Ongoing Search | ഷിരൂർ മണ്ണിടിച്ചിൽ: കണ്ടെത്താനുള്ളത് ഇനിയും രണ്ട് പേരെ, തിരച്ചിൽ തുടരും
● തെരച്ചിലിനായി സർക്കാരും സമൂഹവും ഒന്നിക്കുന്നുണ്ട്.
● എം.എൽ.എ സതീഷ് സെയിൽ മാധ്യമ പ്രവർത്തകരെ അഭിനന്ദിച്ചു.
മംഗളൂരു: (KVARTHA) ഷിരൂരിലെ ഗംഗാവാലി നദിയിൽ നിന്നും അർജുന്റെ മൃതദേഹം കണ്ടെത്തിയിട്ടും, ഇനിയും കണ്ടെത്താനുള്ളത് രണ്ട് പേരെ കൂടി. ജൂലൈ 16ന് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ നാട്ടുകാരായ ജഗന്നാഥ്, ലോകേഷ് ഭട്ട് എന്നിവരെയാണ് ഇപ്പോഴും കണ്ടെത്താനായി തിരച്ചിൽ നടത്തുന്നത്.
കാർവാർ എം.എൽ.എ സതീഷ് സെയിൽ പറയുന്നത്, ഈ രണ്ട് പേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്നാണ്. ഡ്രെഡ്ജർ ഉപയോഗിച്ച് ബുധനാഴ്ച് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അർജുന്റെ ലോറിയും അതിനുള്ളിലെ മൃതദേഹവും കണ്ടെത്തിയത്. എന്നാൽ, ഇനിയും രണ്ട് പേരെ കണ്ടെത്താനായി തിരച്ചിൽ തുടരുമെന്ന് എം.എൽ.എ പറഞ്ഞു.
അര്‍ജുനെ കാണാതായിട്ട് 72ാം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്. അർജുന്റെ മൃതദേഹം ഉറപ്പിക്കാനായി ഡി.എൻ.എ പരിശോധന നടത്തും. മൃതദേഹത്തില്‍ നിന്നുള്ള സാമ്ബിളും അർജുന്റെ സഹോദരന്റെ ഡി.എൻ.എ സാമ്ബിളും ശേഖരിച്ച് വ്യാഴാഴ്ച മംഗളൂരുവിലെ ലാബിലേക്ക് അയക്കും. ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മിപ്രിയ പറയുന്നത്, രണ്ട് ദിവസത്തിനുള്ളിൽ ഡി.എൻ.എ ഫലം ലഭിക്കുമെന്നാണ്. തുടർന്ന് പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കള്‍ക്ക് കൈമാറും.
ജൂലൈ 16നുണ്ടായ ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താനായി സർക്കാറിന് കോടികളുടെ ചെലവ് വന്നിട്ടുണ്ട്. അർജുൻ, ജഗന്നാഥ്, ലോകേഷ് ഭട്ട് എന്നിവരുടെ തിരച്ചിലിനായി കോടിയോളം രൂപ മുടക്കി കർണാടക സർക്കാർ ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലാണ് വിജയം കണ്ടത്.
എം.എൽ.എ സതീഷ് സെയിൽ മലയാളം മാധ്യമ പ്രവർത്തകരോട് നന്ദി പറഞ്ഞു. ‘പലരും പറഞ്ഞിരുന്നു പണം അനാവശ്യമായി ചിലവഴിക്കുന്നതാണ്, മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനാണ് എന്നൊക്കെ. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. ഇനി നാട്ടുകാർക്കായുള്ള തിരച്ചില്‍ തുടരും. മാധ്യമപ്രവർത്തകർ മടങ്ങിപ്പോകരുതെന്നാണ് ആഗ്രഹം. നിങ്ങള്‍ കാരണമാണ് ഇന്ന് ഞങ്ങള്‍ പോലും ഇവിടെ നില്‍ക്കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു.
#Shirur #Landslide #Search #Karnataka #CommunitySupport #MissingPersons