നിരപരാധികളായ മുസ്ലിംകള്‍ക്കെതിരെ കേസ്; ഷിന്‍ഡെയുടെ കത്ത് മഅ്ദനി കേസിനെ സ്വാധീനിക്കും?

 


തിരുവനന്തപുരം: നിരപരാധികളായ മുസ്ലിം യുവാക്കളെ ഭീകരവാദത്തിന്റെ പേരില്‍ തടവിലിടരുതെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്ത് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ അനുകൂലമായി സ്വാധീനിച്ചേക്കുമെന്ന് സൂചന.

സുപ്രീംകോടതിയില്‍ മഅ്ദനി നല്‍കിയിരിക്കുന്ന ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെ ഇത് സ്വാധീനിച്ചുകൂടെന്നില്ല എന്നാണ് മഅ്ദനിക്കു വേണ്ടി നിലകൊള്ളുന്ന നിയമ വിദഗ്ദ്ധരുടെയും മഅ്ദനി ജസ്റ്റിസ് ഫോറത്തിന്റെയും പ്രതീക്ഷ. 21നാണ് സുപ്രീം കോടതി വീണ്ടും ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കണം എന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ഷിന്‍ഡെ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്, നിരപരാധികളായ മുസ്്‌ലിം യുവാക്കളുടെ അകാരണമായ ജയില്‍വാസത്തെക്കുറിച്ചാണെങ്കിലും അത് പൊതുവില്‍ മുസ്്‌ലിംകള്‍ പ്രതി സ്ഥാനത്തുള്ള ഭീകരവാദ കേസുകള്‍ക്ക് ബാധകമാക്കാവുന്നതാണെന്ന നിരീക്ഷണമാണ് നിയമ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്നത്.

യുവാക്കളാണെങ്കിലും അല്ലെങ്കിലും നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടുകൂടാ എന്ന് ചൂണ്ടിക്കാണിക്കാനും, നിരപരാധികളായ മുസ്ലിംകള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിക്കുതന്നെ മനസിലായിരിക്കുന്നു എന്ന് വാദിക്കാനും മഅ്ദനിയുടെ അഭിഭാഷകര്‍ക്ക് സാധിക്കും. ഇത് കേസില്‍ സുപ്രധാന വഴിത്തിരിവായേക്കും. നിരപരാധികളായ നിരവധി യുവാക്കള്‍ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ടു രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നു ന്യൂനപക്ഷ കാര്യ മന്ത്രി കെ.എ. റഹ്മാന്‍ ഖാനും മുസ്‌ലിംലീഗ് ദേശീയ നേതൃത്വവും ആഭ്യന്തര മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ മുസ്ലിം യുവാക്കളെ ഭീകരവാദകേസുകളില്‍ പെടുത്തരുത് എന്ന് ഷിന്‍ഡെ പ്രത്യേകമായി പറഞ്ഞത്.
നിരപരാധികളായ മുസ്ലിംകള്‍ക്കെതിരെ കേസ്; ഷിന്‍ഡെയുടെ കത്ത് മഅ്ദനി കേസിനെ സ്വാധീനിക്കും?

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ ഉന്നംവച്ചുള്ള കോണ്‍ഗ്രസ് തന്ത്രം കൂടിയായി ഷിന്‍ഡെയുടെ കത്ത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പക്ഷേ, കേന്ദ്ര ആഭ്യന്തര മന്ത്രി ഔദ്യോഗികമായി മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിന്റെ ഗുണഫലം നിരപരാധികളായ കുറേ തടവുകാര്‍ക്കും പ്രതികള്‍ക്കും ലഭിക്കാതിരിക്കില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തനായി കോടതി മോചിപ്പിച്ചയാള്‍ എന്ന പശ്ചാത്തലം ഇക്കാര്യത്തില്‍ മഅ്ദനിക്ക് അനുകൂലമായി മാറാനും സാധ്യത വര്‍ധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുസ്ലിം യുവാക്കളെ അകാരണമായി ഭീകരവാദ കേസുകളില്‍ പെടുത്തുന്നതു സംബന്ധിച്ച് വിവിധ അന്വേഷണ ഏജന്‍സികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാര്‍ക്ക് ഇത്തരമൊരു നിര്‍ദേശമെന്നു ഷിന്‍ഡെയുടെ കത്തില്‍ വിശദീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, തങ്ങളെ ഉന്നംവെക്കുന്നുവെന്നും അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നുവെന്നും ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട യുവാക്കള്‍ക്കിടയില്‍ തോന്നല്‍ ഉടലെടുക്കുന്നുണ്ട് എന്നും കത്തിലുണ്ട്.

തീവ്രവാദത്തിനെതിരെ എല്ലാ അര്‍ത്ഥത്തിലും ആശയത്തിലും പോരാടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം തന്നെ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യതയും സര്‍ക്കാറിനുണ്ട് -കത്തില്‍ പറയുന്നു. തീവ്രവാദക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിന് ഹൈക്കോടതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കുകയും കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പാക്കുകയും വേണം.

തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമ്പോള്‍ തന്നെ സാമുദായിക, സാമൂഹിക സൗഹാര്‍ദം സംരക്ഷിക്കപ്പെടുന്നുവെന്ന് നിയമപാലന ഏജന്‍സികള്‍ ഉറപ്പുവരുത്തണം. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട യുവാക്കളെ തെറ്റായി, വ്യാജമായി അറസ്റ്റു ചെയ്യപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കണം എന്ന കത്തിലെ നിര്‍ദേശം, മനപൂര്‍വം അങ്ങനെ മുസ്ലിംകളെ കള്ളക്കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താക്കീതയായി മാറുകയും ചെയ്യും. തെറ്റായി അറസ്റ്റു ചെയ്യപ്പെടുന്നവരെ ഉടന്‍ വിട്ടയക്കുക മാത്രമല്ല, മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കി മുഖ്യധാരയില്‍ നിലനിര്‍ത്തണം -കത്തില്‍ മുഖ്യമന്ത്രിമാരോട് നിര്‍ദേശിക്കുന്നു.

തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പാക്കുന്നതിന് 39 പ്രത്യേക എന്‍.ഐ.എ. കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മേയില്‍ തീരുമാനമെടുത്തിരുന്നു.

Also read:
ഖാസിയുടെ മരണം: സിബിഐക്കെതിരെ ഹൈക്കോടതിയില്‍ പുതിയ കേസ്

Keywords:  Abdul-Nasar-Madani, Susheel Kumar Shinde, Thiruvananthapuram, Jail, Kerala, Shinde's letter to the CMs on Muslim youths wrongful detention may help Maudani, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia