നു.. എന്ത് പ്രശ്നങ്ങളേയും നേരിടാനും എന്തും അഡ്ജസ്റ്റ് ചെയ്യാനുമുള്ള വലിയ മനസ് ഉള്ളതുകൊണ്ടാണ് ഞങ്ങൾ ഈ യാത്രയ്ക്കൊക്കെ തയ്യാറാകുന്നത്.. ഇനി ഇതിനൊരു വേറെ വശം കൂടിയുണ്ട്. ടൂർ പോകാനെന്ന പേരിൽ കാശ് മുടക്കാറില്ല എന്നേയുള്ളു.. കാശില്ലാത്തതു കൊണ്ട് മാത്രം പോകാൻ കഴിയാത്ത പലരേയും അധ്യാപകർ സഹായിക്കാറുണ്ട്.. പുസ്തകം, ബുക്ക്, യൂണിഫോം, ഫീസ്, പരീക്ഷാ ഫീസ്, മറ്റ് വകയിൽ കയ്യിൽ നിന്ന് ചിലവാകുന്ന കാശിന് കയ്യും കണക്കുമില്ല..
ഈ സഹായങ്ങളൊന്നും ഞങ്ങൾ ഫോട്ടോ എടുത്ത് പ്രദർശിപ്പിക്കാറില്ല. എന്തിന് അധ്യാപകർ പരസ്പരം പോലും പറയാറില്ല.. വേറൊരു രസം കുട്ടികൾക്ക് ടൂർ പോകണം പക്ഷ ഒരു സ്ഥലവും കാണണ്ട, ഭംഗി ആസ്വദിക്കണ്ട.. ഫോണിൽ കളിക്കണം, ബസിൽ കിടന്ന് തുള്ളണം. ഡി ജെ വേണം, ഇൻസ്റ്റായിൽ ഇതിൻ്റെയൊക്കെ ലൈവ്, സ്റ്റോറി ഇടണം ഇത്രയൊക്കെ ചെറിയ മോഹങ്ങളേയുള്ളു.. എന്നാ പിന്നെ ബസ് വിളിച്ച് സ്കൂൾ മുറ്റത്ത് ഇട്ട് പാട്ട് വച്ച് തുള്ളി രാത്രി ക്ലാസ് റൂമിൽ ഒരു ഡി.ജെ സെറ്റ് ചെയ്ത് ഫുഡും കൊടുത്ത് രണ്ട് ദിവസം കഴിഞ്ഞാൽ പോരേ? ഞാളുടെ ചെറിയ ബുദ്ധിയിൽ തോന്നിയതാണേ..
കുടുംബത്തോടൊപ്പം സ്വസ്ഥമായി ചെലവഴിക്കാനുള്ള 3 ഉം 4 ഉം ദിവസങ്ങളാണ് പങ്കെടുക്കേണ്ട പ്രധാന പരിപാടികളും ഒഴിവാക്കി, രാത്രി ഉറക്കമൊഴിഞ്ഞ്, ഇരുന്ന് ഉറങ്ങിയും ടോയ്‌ലറ്റിൽ പോകുന്ന കുട്ടികൾക്ക് കാവൽ നിന്നും ടൂർ സംഘടിപ്പിക്കുന്നത്. അപ്പോ എല്ലാവരോടും ഒന്നേ പറയാനുള്ളു നിങ്ങൾ എല്ലാവരും കൂടി എവിടെയെങ്കിലും നിവേദനം നൽകി ടൂർ നിർത്തലാക്കാൻ സഹായിക്കണം. കാശു കൊടുത്ത് കടിയ്ക്കുന്ന പട്ടിയെ വാങ്ങി കടി കൊള്ളാനും പിന്നെ ചുറ്റിനും കുത്തി വയ്ക്കാനുമൊന്നും താൽപര്യമില്ല എന്നറിയിക്കുന്നു വിമർശനങ്ങൾ ആവാം വീട്ടിലുള്ള ഒന്നോ രണ്ടോ കുട്ടികളെ പഠിച്ചിട്ടും മനസിലാക്കിയിട്ടു മാത്രം'.
കുട്ടികളുമൊത്ത് വിനോദയാത്രയിൽ പങ്കെടുക്കുന്ന ഒരു അധ്യാപകൻ സഹിക്കുന്ന മനോവിഷമങ്ങളാണ് ഈ കുറിപ്പിൽ വരച്ചു കാട്ടുന്നത്. രക്ഷിതാക്കൾ ഓർക്കുക, നിങ്ങളുടെ കുട്ടികളെ എത്ര കരുതലോടെയാണ് ഓരോ അധ്യാപകരും ടൂറിന് കൊണ്ടുപോകുന്നതെന്ന്. അത്തരത്തിലുള്ളവരെ വന്ദിച്ചില്ലെങ്കിൽ വെറുതെ നിന്ദിക്കാതിരിക്കുക. അധ്യാപകരും മനുഷ്യരാണെന്ന് ഓർക്കുക. അവർക്കും ഉണ്ട് കുടുംബവും കുട്ടികളും.. ഇത് മറക്കാതിരിക്കുക..
#Teachers #SchoolTours #ViralPost #Education #TeacherConcerns #SocialMedia
