Shashi Tharoor | തരൂരിന്റെ മലബാര്‍ പര്യടനത്തിന് തുടക്കം; സംഭവം സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ജില്ലാ പര്യടനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെ

 


കോഴിക്കോട്: (www.kvartha.com) സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ എം പി നടത്തുന്ന ജില്ലാ പര്യടനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെ തരൂരിന്റെ മലബാര്‍ പര്യടനത്തിന് തുടക്കം. ഞായറാഴ്ച രാവിലെ 9.30ന് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് തരൂര്‍ പരിപാടികള്‍ക്ക് തുടക്കമിട്ടത്.

നാലു ദിവസങ്ങളിലായി കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തരൂര്‍ പര്യടനം നടത്തും. പര്യടനത്തെ കുറിച്ചുള്ള തരൂരിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,

Shashi Tharoor | തരൂരിന്റെ മലബാര്‍ പര്യടനത്തിന് തുടക്കം; സംഭവം സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ജില്ലാ പര്യടനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെ

'ചിലര്‍ സൈഡ് ബെഞ്ചിലിരിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു, എന്നാല്‍ ഫോര്‍വേഡായി കളിക്കാനാണ് താല്‍പര്യം. എല്ലാം ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹം'.

അതേസമയം വിവാദത്തില്‍ വിശദീകരണവുമായി കോഴിക്കോട് ഡിസിസി രംഗത്തെത്തി. തരൂരിന്റെ സന്ദര്‍ശനം എംകെ രാഘവന്‍ എംപി ജില്ലാ കമിറ്റിയെ അറിയിച്ചിരുന്നുവെന്നും പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന വാര്‍ത്ത വന്നതില്‍ ചിലര്‍ക്ക് ആശങ്കയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് യൂത് കോണ്‍ഗ്രസ് പിന്‍മാറിയതെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പര്യടനം ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്ന ആക്ഷേപത്തിലാണ് വിശദീകരണം. എന്നാല്‍ സംഘടനാ സംവിധാനം അനുസരിച്ചല്ല ശശി തരൂര്‍ പര്യടനം നടത്തുന്നതെന്നും അതിനാലാണ് സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു യൂത് കോണ്‍ഗ്രസിന്റെ വിശദീകരണം. ഒഴിവായത് ഡിസിസിയെ അറിയിച്ചതിനു ശേഷം മാത്രമാണെന്നും യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ശെഹീന്‍ മാധ്യങ്ങളോട് പറഞ്ഞു.

ശനിയാഴ്ച താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലുമായി തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരെ സന്ദര്‍ശിക്കാനും തീരുമാനം ഉണ്ടായിരുന്നു. അതിനിടെയാണ് അദ്ദേഹത്തിന്റെ ആഗസ്മിക മരണം.

22നു പാണക്കാട്ട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പികെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച നടത്തും. എന്‍എസ്എസ് ആസ്ഥാനത്ത് ജനുവരിയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷത്തില്‍ മുഖ്യാതിഥി തരൂരാണ്.

പാര്‍ടി സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെ തരൂരിന്റെ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് ഘടകങ്ങള്‍ പിന്‍മാറിയതോടെയാണ് വിവാദം ആളിക്കത്തിയത്. കണ്ണൂര്‍ ഡിസിസിയും യൂത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമിറ്റിയുമാണ് തരൂരിനെ മുഖ്യാതിഥിയായി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവച്ചത്. അതേസമയം, രണ്ടു പരിപാടികളും പാര്‍ടിയുടെ പിന്തുണയില്ലാതെ സംഘടിപ്പിക്കാനാണു സംഘാടകരുടെ നീക്കം.

മതനിരപേക്ഷതയും സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും' എന്ന വിഷയത്തില്‍ യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റി ഞായറാഴ്ച നടത്താനിരുന്ന സെമിനാറില്‍ തരൂരായിരുന്നു മുഖ്യാതിഥി. എന്നാല്‍, പരിപാടി മാറ്റിവച്ചതായി യൂത് കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. 23ന് കണ്ണൂര്‍ ഡിസിസി നടത്തുന്ന സെമിനാറിലും തരൂര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.

ഡിസിസിക്കു പകരം ഇതേ പരിപാടി കണ്ണൂര്‍ ജവാഹര്‍ ലൈബ്രറി സംഘടിപ്പിക്കുമെന്നാണ് പുതിയ അറിയിപ്പ്. യൂത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാര്‍ അതേ വേദിയില്‍ തന്നെ നെഹ്‌റു യൂത് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ബാനറില്‍ നടത്താനാണ് തീരുമാനം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പരസ്യമായി പിന്തുണച്ച എംകെ രാഘവന്‍ എംപിയാണ് മലബാറിലെ പര്യടനം ഏകോപിപ്പിക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ട കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നേതാക്കളുടെയും പിന്തുണ പുതിയ നീക്കത്തിനില്ല. ഇതോടെ രാഘവനും ത്രിശങ്കുവിലായി.

അതേസമയം, തരൂരിനു പിന്തുണയുമായി യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനും രംഗത്തെത്തി. സവര്‍കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി മുഖം നോക്കാതെ നടത്തിയ പ്രസ്താവനകള്‍ പാര്‍ടിക്ക് ആവേശം നല്‍കുമ്പോള്‍ ഇവിടെ എന്തിനാണ് ഈ നടപടി എന്ന് ശബരീനാഥന്‍ ചോദിച്ചു.

Keywords: Shashi Tharoor's Malabar tour begins, Kozhikode, News, Politics, Shashi Taroor, DCC, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia