Funeral | തിരക്കഥാകൃത്തും എഴുത്തുകാരനുമായ ശ്രീധരന്‍ ചമ്പാടിന് നാടിന്റെ യാത്രാമൊഴി


സര്‍കസ് കഥകളിലൂടെ പ്രശസ്തനായ സാഹിത്യകാരനും തമ്പ്, മേള എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാ രചയിതാവുമായിരുന്നു
വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പത്തായക്കുന്നിലെ ശ്രീവത്സത്തിലായിരുന്നു അന്ത്യം
തലശേരി: (KVARTHA) തിരക്കഥാകൃത്തും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബഹുമുഖ പ്രതിഭ ശ്രീധരന്‍ ചമ്പാടിന് നാടിന്റെ യാത്രാമൊഴി. സര്‍കസ് കലയെ നെഞ്ചോട് ചേര്‍ത്ത് സര്‍ഗാത്മതക ലോകം സൃഷ്ടിച്ച വടക്കെ മലബാറിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീധരന്‍ ചമ്പാട് (86) ഇനി ഓര്‍മകളില്‍ മാത്രമായി മാറി. ശനിയാഴ്ച വൈകിട്ട് വള്ള്യായി തണല്‍ വാതക ശ്മാശനത്തില്‍ നൂറ് കണക്കിനാളുടെ സാന്നിധ്യത്തില്‍ വടക്കെ മലബാറിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു.
സര്‍കസ് കഥകളിലൂടെ പ്രശസ്തനായ സാഹിത്യകാരനും തമ്പ്, മേള എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാ രചയിതാവുമായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പത്തായക്കുന്നിലെ ശ്രീവത്സത്തിലായിരുന്നു അന്ത്യം. 1938 ല്‍ കണ്ണൂര്‍ ജില്ലയിലെ ചമ്പാട് ഗ്രാമത്തില്‍ വൈദ്യക്കാരന്‍ കുഞ്ഞിക്കണ്ണന്‍ - തത്ത നാരായണി ദമ്പതികളുടെ മകനായാണ് ശ്രീധരന്‍ ജനിച്ചത്.
കുന്നുമ്മല്‍ ഹയര്‍ എലിമെന്‍ഡറി സ്‌കൂള്‍ ചമ്പാട്, ബോര്‍ഡ് ഹൈസ്‌കൂള്‍ കതിരൂര്‍, സെന്റ് ജോസഫ്‌സ് കോളജ് കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജ് ഓഫ് എന്‍ജിനിയറിങ് മദ്രാസില്‍ നിന്നും എന്‍ജിനിയറിങ് ഡിപ്ലോമ നേടി. ഗ്രേറ്റ് റെയ് മന്‍ സര്‍കസില്‍ ഫ് ളെയിങ് ട്രിപ്പിസ് കലാകാരനായും ജെമിനി, ജംബോ സര്‍കസുകളില്‍ പബ്ലിസിറ്റി മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പടയണി ആഴ്ച പതിപ്പിന്റെ ചീഫ് എഡിറ്റര്‍, പടയണി സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍, ജഗന്നാഥ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ജെനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്യോന്യം തേടി നടന്നവര്‍, കോമാളി റിംഗ്, അന്തരം, കൂടാരം (നോവലുകള്‍), അരങ്ങേറ്റം(നോവലൈറ്റ്), തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ചയും ആരോമലും, കിന്റ് (ബാല സാഹിത്യങ്ങള്‍), ഉത്തര പര്‍വം, സര്‍കസിന്റെ ലോകം (ലേഖന സമാഹാരങ്ങള്‍), ശ്രീധരന്‍ ചമ്പാട് സര്‍കസ് കഥകള്‍, കീലേരി, തമ്പ് പറഞ്ഞ ജീവിതം(ആത്മകഥ) എന്നിവയാണ് പ്രധാന കൃതികള്‍.
തമ്പ്, മേള എന്നീ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചു. കുമ്മാട്ടി ആരവം, അപൂര്‍വ്വ സഹോദരങ്ങള്‍, ജോക്കര്‍, ഭൂമി മലയാളം തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിര്‍മിതിയില്‍ പങ്കാളിയായി. തമ്പിലും ഭുമി മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: വത്സല. മക്കള്‍: റോഷ്‌നി റോഷന്‍, രോഹിത്, രോഹിന. കെപി മോഹനന്‍ എംഎല്‍എ ഉള്‍പെടെയുള്ള നൂറ് കണക്കിനാളുകള്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു.