Suspended | അപസ്മാരബാധയുമായി എത്തിയ യുവാവിനെ മെഡികല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ സര്‍ജന്റിനെ സസ്പെന്‍ഡ് ചെയ്തു


സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു
ആക്രമണത്തിനിരയായത് പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി ശ്രീകുമാര്‍
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
തിരുവനന്തപുരം: (KVARTHA) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചെന്ന സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റേതാണ് നടപടി. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു.
പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി ശ്രീകുമാറാണ്(38) ആക്രമണത്തിനിരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം 16ന് അപസ്മാരബാധയുണ്ടായ യുവാവിനെ സുഹൃത്ത് പേരൂര്‍ക്കട ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ച ശേഷം യുവാവിന്റെ അമ്മയെ വിളിക്കാന്‍ സുഹൃത്ത് പോയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയും ആശുപത്രിക്ക് പുറത്താക്കുകയും ചെയ്‌തെന്നാണ് ആരോപണം. യൂനിഫോം ധരിച്ച രണ്ടു പേരും യൂണിഫോം ഇല്ലാത്ത ഒരാളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.