Hangover | എത്ര ശ്രമിച്ചിട്ടും മദ്യത്തിന്റെ ഹാങ് ഓവര്‍ വിട്ടൊഴിയുന്നില്ലേ? വിഷമിക്കേണ്ട, ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി! ഫലം ഉറപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) മദ്യപന്‍മാരായ ആളുകളോട് സാധാരണ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് തലേദിവസം കഴിച്ച മദ്യത്തിന്റെ കെട്ട് വിട്ടൊഴിഞ്ഞില്ലേ എന്ന്. കഴിച്ച മദ്യത്തിന്റെ വീര്യം ശരീരത്തില്‍ നിന്ന് വിട്ടിറങ്ങി പോകുന്വോഴാണ് ഇത്തരം ഹാങ്ങോവറുകള്‍ ഉണ്ടാകുന്നത്. ഹാങ് ഓവര്‍ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന നിര്‍ജലീകരണമാണ്.

മദ്യത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നു. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തലകറക്കം, തലവേദന, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു. പലപ്പോഴും തുടര്‍ചയായി മദ്യപിക്കുന്ന ആളുകളേക്കാള്‍ വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവര്‍ക്കാണ് ഹാങ്ങോവര്‍ കൂടുതലായി ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു.

Hangover | എത്ര ശ്രമിച്ചിട്ടും മദ്യത്തിന്റെ ഹാങ് ഓവര്‍ വിട്ടൊഴിയുന്നില്ലേ? വിഷമിക്കേണ്ട, ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി! ഫലം ഉറപ്പ്


ഓക്കാനം, ഛര്‍ദി, തലവേദന, വയറിളക്കം, അമിതമായി വിയര്‍ക്കല്‍, തലകറക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഹാങ് ഓവര്‍ ഉണ്ടാവുന്നതിന്റെ ഭാഗമായി പ്രകടമാകും. പലപ്പോഴും ഇത് പിറ്റേന്ന് ചെയ്യേണ്ടുന്ന ഒരു പണിയും എടുക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല, അന്നത്തെ ദിവസം മുഴുവനും പോക്ക് ആവുകയും ചെയ്യും. എന്നാല്‍ ഇനി ഇതോര്‍ത്ത് വിഷമിക്കേണ്ട. ഹാങ് ഓവറിന്റെ അസ്വസ്ഥകള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്, അവ പരീക്ഷിച്ചാലോ?

പ്രഭാതഭക്ഷണം ഒഴിവാക്കരുത്


മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന ലാക്റ്റിക് ആസിഡുകളുടെ നഷ്ടം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കുറവുണ്ടാക്കുന്നു. പലപ്പോഴുമിത് ഹാങ്ങോവറിനെ കൂടുതല്‍ തീവ്രമാക്കുന്നതിന് കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗം പ്രഭാതഭക്ഷണം കഴിക്കുക എന്നതാണ്. ഒരു കാരണവശാലും പ്രഭാതഭക്ഷണം കഴിക്കാതിരിക്കരുത്. കാരണം ഇത് രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലേക്ക് കൊണ്ടുവരും. കൂടാതെ, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന്റെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.

വെള്ളം ധാരാളം കുടിക്കുക


ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഹാങ്ങോവറുകള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പാനീയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ചയായി ഹാങ്ങോവര്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ മദ്യപിക്കുമ്പോള്‍ കഴിക്കുന്ന ഓരോ പെഗ്ഗിനിടയിലും കുറച്ചു വെള്ളം കൂടുതല്‍ ചേര്‍ത്ത് കുടിക്കുന്നത് ശീലമാക്കുക.

കൂടുതല്‍ സമയത്തെ ഉറക്കം ഹാങ് ഓവറിനെ പ്രതിരോധിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവിക മാര്‍ഗമാണ്. അതുകൊണ്ടുതന്നെ ഹാങ്ങോവര്‍ ഉണ്ടാകാതിരിക്കാനായി നന്നായി ഉറങ്ങിയാല്‍ മതി. മദ്യപിച്ച ശേഷം ഉറങ്ങാതിരിക്കുന്നതും നേരത്തെ എഴുന്നേല്‍ക്കുന്നതുമൊക്കെ ഹാങ്ങോവറിന് കാരണമാകുന്നു.

കിടക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പും ധാരാളം വെള്ളം കുടിക്കുന്നത് രാവിലെയുള്ള ഹാങ്ങോവറിന്റെ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. ഈ മാര്‍ഗം ഒരു തവണ പരീക്ഷിച്ചു നോക്കിയാല്‍ തന്നെ ഇതിന്റെ ഫലപ്രാപ്തി അറിയാന്‍ കഴിയും. രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ഹാങ്ങോവറിനെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെങ്കില്‍, എഴുന്നേറ്റ ഉടന്‍ തന്നെ കുറച്ച് കുടിവെള്ളം കുടിക്കുക. സാധാരണ കുടിവെള്ളത്തിന് പുറമെ തേങ്ങാവെള്ളം, സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ പഴച്ചാറുകള്‍ തുടങ്ങിയ ദ്രാവകങ്ങളും ഹാങ് ഓവറിനെ പമ്പ കടത്തും. ശരീരത്തില്‍ നിന്ന് നഷ്ടപ്പെട്ട ലവണം, പൊട്ടാസ്യം എന്നിവയുടെ നില പുനസ്ഥാപിക്കാന്‍ ഇതിന് കഴിയും.

നാരങ്ങ / ഇഞ്ചി

ഹാങ്ങോവര്‍ കുറയ്ക്കുന്നതിന് നാരങ്ങയുടെ നീര് അല്ലെങ്കില്‍ നാരങ്ങ ചേര്‍ത്ത ചായ വളരെയധികം നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ആമാശയത്തിലെ അനാവശ്യ മൂലകങ്ങളില്‍ നിന്ന് വിഷാംശത്തെ പുറത്തെടുക്കുകയും തല്‍ക്ഷണം ആശ്വാസം നല്‍കുകയും ചെയ്യുന്നു. ഹാങ്ങോവര്‍ കുറയ്ക്കുന്നതിന് പഞ്ചസാര ചേര്‍ക്കാതെയുള്ള നാരങ്ങ ചായ കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ആശ്വാസത്തിനായി തണുത്ത വെള്ളത്തില്‍ നാരങ്ങ നീരും പരിമിതമായ പഞ്ചസാരയും ചേര്‍ത്ത് കഴിക്കാനും നിര്‍ദേശിക്കുന്നു. അമിതമായ മദ്യപാനത്തിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ നാരങ്ങ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ പി എച് നിലയെ സന്തുലിതമാക്കുകയും ചെയ്യുന്നു.

ഓക്കാനം, മോണിംഗ് സിക്‌നസ് എന്നിവയ്ക്ക് ചികിത്സ നല്‍കുന്ന ഇഞ്ചി ഹാംങ് ഓവറിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. അമിതമായി മദ്യപിച്ച ശേഷം ചതച്ച ഇഞ്ചി കഴിക്കുന്നത് ഇതിന്റെ അനന്തരഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. മദ്യപിക്കുന്നതിനു മുമ്പ് ഇഞ്ചിനീര് കഴിച്ചാല്‍ ഛര്‍ദി, ഓക്കാനം എന്നിവയുടെ സാധ്യതയും കുറയും. ഇഞ്ചി ഇട്ട് തിളപ്പിച്ച ചായ രാവിലത്തെ ഹാങ്ങോവര്‍ കുറയ്ക്കാന്‍ ഒരു മികച്ച പ്രതിവിധിയാണ്.

ആപ്പിളും വാഴപ്പഴവും

അസംസ്‌കൃത പഴങ്ങളായ ആപ്പിള്‍, വാഴപ്പഴം എന്നിവ കഴിക്കുന്നത് ഹാങ്ങോവറിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഹാങ് ഓവര്‍ മൂലമുണ്ടാകുന്ന തലവേദനയെ നേരിടാന്‍ ഒഴിഞ്ഞ വയറ്റില്‍ ആപ്പിള്‍ കഴിക്കുന്നത് ആശ്വാസം നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വാഴപ്പഴം, തേന്‍ എന്നിവ ചേര്‍ത്ത് ഷേയ്ക്ക് രൂപത്തില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പുനസ്ഥാപിക്കുമെന്നും മദ്യം കഴിച്ച ശേഷം ശരീരത്തിന് നഷ്ടപ്പെടുന്ന പൊട്ടാസ്യം പോലുള്ള അവശ്യധാതുക്കളെ വീണ്ടെടുക്കുമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ആന്റിഓക്സിഡന്റുകള്‍

മദ്യം കഴിക്കുന്നത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ ഇതിനെ ചികിത്സിക്കാന്‍ സഹായകമായ ഏറ്റവും നല്ല ചേരുവയാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പല ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗവും അതിലൊന്നാണ്. അതുകൊണ്ടുതന്നെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ അനാരോഗ്യതകളെ ലഘൂകരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ വിപരീത ഫലങ്ങള്‍ ശരീരത്തിലുണ്ടാകുന്നത് കുറയ്ക്കുന്നതിനായി നട്‌സുകള്‍, സരസഫലങ്ങള്‍, ചെറി, മുന്തിരി, ചീര, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിച്ചാല്‍ മതി.

ഒരു കപ്പ് ചായ / കാപ്പി അല്ലെങ്കില്‍ തേന്‍


കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ ഹാങ്ങോവറുകളെ ചികിത്സിക്കാന്‍ ഏറ്റവും മികച്ചതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാപ്പി, ഗ്രീന്‍ ടീ, ബ്ലാക്ക് ടീ എന്നിവയിലെല്ലാം ആന്റിഓക്സിഡന്റുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹാങ്ങോവര്‍ സമയത്തെ തളര്‍ച കുറയ്ക്കും. എന്നാല്‍ പലപ്പോഴും കഫീന്‍ പാനീയങ്ങള്‍ നിര്‍ജലീകരണാവസ്ഥയെ വഷളാക്കുന്ന ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുമെന്ന കാര്യവും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

തേന്‍

ഹാങ്ങോവര്‍ കുറയ്ക്കാന്‍ തേനും മികച്ചൊരു പ്രതിവിധിയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് ശരീരത്തിലെ മദ്യത്തെ ഉപാപചയമാക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ശരീരത്തിലെ പൊട്ടാസ്യത്തിന്റെ കുറവ് നികത്തുകയും ചെയ്യുന്നു. ഹാങ്ങോവറുള്ള ഓരോ അരമണിക്കൂറിലും രണ്ട് സ്പൂണ്‍ തേന്‍ കഴിക്കുക. ഫലം പെട്ടെന്ന് തന്നെ ഉണ്ടാകും.

കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം

മദ്യപിക്കുമ്പോള്‍ പലരും ഭക്ഷണം കഴിക്കാന്‍ മറക്കുന്നു. ഇത് തളര്‍ചയിലേക്കും തലവേദനയിലേക്കുമെല്ലാം വഴിവെക്കുന്നു. ശരീരത്തില്‍ അവശേഷിക്കുന്ന മദ്യത്തെ ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. ഹാങ്ങോവര്‍ ഉള്ളപ്പോള്‍ മുട്ടയോടൊപ്പം കുറച്ച് ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ബ്രഡ് ദഹനത്തെ സഹായിക്കുന്ന നാരുകള്‍ നല്‍കുന്നു. അതേസമയം മുട്ട കഴിക്കുന്നത് മദ്യം ഉള്ളില്‍ ചെന്നത് മൂലം ഉണ്ടായ ക്ഷീണം അകറ്റുകയും ഉള്ളിലെ വിഷാംശം കുറയ്ക്കുകയും ചെയ്യുന്നു.

തേങ്ങാവെള്ളം

തേങ്ങാവെള്ളത്തില്‍ ഒട്ടനവധി ആന്റി ഓക്സിഡന്റുകളും ഇലക്ട്രോലൈറ്റുകളുമെല്ലാം അടങ്ങിയിരിക്കുന്നു. ഏത് വലിയ ഹാങ്ങോവറുകളേയും ചികിത്സിക്കാന്‍ ശേഷിയുള്ള പൊട്ടാസ്യം ഇതിലെ പ്രധാന പോഷകമാണ്. കൂടാതെ ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കിക്കൊണ്ട് നിര്‍ജലീകരണത്തെ പ്രതിരോധിക്കുന്നു.

ഇതുകൂടാതെ ഹാങ്ങോവര്‍ മൂലമുണ്ടാകുന്ന തലവേദനയ്ക്കും പേശിവേദനയ്ക്കുമെല്ലാം ആശ്വാസം നല്‍കാന്‍ ആസ്പിരിനുകളും മറ്റ് ചില ആന്റി- ഇന്‍ഫ്‌ലമേറ്ററി മരുന്നുകളും സഹായിക്കും. എന്നാല്‍ ഇതിന്റെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നു.

ഹാങ്ങോവര്‍ ഉണ്ടാകാന്‍ മദ്യപാനം അല്ലാതെയും പല കാരണങ്ങളുണ്ട്. എങ്കിലും ഭൂരിഭാഗം ആളുകളിലും ഇതുണ്ടാകുന്നതിന്റെ കാരണം അമിത മദ്യപാനം തന്നെയാണ്. അതുകൊണ്ടുതന്നെ കഴിയുമെങ്കില്‍ മദ്യപാന ശീലം ഒഴിവാക്കുക തന്നെയാണ് ആരോഗ്യത്തോടെയിരിക്കാന്‍ ചെയ്യേണ്ട ആദ്യ കാര്യങ്ങളിലൊന്ന്.

Keywords: Science-Backed Ways to Get Rid of a Hangover Faster, Kochi, News, Hangover Remove Faster, Dring Water, Health, Health Tips, Alcohol, Doctors, Warning, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script