Criticism | തോമസ് ഐസക്കും ജി സുധാകരനും പി ജയരാജനും ലക്ഷ്യമിടുന്നത് ആരെ? പാര്‍ടിയേയോ അതോ പിണറായിയെ തന്നെയോ? തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സിപിഎമില്‍ ഒളിയുദ്ധം തുടങ്ങി


പാര്‍ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും ജനങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ മരവിപ്പിച്ചത് തിരിച്ചടിയായെന്നും
തോമസ് ഐസക്
മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് പഴയ ബന്ധമില്ലെന്നും ആലപ്പുഴയിലെ പാര്‍ടി ജില്ലാ നേതൃത്വം അവഗണിച്ചപ്പോള്‍ പാര്‍ടി നേതൃത്വം ഇടപെട്ടില്ലെന്നും ജി സുധാകരന്‍
പാര്‍ടിക്കേറ്റ തോല്‍വി ആഴത്തില്‍ പഠിക്കണമെന്ന വാദവുമായി പി ജയരാജനും
നവോദിത്ത് ബാബു
കണ്ണൂര്‍: (KVARTHA) പാര്‍ടിയുടെ ലോക് സഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയില്‍ പരസ്യ പ്രതികരണവുമായി തലമുതിര്‍ന്ന നേതാക്കള്‍ രംഗത്തുവരുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിന് തലവേദനയാകുന്നു. പാര്‍ടിക്കുളളില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തുപറയുന്ന സംഘടനാ ലംഘനം നേതാക്കള്‍ നടത്തുന്നത് തടയാനാവാത്തത് സിപിഎമില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
സിപിഎം കേന്ദ്രകമിറ്റി അംഗം തോമസ് ഐസക്, മുന്‍മന്ത്രി ജി സുധാകരന്‍ എന്നീ ആലപ്പുഴയിലെ നേതാക്കളാണ് പാര്‍ടിയെ തിരുത്താന്‍ പരസ്യമായി രംഗത്തിറങ്ങിയത്. കേന്ദ്രകമിറ്റി അഗമായ തോമസ് ഐസക് പാര്‍ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും ജനങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ മരവിപ്പിച്ചത് തിരിച്ചടിയായെന്നുമാണ് പറഞ്ഞത്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഐസകിന്റെ തുറന്നടിക്കല്‍.
ജനങ്ങളോട് സംവദിച്ച് മുന്‍പോട്ട് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണമെന്നാണ് ഐസക് ചൂണ്ടിക്കാട്ടിയത്. മുന്‍ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് രണ്ടാം പിണറായി സര്‍കാരിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തുവന്നത് സിപിഎം കേന്ദ്ര നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
നിലവില്‍ പാര്‍ടി കേന്ദ്രകമിറ്റി അംഗമാണ് തോമസ് ഐസക്. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ വമ്പന്‍ തോല്‍വി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ തോമസ് ഐസക്കിനുണ്ടായിരുന്നു. ഇതില്‍ നിരാശനായ ഐസക് ഇപ്പോഴിതാ പാര്‍ടിക്കും സര്‍കാരിനുമെതിരെയുളള തന്റെ വിമര്‍ശനങ്ങള്‍ സംഘടനാ ഘടകങ്ങളില്‍ പറയാതെ പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്.
മുന്‍ മന്ത്രിയായ ജി സുധാകരനും സംസ്ഥാന സര്‍കാരിനും പാര്‍ടി നേതൃത്വത്തിനുമെതിരെ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് പഴയ ബന്ധമില്ലെന്നും ആലപ്പുഴയിലെ പാര്‍ടി ജില്ലാ നേതൃത്വം അവഗണിച്ചപ്പോള്‍ പാര്‍ടി നേതൃത്വം ഇടപെട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കരീംക്ക എന്ന പേരില്‍ പാര്‍ടി കേന്ദ്രകമിറ്റിയംഗം വോട് പിടിച്ചത് ശരിയായ നടപടിയായിരുന്നില്ലെന്ന വിമര്‍ശനവും സുധാകരന്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ പാര്‍ടി സംസ്ഥാന കമിറ്റി അംഗം പി ജയരാജനും പാര്‍ടിക്കേറ്റ തോല്‍വി ആഴത്തില്‍ പഠിക്കണമെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്. പാനൂരില്‍ നടന്ന പികെ കുഞ്ഞനന്തന്‍ അനുസ്മരണ സമ്മേളനം ഉദ് ഘാടനം ചെയ്തുകൊണ്ടായിരുന്നു ജയരാജന്റെ പരാമര്‍ശം.
ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് പാര്‍ടിയില്‍ മുഖ്യധാരയിലുണ്ടായിരുന്ന മൂന്ന് നേതാക്കളാണ് പരസ്യമായി പാര്‍ടിയെയും സര്‍കാരിനെയും വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. ഇതിനോടൊപ്പം മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി സിപിഐ ജില്ലാ കൗണ്‍സിലും രംഗത്തുവന്നത് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.