അര്‍ധരാത്രിയായാല്‍ അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും; പല്ലിത്തല മുതല്‍ പൂച്ചത്തലയും ആര്‍ത്തവ രക്തവും വരെ പൂജാസാമഗ്രികള്‍; കൊല്ലത്ത് യുവതിയുടെ ദുര്‍മന്ത്രവാദത്തില്‍ കുടുങ്ങിയത് നിരവധി പേര്‍
Jul 30, 2021, 14:21 IST
കൊല്ലം: (www.kvartha.com 30.07.2021) ലക്ഷങ്ങള്‍ ഫീസ് വാങ്ങി ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ യുവതി ദുര്‍മന്ത്രവാദം നടത്തി നാട്ടുകാരെ വഞ്ചിക്കുന്നതായി ആക്ഷേപം. കൊല്ലം കരുനാഗപ്പള്ളിയിലാണ് യുവതിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച് ദുര്‍മന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണമുയര്‍ന്നത്.
മന്ത്രവാദത്തിനായി ഇവര്‍ ലക്ഷങ്ങളാണ് ഇരകളില്‍ നിന്ന് തട്ടിയെടുക്കുന്നതത്രേ. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.
പൂജകള്‍ക്കായി രണ്ട് ലക്ഷത്തോളം രൂപയാണ് ഫീസിനത്തില്‍ വാങ്ങുന്നത്. പൂജാസാമഗ്രികള്‍ അടങ്ങിയ 'കിറ്റ്' ഇവര്‍ തന്നെ ലഭ്യമാക്കും. തിരുവനന്തപുരത്തെ പ്രശസ്തമായ മുസ്ലിം പള്ളിയില്‍ നിന്നുള്ള അനുഗ്രഹമാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ചൂഷണം ചെയ്താണ് പുത്തന്‍തെരുവിന് സമീപത്തെ വീട് കേന്ദ്രീകരിച്ച് 43 വയസുള്ള യുവതിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ 36 വയസുള്ള യുവാവിനൊപ്പമാണ് വീട്ടില്‍ കഴിയുന്നത്.
അര്‍ധരാത്രിയോടെയാണ് മന്ത്രവിദ്യകള്‍. അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും പുറപ്പെടുവിച്ച് ഇരകളുടെ കണ്ണില്‍ പൊടിയിടുന്ന കലാപരിപാടിയാണ് നടക്കുന്നതെന്ന് തട്ടിപ്പിലകപ്പെട്ട കുടുംബത്തിലെ ഒരു യുവാവ് വെളിപ്പെടുത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും നിരവധി പേര്‍ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. മക്കളുടെ ജാതകദോഷം മുതല്‍ കുട്ടികളുണ്ടാകാനും ശത്രുവിന്റെ നാശം കാണാനുമെല്ലാം മന്ത്രവാദത്തിനെത്തുന്നവരാണ് ഏറെ. ധനലാഭം, രോഗശാന്തി, ആഗ്രഹ സാഫല്യം, മനസമാധാനം തുടങ്ങിയവയ്ക്കും പൂജകള്‍ നടത്തും. യജ്ഞം, പൂജ, ബാധയൊഴിപ്പിക്കല്‍, ജിന്നുസേവ, അറബിമാന്ത്രികം, ഇസ്മിന്റെ പണി എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ മന്ത്രവാദം.
കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തല, എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവ രക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവയാണ് പൂജ സാമഗ്രികള്‍. സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെയുള്ള പൂജാ കിറ്റുകള്‍ നല്‍കുന്നു. വെള്ളിയാഴ്ചയും അമാവാസിയിലും മന്ത്രവാദങ്ങളുടെ എണ്ണം കൂടുമെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.