ഫാഷിസ്റ്റ് അതിക്രമത്തിനെതിരെ കേരളം വീണ്ടും ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ശാഫി പറമ്പില്‍

 



തിരുവനന്തപുരം: (www.kvartha.com 25.05.2021) ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ഫാഷിസ്റ്റ് അതിക്രമത്തിനെതിരെ കേരളം ഒന്നിക്കണമെന്ന് യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ശാഫി പറമ്പില്‍ എം എല്‍ എ. അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും ദ്വീപ് നിവാസികള്‍ക്ക് പിന്തുണ അറിയിച്ചും കേരള നിയമസഭ ഐക്യദാര്‍ഢ്യ പ്രമേയ പാസാക്കണമെന്ന് ശാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീകെര്‍ എം ബി രാജേഷ്, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് ശാഫി പറമ്പില്‍ കത്ത് നല്‍കി.

കേന്ദ്ര സര്‍കാരിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ള സാംസ്‌കാരിക അധിനിവേശമാണ് ലക്ഷദ്വീപിലെ സംഭവവികാസങ്ങള്‍. ഇത്തരം ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപിലെ ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഫാഷിസ്റ്റ് അതിക്രമത്തിനെതിരെ കേരളം വീണ്ടും ഒന്നിക്കണം; ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ശാഫി പറമ്പില്‍


ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍ ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കണമെന്നും ശാഫി പറമ്പില്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.

14-ാം നിയമസഭയില്‍ പൗരത്വനിയമത്തിനും, കാര്‍ഷിക നിയമത്തിനുമെതിരെ പ്രമേയം പാസാക്കിയിരുന്നു. 15-ാം കേരള നിയമസഭയില്‍ തിങ്കളാഴ്ചയാണ് എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച സ്പീകെര്‍ തെരഞ്ഞെടുപ്പും നടന്നിരുന്നു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

 

 Keywords:  News, Kerala, State, Thiruvananthapuram, Lakshadweep, Letter, Speaker, Chief Minister, Assembly, Shafi Parampil wants a resolution to be passed in the Assembly for Lakshadweep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia