Debate | എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റണോ? ജനത്തിനും പറയാനുണ്ട്
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി കാണാൻ എത്തുന്നവർ വളരെയധികമായി വന്നിറങ്ങുന്ന ഒരു റെയിൽവേ സ്റ്റേഷൻ കൂടിയാണ് എറണാകുളം ജംഗ്ഷൻ
മിന്റാ മരിയ തോമസ്
(KVARTHA) ഇപ്പോൾ സാമൂഹ്യ മാധ്യമത്തിൽ ഉയർന്നുവരുന്ന ഒരു കാര്യമാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ്റെ പേര് മാറ്റണമെന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും വലിയ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലൊന്നുമാണ് എറണാകുളം ജംഗ്ഷൻ. വളരെയധികം ആളുകളാണ് കൊച്ചി സന്ദർശിക്കാനും അല്ലാതെയുമായി ഇവിടെ ഒരോ ദിവസവും ട്രെയിൻ മാർഗ്ഗം ഇവിടെ വന്നിറങ്ങുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി കാണാൻ എത്തുന്നവർ വളരെയധികമായി വന്നിറങ്ങുന്ന ഒരു റെയിൽവേ സ്റ്റേഷൻ കൂടിയാണ് എറണാകുളം ജംഗ്ഷൻ.
കൂടാതെ കേരളത്തിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്താൻ ട്രെയിൻ മാർഗ്ഗം എത്തുന്നവർക്ക് വളരെ എളുപ്പവും ഇവിടെ എത്തുന്നതാണ്. ഇപ്പോൾ ഈ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ്റെ പേര് മാറ്റണമെന്നതാണ്. ഈ വിഷയം ഇപ്പോൾ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും മറ്റും ചർച്ചയായിരിക്കുകയും ചെയ്യുന്നു. ഇതിനെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ എത്തുന്നുമുണ്ട്. പേര് മാറ്റണമെന്ന് വാദിക്കുന്നവരുടെ വാദഗതികൾ കാണുമ്പോൾ അതിൽ സ്വൽപം കഴമ്പ് ഇല്ലേയെന്ന് തോന്നിപ്പോകുക സ്വഭാവികമാണ്.
അവർ നിരത്തുന്ന കാരണങ്ങൾ:
അടിയന്തരമായി പേര് മാറ്റേണ്ട റെയിൽവേ സ്റ്റേഷൻ എന്നത് കൊച്ചിയിലെ എറണാകുളം ജംഗ്ഷൻ (ERS) ആണ്.
അതിന് കാരണങ്ങൾ വിവരിക്കാം
1) എങ്ങനെ കൊച്ചിയിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷന് 'എറണാകുളം' എന്ന പേര് വന്നു? 1932-ൽ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ തുറന്നപ്പോൾ അത് സ്ഥിതി ചെയ്തിരുന്നത് അന്നത്തെ 'എറണാകുളം' മുനിസിപ്പാലിറ്റിയിലായിരുന്നു. അതുകൊണ്ട് എറണാകുളം എന്ന് പേര് അന്ന് ഉപയോഗിച്ചു. പിന്നീട് 1967 നവമ്പർ ഒന്നാം തിയതിയിലാണ് എറണാകുളം മുനിസിപ്പാലിറ്റി ഒക്കെ മാറ്റി കൊച്ചി കോർപറേഷൻ നിലവിൽ വന്നത്. ഇന്ന് എറണാകുളം ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത് കൊച്ചി നഗരഹൃദയത്തിലാണ്. പക്ഷെ സ്റ്റേഷൻ്റെ പേര് ഇന്നേവരെ മാറ്റിയിട്ടില്ല. അതുകൊണ്ട് ആ പേര് വിത്യാസം ഇന്നും നിലനിൽക്കുന്നു.
2) ഈ പേര് വ്യത്യാസം കാരണം കേരളത്തിൻ്റെ പുറത്ത് ഉള്ളവർക്ക് ഇന്നും വലിയ കൺഫ്യൂഷൻ ആണ്. ഇവിടേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കുമ്പോൾ. ആളുകൾക്ക് കൂടുതൽ അറിയാവുന്നത് കൊച്ചി എന്ന നഗരത്തിൻ്റെ ഔദ്യോഗിക പേരാണ്. എറണാകുളം ജംഗ്ഷൻ എന്നത് കൊച്ചിയിലാണ് എന്ന് തിരിച്ചറിയാൻ അത്ര എളുപ്പം അല്ല. അതുകൊണ്ടാണ് ഇപ്പൊൾ ഐആർസിടിസി അവരുടെ ഡാറ്റാബേസിൽ കൊച്ചി എന്ന് ആഡ് ചെയ്തിരിക്കുന്നത്. ഇപ്പൊൾ ഐആർസിടിസി പോയി കൊച്ചി എന്ന് സെർച്ച് ചെയ്താൽ എറണാകുളം ജംഗ്ഷൻ, നോർത്ത്, തൃപ്പൂണിത്തുറ ഒക്കെ കാണിക്കും. പക്ഷെ ഇത് കാരണം കൺഫ്യൂഷൻ പൂർണമായും ഒഴിവാകില്ല.
3) ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേയും ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നിലെങ്കിലും ആ നഗരത്തിൻ്റെ ഔദ്യോഗിക പേരായിരിക്കും ഉണ്ടാവുക. കൊച്ചിയിൽ അങ്ങനെ ഇല്ല. കൊച്ചിയിലെ പ്രവർത്തനസജ്ജമായ പ്രധാന റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജംഗ്ഷൻ, എറണാകുളം നോർത്ത്, ആലുവ, തൃപ്പൂണിത്തുറ ഒന്നിലും കൊച്ചി എന്ന പേര് ഇല്ല.
4) ഇന്നും ജില്ലയുടെ പേര് എറണാകുളം ആണെന്ന കാരണം കൊണ്ട് റെയ്ൽവേ സ്റ്റേഷൻ്റെ പേര് അങ്ങനെ നിലനിർത്തണം എന്ന വാദത്തിന് അടിസ്ഥാനമില്ല. കാരണം ദീർഘദൂര ട്രെയിനുകൾക്ക് അടക്കം ടിക്കറ്റ് ബുക്ക് ചെയ്യുന്ന രാജ്യമൊട്ടാകെ ഉള്ള ആളുകൾക്ക് അറിയാവുന്നത് നഗരങ്ങളുടെ ഔദ്യോഗിക പേരുകൾ ആണ്, ജില്ലകളുടെ അല്ല. അതുകൊണ്ടാണ് 'ദക്ഷിണ കന്നഡ' എന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന മംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷന് 'ദക്ഷിണ കന്നഡ സെൻട്രൽ' എന്ന് പേരിടാതെ 'മംഗളൂരു സെൻട്രൽ' എന്ന് പേരിട്ടത്. ആ തെറ്റ് കൊച്ചിയിൽ നിലനിൽക്കുമ്പോൾ അത് തിരുത്തേണ്ടത് ആവശ്യമല്ലേ?
5) എറണാകുളം ജംഗ്ഷൻ, നോർത്ത്, ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകൾ ഒക്കെ കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഇന്ത്യൻ റെയിൽവേക്ക് നല്ലപോലെ അറിയാം. മുകളിൽ ഐആർസിടിസി കൊണ്ട് വന്ന മാറ്റം തന്നെ അതിന് തെളിവാണ്. കൂടാതെ എറണാകുളം ജംഗ്ഷൻ റെയ്ൽവേ സ്റ്റേഷൻ്റെ ഒന്നാം പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന വെസ്റ്റേൺ എൻട്രൻസ് കെട്ടിടത്തിൽ റെയിൽവേയുടെ വാക്കുകൾ 'വെൽക്കം ടു കൊച്ചി' എന്നാണ്, 'വെൽക്കം ടു എറണാകുളം' എന്നല്ല.
ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക മാപ്പ് അനുസരിച്ചും എറണാകുളം സൗത്ത്, നോർത്ത്, ആലുവ, തൃപ്പൂണിത്തുറ ഒക്കെ കൊച്ചിയിലാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സ്റ്റേഷൻ പേര് മാറ്റുന്നു എങ്കിൽ അടിയന്തരമായി ചെയ്യേണ്ടത് എറണാകുളം ജംഗ്ഷനിനാണ് എന്നാണ് ശക്തമായ അഭിപ്രായം. ഒന്നെങ്കിൽ എറണാകുളം ജംഗ്ഷൻ്റെ പേര് മാറ്റി കൊച്ചി ഉൾപെടുത്തുക, അല്ലെങ്കിൽ കുറെ കാലമായി ഫയലിൽ ഒതുക്കി വെച്ചിരിക്കുന്ന പൊന്നുരുന്നി യാർഡിലെ പുതിയ സ്റ്റേഷൻ്റെ പേര് കൊച്ചി എന്നാക്കുക'.
ഇതൊക്കെയാണ് റെയിവേ സ്റ്റേഷൻ്റെ പേര് മാറ്റണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നവർ ഉന്നയിക്കുന്ന വാദമുഖങ്ങൾ. അതിന് എത്രമാത്രം പരിഗണന ലഭിക്കും. അല്ലെങ്കിൽ അത്തരത്തിലൊരു നീക്കം ഉടനുണ്ടാകുമോ എന്നതൊക്കെ കാത്തിരിന്നു തന്നെ കാണേണ്ടതാണ്. കാരണം, തീരുമാനങ്ങൾ എടുക്കുന്ന കാര്യങ്ങൾ പോലും നടപ്പാക്കാൻ താമസിക്കുന്ന രാജ്യമാണ് നമ്മുടെ ഭാരതം. അതിനാൽ തന്നെ ഈ കൊച്ചുകാര്യങ്ങൾക്കൊക്കെ എത്രമാത്രം പരിഗണ കിട്ടുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. എന്തായാലും കൊച്ചി എന്ന് പറയുന്നതുപോലെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും അതോടൊപ്പം ചർച്ചയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷങ്ങളിലൊന്ന്.