SWISS-TOWER 24/07/2023

LDF Govt | അണികളില്‍ പോലും സന്ദേഹമുണ്ടാക്കി വിവാദങ്ങളില്‍ ആടിയുലയഞ്ഞ് 2-ാം പിണറായി സര്‍കാര്‍; തൊട്ടതെല്ലാം പിഴച്ച് കണ്ണൂരിലെ നേതാക്കള്‍

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) രണ്ടാം പിണറായി സര്‍കാര്‍ ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ തൊട്ടതെല്ലാം പിഴച്ച് കണ്ണൂരിലെ നേതാക്കള്‍. നേരത്തെ വികസന പോഗ്രസ് കാര്‍ഡ് ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരുന്ന പിണറായി സര്‍കാര്‍ ഇപ്പോള്‍ വിവാദങ്ങളുടെ കാറ്റിലും കോളിലും പെട്ട് ഉഴലുകയാണെന്ന് വേണം കരുതാന്‍.
Aster mims 04/11/2022

'കഴിഞ്ഞ ഭരണത്തിന്റെ തുടര്‍ച്ചയായ ലൈഫ് അഴിമതി കേസും സ്വര്‍ണ- ഡോളര്‍ കടത്ത് ആരോപണങ്ങളും കോവിഡിനെ മറയാക്കി പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ഇപ്പോള്‍ സ്വപ്നാ സുരേഷ് നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഭരണത്തിന്റെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ് പ്രതികൂട്ടിലാകുന്നത്. പ്രതിപക്ഷം ഇതുയര്‍ത്തി പിടിച്ചുകൊണ്ട് നടത്തുന്ന നിലയ്ക്കാത്ത പ്രതിഷേധങ്ങള്‍ പാര്‍ടി അണികളില്‍ പോലും സന്ദേഹമുണ്ടായിരിക്കുകയാണ്. 

മടിയില്‍ കനമില്ലാത്തതിന് വഴിയില്‍ കനമില്ലെന്ന പഴഞ്ചൊല്ലുകൊണ്ട് ഇതിനെയൊക്കെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഇനിയെത്ര കാലം നേരിടാന്‍ കഴിയുമെന്ന ചോദ്യം ഘടകകക്ഷി നേതാക്കളില്‍ നിന്നു പോലും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്.

സീസറിന്റെ ഭാര്യ കളങ്കിതയോ?

കഴിഞ്ഞ യു ഡി എഫ് സര്‍കാരിന്റെ കാലത്ത് ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയെ വേട്ടയാടാന്‍ സി പി എം ഉപയോഗിച്ച ആയുധമായിരുന്നു ഈ കോടതിയുടെ പരാമര്‍ശം. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബൂമറാങ് പോലെ ഇതു സര്‍കാരിനെയും പാര്‍ടിയെയും പിന്തുടരുകയാണ്. കോടതി പറഞ്ഞ ആലങ്കാരികപ്രയോഗം യാഥാര്‍ഥ്യമാകുന്നതാണ് രണ്ടാം പിണറായി സര്‍കാരില്‍ രാഷ്ട്രീയ കേരളം കാണുന്നത്. 

ചരിത്രത്തിലാദ്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കുടുംബം മൂന്നിലേറെ അഴിമതി ആരോപണങ്ങളില്‍ വിധേയമാകുന്നത്. ഒരു കമ്യുനിസ്റ്റ് മുഖ്യമന്ത്രിയെ സംബന്ധിച്ചിടുത്തോളം തികച്ചും അചിന്തനീയമായ കാര്യമാണിത്. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിലെ നിജസ്ഥിതിയില്‍ പലതും കോടതി തീരുമാനിക്കേണ്ടതാണെങ്കിലും ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കുന്നതിലെ വൈമനസ്യം മുഖ്യമന്ത്രി തുടരുന്നതാണ് അഭ്യൂഹങ്ങളുടെ പുകമറയ്ക്കുള്ളില്‍ തന്നെ സര്‍കാരിനെ നിര്‍ത്തുന്നത്.

തൊട്ടതെല്ലാം പിഴയ്ക്കുന്ന നീക്കങ്ങള്‍

രണ്ടാം പിണറായി സര്‍കാരിന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പും പൊലീസും തന്നെയാണ്. പൊലീസിനെ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊളിറ്റികല്‍ സെക്രടറിയായി കുടിയിരുത്തിയ പി ശശി സ്വീകരിക്കുന്ന നടപടികള്‍ സര്‍കാരിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടം സൃഷ്ടിക്കുകയാണ്. പി സി ജോര്‍ജിന്റെ അറസ്റ്റ് മുതല്‍ ശബരിനാഥിനെതിരെയുള്ള നടപടികള്‍ വരെ കോടതിയില്‍ നിന്നുള്ള ഇടപെടല്‍ സര്‍കാരിനെ നാണം കെടുത്തുകയും ചെയ്തു.

ദിനേശന്‍ പുത്തലത്തിന് പകരം ശശിയെന്ന മുഖ്യമന്ത്രിയുടെ വിശ്വസ്തനെ പൊലീസിന്റെ കടിഞ്ഞാണ്‍ സിപിഎം ഏല്‍പിച്ചത് വിവാദരഹിതമായ നിയമപാലനമെന്ന ലക്ഷ്യമിട്ട് കൊണ്ടാണെങ്കിലും തുടക്കത്തിലെ അത് പാളുന്നതാണ് ജനങ്ങള്‍ കണ്ടത്. ഭരണത്തിന് ബാധ്യതയായി മാറിയ ശശിഭരണം ഇനിയും പൊലീസില്‍ തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയുമെന്ന പ്രതീതി സിപിഎമിനുള്ളിലും ഉയരുന്നുണ്ട്.

ഇപിയുണ്ടാക്കുന്ന പുകിലുകള്‍
ശശിയെ പോലെ സിപിഎമിനും സര്‍കാരിനും ഇടതുമുന്നണിക്കും മറ്റൊരു വൈതരണി സൃഷ്ടിക്കുകയാണ്. ഇടതുമുന്നണി കന്‍വീനറായ ഇ പി ജയരാജന്‍. വി എസ് നേരത്തെ എല്‍ ഡി എഫ് കന്‍വീനറായപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പരിസ്ഥിതി - മനുഷ്യാവകാശ വിഷയങ്ങളില്‍ ക്രിയാത്മക ചലനം സൃഷ്ടിച്ചിരുന്ന സ്ഥാനത്ത് ഇ പി അവരോധിക്കപ്പെട്ടപ്പോള്‍ വിവാദങ്ങളാണ് ഒന്നിനു പുറകെ ഒന്നായി ഉയരുന്നത്. ഇതില്‍ പലതും പാര്‍ടിക്ക് മാത്രമല്ല മുന്നണിക്കും ദോഷകരമായാണ് മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ടു നിറയുന്ന ഒരു കണ്‍വീനര്‍ ഇടതുമുന്നണിക്കുണ്ടാവുന്നത് ഇതാദ്യമാണ്. 

LDF Govt | അണികളില്‍ പോലും സന്ദേഹമുണ്ടാക്കി വിവാദങ്ങളില്‍ ആടിയുലയഞ്ഞ് 2-ാം പിണറായി സര്‍കാര്‍; തൊട്ടതെല്ലാം പിഴച്ച് കണ്ണൂരിലെ നേതാക്കള്‍


കഴിഞ്ഞ കന്‍വീനര്‍ എ വിജയരാഘവന്‍ വികട സരസ്വതി കൊണ്ടു വിവാദങ്ങളില്‍ ചാടിയിരുന്നുവെങ്കിലും അതൊക്കെ പിന്നീട് കെട്ടടങ്ങിയിരുന്നു. എന്നാല്‍ നിയമസഭയിലില്ലാത്ത എല്‍ഡിഎഫ് കന്‍വീനറെ ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോപണ പെരുമഴ തീര്‍ക്കുന്നത് ചരിത്രത്തിലെ തന്നെ ആദ്യ സംഭവങ്ങളിലൊന്നാണ്. എല്‍ഡിഎഫ് കന്‍വീനറായ ആദ്യ ദിനം തന്നെ മുസ്ലീം ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച ചെയ്തുവരികയാണെന്ന ഇപിയുടെ പ്രസ്താവന വിവാദമായപ്പോള്‍ ഒടുവില്‍ പാര്‍ടി സെക്രട്ടറിയേറ്റിന് തന്നെ ഇടപെടെണ്ടി വന്നു. പിന്നീടങ്ങോട്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ കരുതലോടെ പ്രവര്‍ത്തികേണ്ട ജാഗ്രത ഇ പി ജയരാജന്‍ തുടര്‍ന്നില്ലെന്നതിന്റെ പരിണിത ഫലങ്ങളാണ് എകെജി സെന്റര്‍ ബോംബേറിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഏറ്റവും ഒടുവില്‍ ഇന്‍ഡിഗോ വിലക്കും വിമാനത്തില്‍ യൂത് കോന്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതിനെ തുടര്‍ന്നുള്ള കേസുകളും. 

രണ്ടാം പിണറായി സര്‍കാര്‍ വിവാദങ്ങളില്‍ മുങ്ങിതാഴുന്നത് ഭരണത്തിന്റെ ശോഭ കെടുത്തുമ്പോള്‍ വര്‍ധിത വീര്യത്തോടെ ശക്തിപ്രാപിക്കുകയാണ് കോന്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര. പാര്‍ടിയിലും മുന്നണിയിലും ഇതുവരെ കാണാത്ത ഐക്യപ്പെടലുകള്‍ കോന്‍ഗ്രസ് നേതാക്കള്‍ നടത്തുമ്പോള്‍ അതു സര്‍കാരിന് വരും നാളുകളില്‍ ശുഭസൂചനയല്ല നല്‍കുന്നതെന്ന് പറയേണ്ടിവരും.

Keywords:  News,Kerala,State,Kannur,LDF,Criticism,Top-Headlines,Politics, party,Controversy, Second Pinarayi government reeling in controversies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia