TP Case | മെയ് മാസം രാത്രിയില്‍ നടന്ന അരുംകൊല, കയ്യില്‍ നിന്നും ചോരമണം മായാതെ സിപിഎം; ടി പിയുടെ ഓര്‍മകള്‍ വീണ്ടും വേട്ടയാടുമ്പോള്‍

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ അതിക്രൂര കൊലപാതകത്തിന് ഒരു വ്യാഴവട്ടം തികയുമ്പോഴും അതിന്റെ ചോരക്കറയില്‍നിന്ന് മുക്തമാകാതെ സിപിഎം പ്രതിരോധത്തില്‍ തന്നെ നില്‍ക്കുന്നു. അന്‍പത്തിയൊന്നു വെട്ടുവെട്ടിയ അരും കൊലയില്‍ സിപിഎം ബന്ധം ആവര്‍ത്തിച്ച് വ്യക്തമാക്കിയ കീഴ്ക്കോടതി വിധിയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് തിങ്കളാഴ്ച്ചയുണ്ടായ ഹൈക്കോടതി വിധി. ടി.പി വധത്തില്‍ ഒഞ്ചിയത്തെയും പാനൂരിലെയും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുകൂടി പങ്കുണ്ടെന്ന വിധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.
 
TP Case | മെയ് മാസം രാത്രിയില്‍ നടന്ന അരുംകൊല, കയ്യില്‍ നിന്നും ചോരമണം മായാതെ സിപിഎം; ടി പിയുടെ ഓര്‍മകള്‍ വീണ്ടും വേട്ടയാടുമ്പോള്‍



വീണ്ടും ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉയര്‍ന്നുവരുന്നത് വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം ഒതുങ്ങുകയില്ലെന്നും രാഷ്ട്രീയനിരീക്ഷകര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കാനും ഗോവിന്ദന്‍ മറന്നില്ല. എന്നാല്‍ കൊലയില്‍ പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയ കെ.കെ കൃഷണനും ജ്യോതിബാബുവും ഇപ്പോഴും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളായി പ്രവര്‍ത്തിച്ചിരിക്കുകയാണ്.
 
TP Case | മെയ് മാസം രാത്രിയില്‍ നടന്ന അരുംകൊല, കയ്യില്‍ നിന്നും ചോരമണം മായാതെ സിപിഎം; ടി പിയുടെ ഓര്‍മകള്‍ വീണ്ടും വേട്ടയാടുമ്പോള്‍



ദീര്‍ഘകാലം സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെ.കെ കൃഷ്ണന്‍. നേരത്തെവടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന്‍ ഏറെക്കാലം ഒഞ്ചിയം ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്നു. പ്രായാധിക്യത്താല്‍ അടുത്തിടെ ഏരിയാ കമ്മിറ്റി ഭാരവാഹിത്വമൊഴിഞ്ഞ എഴുപത്താരുകാരനായ കൃഷ്ണന്‍ നിലവില്‍ തട്ടോളിക്കര കിഴക്ക് ബ്രാഞ്ച് അംഗമാണ്. പാനൂര്‍ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ജ്യോതിബാബു. മേപ്പയ്യൂരില്‍ ക്രഷര്‍ മിക്സിങ് യൂണിറ്റ് നടത്തിവരികയാണ് ഇയാള്‍.


ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രന്‍ വഴിയാണ് ജ്യോതിബാബു അരുംകൊലയില്‍ പങ്കാളിയായതെന്ന് അന്നത്തെ അന്വേഷണ ഉദ്യേഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ നിരന്തരം പറയുമ്പോഴും പ്രതിപ്പട്ടികയിലുള്ളവരില്‍ ഒട്ടുമിക്കവരും പാര്‍ട്ടി ഭാരവാഹികളോ പ്രവര്‍ത്തകരോ ആണെന്നതാണ് യാഥാര്‍ത്ഥ്യം. പ്രതിപ്പട്ടികയില്‍ നിന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.മോഹനനെ ഒഴിവാക്കിയതു മാത്രമാണ് സി.പി.എമ്മിന് നേരിയ ആശ്വാസത്തിന് വക നല്‍കുന്നത്.
പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍, പ്രാദേശികനേതാവ് കെ.സി രാമചന്ദ്രന്‍ എന്നിവരെ വിചാരണക്കോടതി ശിക്ഷിച്ചപ്പോള്‍ കുഞ്ഞനന്തനുവേണ്ടി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.


കണ്ണൂര്‍ ജയിലിലലെത്തിയ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകപോലുമുണ്ടായി. ജയിലില്‍ കഴിയുമ്പോഴും സി.പി.എം ഏരിയ കമ്മിറ്റി അംഗമായിരുന്നു കുഞ്ഞനന്തന്‍. കണ്ണൂര്‍ ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളായ കൊടിസുനി, കിര്‍മാണി മനോജ്. ഷാഫി, സനോജ്, ടി.കെ രജീഷ് അണ്ണന്‍സിജിത്ത്, തുടങ്ങി ചുടുചോരകൊതിക്കുന്നവരെ കൊണ്ടു ഒരു മെയ് മാസ തുടക്കത്തില്‍ നടന്ന അരുംകൊലയാണ് പാര്‍ട്ടിയെ പതിറ്റാണ്ടു കഴിഞ്ഞിട്ടും വേട്ടയാടുന്നത്.

Keywords: News, Malayalam-News, Kerala, Politics, TP Chandrasekharan, CPM, LDF, Politics, Lok Sabha election, Setback for CPM in TP Chandrasekharan murder case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia