Award | ശിഹാബ് തങ്ങള്‍ കര്‍മശ്രേഷ്ഠ അവാര്‍ഡ് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സി രാധാകൃഷ്ണന്

 


മലപ്പുറം: (KVARTHA) ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ഏര്‍പെടുത്തിയ ശിഹാബ് തങ്ങള്‍ കര്‍മശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. ചന്ദ്രിക മുന്‍ പത്രാധിപര്‍ സിപി സൈതലവി, പ്രമുഖ സാഹിത്യകാരന്‍ കെപി രാമനുണ്ണി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിന് സി രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്.

50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ രണ്ടിന് കോഴിക്കോട്ട് സമ്മാനിക്കും. സാഹിത്യ, ശാസ്ത്ര, സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ സി രാധാകൃഷ്ണന്‍ കേരളത്തിന് നല്‍കിയ സമഗ്ര സംഭാവനയും മതമൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ഉറച്ച നിലപാടുള്ള സാംസ്‌കാരിക നായകന്‍ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി പരിഗണിച്ചത്.

മലയാളത്തിലെ ഏറ്റവും അധികം വായിക്കപ്പെട്ട മുന്‍പെ പറക്കുന്ന പക്ഷികള്‍, തീക്കടല്‍ കടഞ്ഞ് തിരുമധുരം, സ്പന്ദമാപിനികളെ നന്ദി, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, കരള്‍ പിളരും കാലം, എല്ലാം മായ്ക്കുന്ന കടല്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ തുടങ്ങി നാല്‍പതിലധികം കൃതികള്‍ രചിച്ചിടുണ്ട് സി രാധാകൃഷ്ണന്‍. ഇന്‍ഡ്യന്‍ ഭാഷകളിലും വിദേശഭാഷകളിലും അനേകം കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Award | ശിഹാബ് തങ്ങള്‍ കര്‍മശ്രേഷ്ഠ അവാര്‍ഡ്  പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സി രാധാകൃഷ്ണന്

അഗ്‌നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിരവധി ശാസ്ത്ര പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശാസ്ത്ര മാസിക പത്രാധിപരായും മാധ്യമം ദിനപത്രം പത്രാധിപരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1962ല്‍ കേരള സാഹിത്യ അകാഡമി അവാര്‍ഡ്, 1989ല്‍ കേന്ദ്ര സാഹിത്യ അകാഡമി അവാര്‍ഡ്, 2016ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം, ഭാരതീയ ജ്ഞാനപീഠ പുരസ്‌കാര സമിതിയുടെ മൂര്‍ത്തീദേവി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ലളിതാംബിക അവാര്‍ഡ്, മഹാകവി ജി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

2010ല്‍ കേരള സാഹിത്യ അകാഡമി വിശിഷ്ഠ അംഗത്വം നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അകാഡമി അംഗം, കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ അംഗം, മൂന്ന് തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

1939 ഫെബ്രുവരി ഒന്നിന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്താണ് ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എകെ സൈനുദ്ദീന്‍, ഡയറക്ടര്‍ അബ്ദുല്ല വാവൂര്‍, വൈസ് ചെയര്‍മാന്‍ എഎം അബൂബക്കര്‍, ജോയിന്റ് ഡയറക്ടര്‍ കെടി അമാനുല്ല എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords:  Shihab Thangal award to c Radhakrishnan, Malappuram, News, Shihab Thangal Award, Press Meet, Writer, Panakkad Munawwarali Shihab Thangal, Chandrika, Kozhikode, 
Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia