SWISS-TOWER 24/07/2023

ഡിവൈഎഫ്ഐ പ്രതിഷേധക്കാരുടെ മുന്നിലേക്കിറങ്ങി ഷാഫി പറമ്പിൽ; കടുത്ത പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ

 
A photo of Shafi Parambil, Vadakara MLA
A photo of Shafi Parambil, Vadakara MLA

Photo Credit: Facebook/ Shafi Parambil

● അക്രമരാഷ്ട്രീയം തുടർന്നാൽ തിരിച്ചടിക്കുമെന്ന് കോൺഗ്രസ്.
● വിഡി സതീശനും രമേശ് ചെന്നിത്തലയും ശക്തമായി പ്രതികരിച്ചു.
● വ്യാഴാഴ്ച കോഴിക്കോട് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തും.
● സിപിഎം പകപോക്കൽ നടത്തുകയാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.

വടകര: (KVARTHA) വടകര നഗരത്തിൽ വെച്ച് ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. 'രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കിയില്ലേ' എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ എംപിയുടെ കാർ തടഞ്ഞത്. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി നിലകൊണ്ടപ്പോൾ, കാറിൽനിന്നിറങ്ങിയ ഷാഫി രൂക്ഷമായി പ്രതികരിച്ചു. അതോടെ പോലീസുകാർ ഷാഫിക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഇടയിൽ നിലയുറപ്പിച്ചു.

Aster mims 04/11/2022

'തെറി പറഞ്ഞാൽ കേട്ടുനിൽക്കില്ല. അതിനു വേറെ ആളെ നോക്കണം, നായേ, പട്ടീ എന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കുമെന്നു കരുതേണ്ട. സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നു. ധൈര്യമുണ്ടെങ്കിൽ, ആർജവമുണ്ടെങ്കിൽ പിണറായി വിജയനെതിരെ സമരം ചെയ്യ്' എന്നും ഷാഫി സമരക്കാരോട് പറഞ്ഞു. പോലീസ് വലയത്തിൽ നിന്ന് പുറത്തിറങ്ങിയ ഷാഫി, കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരോടു പ്രതികരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.

'അടിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുണ്ട്'

സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കോൺഗ്രസ് നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുള്ളവർ തന്നെയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. തെരുവ് യുദ്ധം ആരംഭിക്കാൻ ശ്രമിച്ചാൽ കനത്ത വില കൊടുക്കേണ്ടിവരുമെന്നും സിപിഎമ്മിൻ്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിർത്താൻ പാർട്ടി അടിയന്തര നടപടികൾ എടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സിപിഎം-ഡിവൈഎഫ്ഐ ക്രിമിനലുകൾ നടത്തിയ അസഭ്യവർഷവും സമരാഭാസവും ജനാധിപത്യവിരുദ്ധവും മര്യാദകേടുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഷാഫിക്കെതിരെ സിപിഎം നടത്തുന്ന മൂന്നാംകിട നാടകം തുടർന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം ജനപ്രതിനിധികളും റോഡിലിറങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിൻ്റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സിപിഎം ക്രിമിനലുകൾ പ്രതിഷേധിക്കേണ്ടത്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗർബല്യമായി കാണരുത്. ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കും,' സതീശൻ പറഞ്ഞു.

പ്രതിഷേധവുമായി യുഡിഎഫ്, ഡിസിസി

വടകര എം.പി. ഷാഫി പറമ്പിലിനെതിരെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ തുടർച്ചയായി നടത്തുന്ന അതിക്രമങ്ങൾ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു. കെ.കെ. ശൈലജയെ വടകരയിൽ പരാജയപ്പെടുത്തിയത് മുതൽ ഷാഫി പറമ്പിലിനോട് സിപിഎമ്മും അവരുടെ പോഷകസംഘടനകളും വച്ചുപുലർത്തുന്ന പകയാണ് ഈ പ്രതിഷേധത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് മുന്നിൽ തലകുനിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഗുണ്ടകളെ ഇറക്കി തെരുവിൽ തടഞ്ഞും അസഭ്യം പറഞ്ഞും തളർത്താമെന്ന് കരുതേണ്ടെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു. അതേസമയം, സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നടപടിയിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കോഴിക്കോട്ടെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും അറിയിച്ചു.

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലിനെ ആക്രമിച്ചവർക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ എംഎൽഎ വടകര പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഈ വിഷയത്തിൽ നിങ്ങൾക്ക് പറയാനുള്ളത് എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: DYFI protests against MP Shafi Parambil; Congress leaders react strongly.

#ShafiParambil, #DYFI, #Vadakara, #KeralaPolitics, #Protest, #UDF





 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia