Statue| വിശ്രുത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പൂര്‍ണകായ പ്രതിമ ഒരുക്കി പയ്യന്നൂരിലെ ശിൽപി ഉണ്ണികാനായി
പാലക്കാട് നഗരഹൃദയത്തില്‍ പ്രതിമ സ്ഥാപിക്കും
കണ്ണൂര്‍: (KVARTHA) തെന്നിന്ത്യന്‍ ഇതിഹാസഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പൂര്‍ണകായപ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. മലയാള ചലച്ചിത്ര പിന്നണിഗായകസംഘടന 'സമം' നിര്‍മ്മിക്കുന്ന 10 അടി ഉയരമുള്ള പ്രതിമ പയ്യന്നൂരില്‍ പ്രശസ്ത യുവശില്‍പി ഉണ്ണി കാനായിയുടെ നിര്‍മ്മാണശാലയില്‍ അവസാനഘട്ട മിനുക്കുപണികളിലാണ്.
മാസങ്ങള്‍ക്കുളളില്‍ ലോകമെമ്പാടുമുള്ള എസ്.പി.ബി ആരാധകര്‍ക്കായി പാലക്കാട് നഗരഹൃദയത്തില്‍ പ്രതിമ സ്ഥാപിക്കും. സമം പ്രസിഡന്റ് സുദീപ് കുമാര്‍, സെക്രട്ടറി രവിശങ്കര്‍, ട്രഷറര്‍ അനൂപ് ശങ്കര്‍, ഭരണസമിതി അംഗം അഫ്‌സല്‍ എന്നിവര്‍ കാനായിയില്‍ നേരിട്ടെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മനസിലാക്കി. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ പ്രതിമ കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സമം ഭാരവാഹികള്‍ പറഞ്ഞു.
പാന്റും കോട്ടും ഇട്ട് സൗമ്യമായിചിരിച്ച് കൊണ്ട് കൈകൂപ്പി നില്‍ക്കുന്ന രീതിയിലാണ് എസ് പി ബാലസുബ്രമണ്യത്തിന്റെ വെങ്കലശില്പം ഒരുങ്ങുന്നത്. ശില്പം പാലക്കാട് രാപ്പാടിയില്‍ സ്ഥാപിക്കും. മൂന്ന് മാസം കൊണ്ട് അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. നാലുമാസം സമയമെടുത്ത് കളിമണ്ണില്‍ പൂര്‍ത്തിയായ ശില്പം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്ത ശേഷം മെഴുകില്‍ നിര്‍മ്മിച്ച് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യും. ഷൈജിത്ത്, ഇ പി വിനേഷ്, പി വി അഭിജിത്ത്, ടി കെ രജനീഷ് എന്നിവരും ശില്‍പനിര്‍മാണത്തില്‍ പങ്കെടുക്കുന്നുണ്ട്.