Kodiyeri Balakrishnan | പാര്‍ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടന നടപടി സ്വീകരിക്കുമെന്ന് കോടിയേരി

 

തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന പുകമറ തുറന്നുകാട്ടുമെന്ന് സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും വിലവര്‍ധനവിനെതിരായും സി പി എം ശക്തമായ പ്രചാരണം നടത്തും. ജൂലൈ 15 നകം ഏരിയ തലത്തില്‍ വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. ജില്ലാ തലത്തിലുള്ള പ്രചാരണം ജുലൈ മൂന്നിനകം പൂര്‍ത്തീകരിക്കും. സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും ഇതില്‍ ഉള്‍പെടുത്തും. സെപ്തംബറില്‍ ആദ്യത്തെ രണ്ടാഴ്ച വീടുകളിലും തൊഴില്‍ശാലകളിലും ജനങ്ങളെ കണ്ട് പാര്‍ടി ഫന്‍ഡ് പിരിവ് നടത്തുമെന്നും  കോടിയേരി വ്യക്തമാക്കി.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പാര്‍ടി ചര്‍ച ചെയ്തു. തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലമാണ്. എല്ലാ കാലത്തും യുഡിഎഫാണ് ജയിച്ചത്. എല്‍ഡിഎഫ് നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ എതിര്‍ചേരിയിലെ വോടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫിന് യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അതോടൊപ്പം ബിജെപിയുടെ വോടും ലഭിച്ചു. അത് ബിജെപി സ്ഥാനാര്‍ഥിയും സമ്മതിച്ചതാണെന്നും കോടിയേരി പറഞ്ഞു. 

ട്വന്റി ട്വന്റിയുടെ വോട് പൂര്‍ണമായും യുഡിഎഫിന് ലഭിച്ചു. എസ്ഡിപിഐ വെല്‍ഫെയര്‍ പാര്‍ടി എന്നിവരും സംഘടിതമായി യുഡിഎഫിന് വോട് ചെയ്തു. ഇതെല്ലാം യുഡിഎഫിന് സഹായമായി. ന്യൂനപക്ഷങ്ങളെത്തന്നെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ധ്രുവീകരണം നടന്നുവരികയാണ്. ഇടതുപക്ഷ വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തുടക്കമാണ് തൃക്കാക്കരയില്‍ നടന്നത്. ഇതിലെല്ലാം ആര്‍എസ്എസ് ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രശ്നങ്ങളുണ്ടെങ്കിലും അത്തരമൊരു അക്രമം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അത് ജനങ്ങളില്‍ നിന്ന് നമ്മെ അകറ്റുകയാണ് ചെയ്യുക. പാര്‍ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടനാ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ അക്രമത്തെ തള്ളിപ്പറഞ്ഞിരുന്നില്ല എന്നും കോടിയേരി പറഞ്ഞു. ഗാന്ധി ചിത്രം തകര്‍ത്തത് ആരെന്ന് പൊലീസ് കണ്ടെത്തണം. എസ്എഫ്‌ഐ സമരം നടക്കുമ്പോള്‍ ഫോടോ അവിടെയുണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
 
Kodiyeri Balakrishnan | പാര്‍ടി അംഗങ്ങള്‍ ആരെങ്കിലും എംപിയുടെ ഓഫിസ് ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ സംഘടന നടപടി സ്വീകരിക്കുമെന്ന് കോടിയേരി

കല്‍പ്പറ്റയില്‍ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫിസ് ആക്രമിച്ചത് എന്തിനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. അക്രമത്തില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. വയനാട് ബ്യൂറോ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ സ്ത്രീകളെയും കുട്ടികളെയും അക്രമികള്‍ പരിഭ്രാന്തരാക്കി. 

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളൊന്നും വേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ചോദ്യങ്ങളെ ഭയക്കുകയല്ല പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കണ്ണൂരിലും കോട്ടയത്തും കോണ്‍ഗ്രസ് അക്രമം നടത്തി. പൊലീസിന് നേരെ വലിയ തോതിലുള്ള അക്രമമുണ്ടായി. നേതൃത്വത്തിന് അവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.

കാളിക്കാവില്‍ സിപിഎമിന്റെ കൊടികളും ബോര്‍ഡുകളും തകര്‍ത്തു. എസ്എഫ്ഐയെ ഒറ്റപ്പെടുത്താനുളള ശ്രമമാണ് നടക്കുന്നത്. 36 എസ്എഫ്ഐ പ്രവര്‍ത്തകരെയാണ് കെഎസ്യുക്കാര്‍ കൊലപ്പെടുത്തിയത്. വയനാട്ടിലെ സംഭവത്തില്‍ കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിക്കുന്നവരെ മാത്രം പിടികൂടാന്‍ പാടില്ല. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. 

മറ്റുള്ളവരുടെ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടാകാന്‍ പാടില്ല. മാര്‍ചുകള്‍ നടത്തുമ്പോള്‍ നിയന്ത്രണം വേണം. സമാധാനപരമായി പ്രതിഷേധ പരിപാടികള്‍ നടത്തണം. അക്രമങ്ങളില്‍ നിന്ന് പാര്‍ടി പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.

Keywords:  SFI attack on Rahul's office may alienate people from CPM: Kodiyeri Balakrishnan, Kodiyeri Balakrishnan, News, Politics, Press meet, CPM, Trending, Criticism, Kerala.ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia