Christian Church | ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ: ക്രൈസ്തവ സഭയ്ക്കും ഉത്തരവാദിത്തം ഇല്ലേ?

 
Shaini and Her Children’s Suicide: Does the Christian Church Have No Responsibility.
Shaini and Her Children’s Suicide: Does the Christian Church Have No Responsibility.

Photo: Arranged

● ഷൈനിയുടെയും മക്കളുടെയും ദാരുണമായ മരണം സഭയുടെ നിസ്സംഗത വെളിവാക്കുന്നു.
● കുടുംബത്തിന്റെ ദുരിതങ്ങൾ പരിഹരിക്കാൻ സഭയ്ക്ക് കഴിയാതെ പോയി.
● ഇടവക വികാരിയും വിശ്വാസികളും വേണ്ടവിധം ശ്രദ്ധിച്ചില്ല.
● സഭയുടെ സ്ഥാപനങ്ങളിൽ ഷൈനിക്ക് ജോലി നൽകാമായിരുന്നു.

സോണി ജോസഫ് കല്ലറയ്ക്കൽ

(KVARTHA) കഴിഞ്ഞ ദിവസമാണ് ഷൈനി എന്ന വീട്ടമ്മയും രണ്ട് മക്കളും ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കിയത്. ബി.എസ്.എസി നഴ്സായ ഷൈനിയ്ക്ക് താങ്ങാനാവുന്നതിലും അധികം മാനസിക ഭാരമുണ്ടായതുകൊണ്ടാകാം ഈ വഴി തെരഞ്ഞെടുത്തതെന്ന് കരുതുന്നു. അമ്മ അനുഭവിക്കുന്ന മാനസിക വേദന തുടച്ചയായി കണ്ടു നിന്ന മക്കളും അമ്മയോട് ഒപ്പം ജീവൻ വെടിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് വേണം കരുതാൻ. പ്രശ്നങ്ങൾ എന്നും സങ്കീർണ്ണമാകുന്നത് അല്ലാതെ, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരുമില്ലാത്ത അവസ്ഥയും താങ്ങാവേണ്ടവർ കൈ മലർത്തുന്ന കാഴ്ചയും ഇവർ കണ്ടുവെന്ന് വേണം മനസ്സിലാക്കാൻ.  

വല്ലാത്ത നൊമ്പരം വരുത്തിയ ആത്മഹത്യ. അമ്മയുടെയും രണ്ട് മക്കളുടെയും ശരീരങ്ങൾ ചതഞ്ഞരഞ്ഞുപോയി. കത്തോലിക്കാ പാരമ്പര്യത്തിൽ എല്ലാവരുടെ ആലോചനയോടെ വിവാഹം കഴിക്കപ്പെട്ട ഷൈനിയും ഭർത്താവും വിവാഹം കഴിഞ്ഞനാൾ മുതൽ ചേർച്ചയില്ലെന്നാണ് പറയുന്നത്. ഗൾഫിൽ നിന്ന്  നാട്ടിൽ എത്തിയാൽ ഭർത്താവ് ക്രൂരപീഡനത്തിന് ഷൈനിയെ വിധേയമാക്കുകയും ചെയ്യുമായിരുന്നു എന്ന് ആരോപണമുണ്ട്. ബി.എസ്.എസി നഴ്സായ ഷൈനിയെ ജോലിക്ക് വിടാനും അയാൾ തയാറായില്ലെന്നാണ് പരാതി. ഗത്യന്തരമില്ലാതെ ഷൈനി മക്കളെയും കൂട്ടി ഭർതൃവീട്ടിൽ നിന്ന് ഇറങ്ങി മക്കളെയും കൂട്ടി സ്വന്തം ഭവനമായ ഏറ്റുമാനൂരിലേയ്ക്ക് എത്തുകയായിരുന്നു. 

താൻ അംഗമായ സഭയുടെ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് ശ്രമിച്ചിട്ട്  അത് നൽകാൻ സഭാ അധികാരികളും തയാറായില്ലെന്നാണ് കേൾക്കുന്നത്. ഒടുവിൽ മനം മടുത്ത് നിവൃത്തിയില്ലാതെ മക്കളെയും ചേർത്ത് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് ക്രൈസ്തവ സഭയും ക്രൈസ്തവ ലോകവും ഒന്നും കണ്ടില്ലെന്ന് നടിക്കരുത്. ഇതിനെ കണ്ണടച്ച ഇരുട്ടാക്കിയിട്ടും കാര്യമില്ല. ഒരു ഇടവകയിൽ ഒരു കുടുംബം ഇത്രനാൾ യാതനയാൽ കഴിഞ്ഞിട്ടും അതിനെ അറിഞ്ഞില്ലെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളു.  ക്രിസ്തുവിൻ്റെ അനുയായികൾ എന്ന് പറയുന്നവർക്ക് ഇങ്ങനെ ഒരിക്കലും പറയാനാകുന്നതല്ല. ക്രിസ്തു ഈ ഭൂമിയിൽ വന്നശേഷം കൂടുതൽ സമയവും കുർബാന നടത്തുകയോ പ്രാർത്ഥന നടത്തുകയോ ചെയ്തെന്നല്ല ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ധമായ ബൈബിൾ പറയുന്നത്. തൻ്റെ അടുത്തു വരുന്ന ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദേഹം കൂടുതൽ സമയവും വിനിയോഗിച്ചത്. 

പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നവരെ അങ്ങോട്ട് ചെന്ന് കണ്ട് പരിഹരിക്കാനും ശ്രമിച്ചു. ഇതാണ് ക്രൈസ്തവ പുരോഹിതർ മാതൃകയാക്കേണ്ടത്. ഷൈനിയ്ക്കും കുട്ടികളും മാനസികമായി വളരെ ബുദ്ധിമുട്ട് നേരിടുന്നു എന്ന് മനസിലാക്കി അവർക്ക് വേണ്ടുന്ന സഹായം ചെയ്തുകൊടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്ക് കഴിഞ്ഞിരുന്നെങ്കിൽ മൂന്ന് ജീവൻ നഷ്ടപ്പെടാതെ നിലനിർത്താമായിരുന്നു. ഒരോ ഇടവകയിലും പള്ളികളിലും പണം ഉള്ളവർ ധാരാളമുണ്ട്. അവർക്ക് അത് എങ്ങനെ വിനിയോഗിക്കണമെന്ന് പോലും അറിയില്ല. അങ്ങനെയുള്ളവരെ കണ്ടെത്തി ഈ കുടുംബത്തിന് ആരും അറിയാതെ ഒരു സഹായം എത്തിക്കാനും കഴിയുമായിരുന്നു. 

സഭയ്ക്ക് എത്രയോ ഹോസ്പിറ്റലുകളും സ്ഥാപനങ്ങളും ഉണ്ട്. അവിടെ എവിടെയെങ്കിലും ഷൈനിയ്ക്ക് ഒരു ജോലി നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ ആ കുടുംബം ഇനിയും ഈ ലോകത്ത് എത്രയോ കാലം സന്തോഷകരമായി ജീവിക്കുമായിരുന്നു. കോടികൾ മുടക്കി പള്ളിയും മറ്റ് ആഘോഷങ്ങളും നടത്തുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ലക്ഷക്കണക്കിന് രൂപ മുടക്കി പള്ളി പെരുന്നാൾ നടത്തിയാലും ഇതുപോലെയുള്ള ഷൈനിമാരെ സഹായിക്കില്ല. എല്ലാവരും പണമുള്ളവന് സപ്പോർട്ട്, പാവപ്പെട്ടവൻ്റെ വേദന ആർ അറിയാൻ! അത് സഭ ആണെങ്കിലും പുരോഹിതൻ ആണെങ്കിലും കണക്ക് തന്നെ.

വളരെ വേദനിപ്പിക്കുന്ന മരണമാണ് ഷൈനിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും മരണം. അവരെ ചേർത്തുപിടിക്കാൻ കഴിയാത്ത ഇടവ വികാരിയും വിശ്വാസികളും യൂണിറ്റ് കുടുംബ സംഗമവും ദൈവസന്നിധിയിൽ കുറ്റകാർ തന്നെയല്ലേ? ആ പെൺകുഞ്ഞുങ്ങൾ ഇനിയും എത്രയോ കാലം ജീവിക്കാൻ ആഗ്രഹിച്ചിരുന്ന സുന്ദരിക്കുട്ടികൾ ആയിരുന്നില്ലെ. അവർക്കത് നിഷേധിച്ചവർ ആര് ആയിരുന്നാലും എന്തൊക്കെ പറഞ്ഞാൽ ഇഹത്തിൽ പരത്തിലും ദയ അർഹിക്കുന്നില്ല എന്നതാണ് വാസ്തവം. 

സഭകൾ എന്ത് തന്നെ ആയാലും വളരുന്നു എന്നത് സത്യമാണ്. അത് ആത്മീയമായിട്ടാണോ ലൗകികമായിട്ടാണോ എന്ന് ചിന്തിച്ചാൽ കൊള്ളാം. അതെ, ഇന്ന് ക്രൈസ്തവ സഭകൾ ക്രിസ്തുവില്ലാത്ത സഭകൾ ആയി വളർന്നുകൊണ്ടിരിക്കുന്നുവെന്ന് പറയുന്നവരുണ്ട്. അതാണ് ഷൈനിയുടെയും മക്കളുടെ മരണം നമുക്ക് കാണിച്ചു തരുന്നത്. പൊതുസമൂഹം ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കുമെന്ന് കരുതുന്നു. അങ്ങനെയായാൽ ഇനി ഇതുപോലുള്ള ആത്മഹത്യകളും ഇവിടെ കുറയും, തീർച്ച.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Shaini and her children’s tragic raises questions about the Christian church’s responsibility towards the mental health and well-being of its members.


#Shaini #ChristianChurchResponsibility #MentalHealth #Prevention #Kasaragod #Christianity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia