Anniversary | രണ്ടാം പിണറായി സര്‍കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകിട്ട് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും; കരിദിനമായി ആചരിക്കാന്‍ ബിജെപി; രാപ്പകല്‍ സമരം തുടരുന്നു; പ്രതിഷേധവുമായി യുഡിഎഫും

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടെ കുടുംബത്തിലെ  അഴിമതി ആരോപണം ഉള്‍പെടെയുള്ള വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപോര്‍ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. 

വടക്ക് മുതല്‍ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിര്‍മാണം അടക്കം സര്‍കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്. രണ്ട് വര്‍ഷത്തെ സര്‍കാര്‍ പ്രോഗ്രസ് കാര്‍ഡില്‍ മുന്നില്‍ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിര്‍മാണത്തിന്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കല്‍ കടമ്പ മറികടക്കാനായത് വലിയ നേട്ടം. രണ്ട് വര്‍ഷം കൊണ്ട് ലൈഫ് മിഷനില്‍ പൂര്‍ത്തിയായത് 50,650 വീടുകളാണ്.

കരുതലിന്റെ പേരിലായിരുന്നു ചരിത്രമായ ഭരണത്തുടര്‍ച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വര്‍ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സര്‍കാരിന്റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിന്റെ ഹാംഗ് ഓവര്‍ മാറാതെ സര്‍കാര്‍. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സര്‍കാര്‍ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്.

ഒരു വശത്ത് പഴയ വീര്യം പറഞ്ഞ് ക്രുദ്ധനായും മറുവശത്ത് മൗനം തുടര്‍ന്നുമുള്ള പിണറായി പ്രതിരോധം നേരിടുന്നത് വന്‍ വിമര്‍ശനമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കംപനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങള്‍. മകന്റെ ഭാര്യാപിതാവിന്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോള്‍ റോഡിലെ കാമറ വിവാദത്തിന്റെ ഫോകസ്. അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയില്ലാത്തത് സര്‍കാറിനെ സംശയ നിഴലിലാക്കുന്നു.

ക്രമസമാധാനപാലനത്തില്‍ നമ്പറുകളുടെ അവകാശവാദങ്ങളുണ്ടെങ്കിലും രണ്ട് വര്‍ഷം കേരളം ചര്‍ച്ച ചെയ്ത പ്രധാന സംഭവങ്ങളിലെല്ലാം പൊലീസ് പ്രതിക്കൂട്ടിലാണ്. പ്രതിഷേധങ്ങളെ വകമാറ്റി അതിവേഗപാതയൊരുക്കാന്‍ ശ്രമിച്ച സര്‍കാറിനെ കെ റെയിലില്‍ ജനങ്ങള്‍ തന്നെ മുട്ടുക്കുത്തിച്ചു. എന്നാല്‍ എതിരാളികളുടെ കുത്തകമണ്ഡലം പോലും പിടിക്കാമെന്ന ഇടത് ആത്മവിശ്വാസം തൃക്കാക്കരയില്‍ തകര്‍ന്നു.

അതേസമയം, മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നികുതികള്‍ കുത്തനെ കൂട്ടിയതിന്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടല്‍ ഉടന്‍ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍കാര്‍ നീക്കങ്ങളെല്ലാം കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ വിവാദങ്ങങ്ങളും പ്രതിസന്ധികളും മറികടക്കലാണ് പിണറായി സര്‍കാറിന് മുന്നിലെ വെല്ലുവിളി.

അതിനിടെ, രണ്ടാം പിണറായി സര്‍കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കരിദിനമായി ആചരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപിയുടെ രാപ്പകല്‍ സമരം തുടരുകയാണ്. ജില്ലാ കേന്ദ്രങ്ങളിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന നേതാക്കള്‍ കരിദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമാകും. സര്‍കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും ഭരണം തകര്‍ന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ബിജെപി പ്രതിഷേധം. വൈകിട്ട് വരെയാണ് രാപ്പകല്‍ സമരം നടക്കുക.

രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ സര്‍കാരിനെതിരെ യുഡിഎഫും പ്രതിഷേധത്തിലാണ്. 10 മണിയോടെ യുഡിഎഫ് സെക്രടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം. എഐസിസി ജെനറല്‍ സെക്രടറി 10 മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. സര്‍കാരിനെതിരായ കുറ്റപത്രം സമരത്തിനിടയില്‍ വായിക്കും.

Anniversary | രണ്ടാം പിണറായി സര്‍കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; വൈകിട്ട് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കും; കരിദിനമായി ആചരിക്കാന്‍ ബിജെപി; രാപ്പകല്‍ സമരം തുടരുന്നു; പ്രതിഷേധവുമായി യുഡിഎഫും


Keywords:  News, Kerala-News, Kerala, Politics-News, Politics, News-Malayalam, Congress, BJP, Politics, Protest, Party, Political Party, Pinarayi Govt, State Govt, Progress Card, Anniversary, Second Pinarayi Government's anniversary; Third year Progress card will be issued today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia