School Timing | സ്‌കൂൾ പഠന സമയം മാറ്റുന്നത് വിദ്യാഭ്യാസത്തിന് വെല്ലുവിളി; ജനത്തിന് ബുദ്ധിമുട്ട് ഏറെ; പുതിയ പരീക്ഷണത്തിന് കേരളം തയ്യാറാണോ?

 
School Timing Changes: Challenge to Education and Public Convenience
School Timing Changes: Challenge to Education and Public Convenience

Representational Image Generated by Meta AI

മലയോര മേഖലയിൽ ഉള്ളവർക്ക് എട്ട് മണിക്ക് സ്കൂളിൽ എത്തണേൽ അഞ്ച് മണിക്കേ വീട്ടിൽ നിന്ന് ഇറങ്ങണ്ട അവസ്ഥയുണ്ട്

സോണി കല്ലറയ്ക്കൽ

(KVARTHA) ജോലിയുള്ളവർക്കും വീട്ടിൽ കുട്ടികളെ നോക്കാൻ ആളില്ലാത്തവർക്കും ബുദ്ധിമുട്ട് ആണ് ഇത്. ഈ തീരുമാനം നടപ്പാക്കുന്നതിന് മുൻപ് സർക്കാർ വിഷയത്തിൽ പുനർചിന്തിക്കേണ്ടിയിരിക്കുന്നു. ശരിക്കും ഈ സമയം മാറ്റം ആരോടുള്ള വെല്ലുവിളിയാണ്. വളരെയേറെ ചർച്ച ആവശ്യമായ വിഷയം ഈ  ദു:ഖാചരണസമായത്ത് എടുത്തത് തന്നെ സംശയാസ്പദമാണ്. ഇപ്പോൾ കേൾക്കുന്നത് കുട്ടികളുടെ സ്കൂൾ പഠനസമയം രാവിലെ 8 മുതൽ ഒരു മണി വരെ ആക്കുന്നു എന്നതാണ്. ഇതിനെതിരെ എതിർപ്പുമായി പലരും രംഗത്ത് വന്നിട്ടുണ്ട്. ഭൂരിപക്ഷം ആളുകളും ഈ തീരുമാനത്തോട് യോജിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.  അതിന് പൊതുസമൂഹം പറയുന്ന പല കാര്യങ്ങളും ചിരിച്ചു തള്ളേണ്ട ഒന്നല്ല. 

പല സ്‌കൂളുകളുടെയും വിജയ ശതമാനം പലപ്പോഴും തീരുമാനിക്കുന്നത്, വിദ്യാസമ്പന്നരായ തൊഴിൽരഹിതരായ ട്യൂഷൻ അധ്യാപകരാണ്. അവർ അതിരാവിലെയാണ് ഭൂരിഭാഗം ട്യൂഷൻ എടുക്കാറുള്ളത്. അവരെ കാര്യമായി ഈ തീരുമാനം  ബാധിക്കും എന്നത് നിസംശയം പറയാം. രണ്ടാമത് ഇത് കൂടുതൽ ബാധിക്കുക മതപഠനങ്ങളെ ആണ്. അതുകൊണ്ട്  അവരുടെ ഭാഗത്തുനിന്ന് ശക്തമായി എതിർപ്പുകൾ നേരിടേണ്ടി വരും. മൂന്നാമത് ദൂരസ്ഥലത്തു നിന്നും വരുന്ന അധ്യാപകർക്കും ഇത് ബുദ്ധിമുട്ടാകും. നാലാമത് ഇതുകൊണ്ട് കുട്ടികൾക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. 

മറ്റൊരു കാര്യം എന്നത് ടൗണിൽ ജീവിക്കുന്നവർക്ക് പ്രശ്നം കാണില്ല. പത്ത് മിനിറ്റിനുള്ളിൽ സ്കൂളിൽ എത്തും.  മലയോര മേഖലയിൽ ഉള്ളവർക്ക് എട്ട് മണിക്ക് സ്കൂളിൽ എത്തണേൽ അഞ്ച് മണിക്കേ വീട്ടിൽ നിന്ന് ഇറങ്ങണ്ട അവസ്ഥയുണ്ട്. 10  മുതൽ മൂന്ന് മണിവരെ സ്‌കൂൾ സമയം ആക്കിയാലും അത് നല്ലതാണ്.  മാതാപിതാക്കൾക്കും കുട്ടികൾക്കും അധികം പ്രശ്നം ഇല്ലായിരിക്കും. ഇതും വേണമെങ്കിൽ ചിന്തിക്കാവുന്നതാണ്. 

മദ്രസ പഠനത്തിന് ഇത് ഏറെ  ബുദ്ധിമുട്ട് ആവും എന്നത് പ്രത്യേകം പറയേണ്ടതില്ല. പല മദ്രസകളും സ്ഥലക്കുറവും ക്ലാസ് റൂമുകളുടെ കുറവും കൊണ്ടും രാവിലെയും വൈകുന്നേരവുമായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അതൊക്കെ ഒപ്പം ആവാൻ വളരെ ബുദ്ധിമുട്ട് നേരിടും. പലരും ഉച്ചക്ക് ശേഷം ട്യൂഷൻ മറ്റും അയക്കുമ്പോൾ മദ്രസ പഠനത്തിന് ബുദ്ധിമുട്ട് വരും. ഇതും മുന്നിൽ കണ്ടാണോ ചിലർ ഇങ്ങനെയൊരു തീരുമാനം അടിച്ചേൽപ്പിക്കാൻ തുനിയുന്നതെന്ന് ഈ സാഹചര്യത്തിൽ ആരെങ്കിലും സംശയിക്കുക സ്വഭാവികം. 

ഈ വിഷയത്തിൽ സാമൂഹ്യ മാധ്യമത്തിൽ വന്ന ഒരു അഭിപ്രായം ശ്രദ്ധേയമാണ്. അതിൽപറയുന്നത്: 'കുട്ടികളുടെ സ്കൂൾ പഠനസമയം രാവിലെ  8 മുതൽ 1 മണി വരെ ആക്കുമ്പോൾ പല കുട്ടികൾക്കും സ്കൂളിലേക്ക് എത്താൻ കഴിയില്ല. അവരിൽ പലർക്കും ഫസ്റ്റ് ബസ്സ്  7.30 നോ 8 മണിക്കോ ആയിരിക്കാം. പിന്നെ ദൂരെ നിന്ന് വരുന്ന കുട്ടികളും അധ്യാപകരും വളരെ ബുദ്ധിമുട്ടും. സ്ത്രീകൾ എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി എല്ലാ പണിയും തീർത്താവും ജോലിക്ക് പോകുന്നത്. അവർ ടീച്ചർമാർ ആണെങ്കിൽ എത്ര ബുദ്ധിമുട്ടും എന്നൊന്ന് ആലോചിക്കൂ. അധ്യാപകരും മനുഷ്യർ ആണ്. അത് ആണായാലും പെണ്ണായാലും. എല്ലാവരും പറയും അധ്യാപകർക്ക് സുഖമല്ലേ, ഒരു പണിയും ഇല്ലല്ലോ എന്ന്. ഏതൊരു ജോലിയൂം ചെയ്യുന്നവർക്കേ അതിൻ്റെ അവസ്ഥ അറിയൂ.

അറിയാത്ത വിഷയങ്ങൾ പറയുന്നതിൽ ഒരു കാര്യവും ഇല്ല.  ഇതുപോലെ തന്നെ മറ്റൊരു കാര്യവും പ്രസക്തമാണ്. വീട്ടിൽ കുട്ടികളെ നോക്കാൻ ആരുമില്ലാത്ത ഭൂരിപക്ഷം പാവപ്പെട്ട തൊഴിലാളികളുടെ മക്കളെ മാതാപിതാക്കൾ വീട്ടിൽ എത്തുന്നതുവരെ ആരും നോക്കും എന്നും ചിന്തിക്കേണ്ടതാണ്. അവർക്ക് കുട്ടികളെ നോക്കാൻ പ്രത്യേകിച്ച് ഒരാളെ വെയ്ക്കാൻ പറ്റുമോ. വീട്ടിൽ കുട്ടികളെ നോക്കാൻ ആളുള്ളവർക്ക് കുഴപ്പമില്ല. കുട്ടികൾക്കും സന്തോഷമാകും. പക്ഷെ സ്‌കൂൾ കഴിഞ്ഞ് വരുമ്പോൾ വൈകുന്നേരം വരെ നോക്കാൻ ആളില്ലാത്തവർ എന്ത് ചെയ്യും? ഇതും സർക്കാർ നോക്കി കാണേണ്ടതാണ്. 

കുട്ടികളുടെ സ്കൂൾ പഠനസമയം രാവിലെ എട്ട് മുതൽ ഒരു മണി വരെ ആക്കുമ്പോൾ ജോലിക്കുപോകുന്ന രക്ഷിതാക്കള്‍ക്ക് ഇന്നത്തെകാലത്ത് ഒരു സമാധാനവും ഉണ്ടാവില്ല എന്നതാകും സത്യം. കേരളത്തിൽ ഓരോ വർഷം കഴിയും തോറും ചൂട് കൂടിവരികയാണ്. ഉച്ചക്ക് സ്കൂൾ വിട്ടാൽ കുട്ടികൾക്ക് അത്  സഹിക്കാൻ പറ്റിയെന്ന് വരില്ല. എല്ലാവരും വണ്ടിയിൽ പോകുന്നവർ അല്ലല്ലോ. സൂര്യഘാതം ഏൽക്കാനും സാധ്യത ഉണ്ട്. അതുകൂടെ നോക്കേണ്ടതുണ്ട്. രാവിലെ 7 മണി സമയമാകുമ്പോൾ എല്ലാവരും ജോലിക്ക് പോകാനുള്ള സമയമാണ്. അതുകൊണ്ട് തന്നെ ട്രാഫിക് ജാം ഉണ്ടാവാൻ സാധ്യതയുണ്ട്. ഒപ്പം തന്നെ വണ്ടികളുടെ മത്സരഓട്ടം മൂലം കുട്ടികൾക്ക് അപകട സാധ്യതയും ഏറെയാകും. 

സ്‌കൂളുകളിൽ കുട്ടികളുടെ പഠന സമയം മാറ്റുന്നത് മൂലം ഒട്ടേറെ ബുദ്ധിമുട്ടുകൾ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കേണ്ടി വരും എന്നതാണ് വരാൻ പോകുന്ന അവസ്ഥ. ആർക്ക് വേണ്ടിയാണ് നിലവിലെ എല്ലാവർക്കും സൗകര്യപ്രദമായ ഇപ്പോഴത്തെ സമയം  മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. തുഗ്ലക്ക് പരിഷ്ക്കാരങ്ങൾ. സമയം കുറക്കാനാണെങ്കിൽ രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെയാക്കുക. അതാണ് ഇതിലും ഭേദം'. ഇതിലെ കാര്യങ്ങൾ പ്രസക്തമാണ്.

1950 കളിൽ മലബാർ മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്നപ്പോൾ രാജാജി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇത്തരമൊരു പരിഷ്കാരം നടത്തി നോക്കിയതാണ്. അത് ശക്തമായ എതിർപ്പുകാരണം  പിൻവലിക്കേണ്ടി വന്നു. ചില കമ്മിറ്റികൾ ഇന്നത്തെ സമ്പ്രദായത്തിനുപകരം 8 മണി മുതൽ 1 മണി വരെ എന്നാക്കിയപ്പോൾ മനസ്സിൽ ഓർമവന്നത് ഇതാണ്. 10 മുതൽ 4 വരെ എന്നത് ഒറ്റ ദിവസംകൊണ്ട് ഉണ്ടാക്കിയതല്ല, വളരെ ആലോചനയോടുകൂടി തന്നെയാണ്.  

കുട്ടികളുടെ മാനസിക ആരോഗ്യവും കൂടി കണക്കിലെടുത്താണത്. ചിട്ടയോടെയുള്ള ആ സമ്പ്രദായത്തിന് മാറ്റം വരുത്തുമ്പോൾ വളരെ ശ്രദ്ധിക്കണം. 10 -4 വരെ എന്നതു മാറ്റുമ്പോൾ ദോഷമേ ചെയ്യു. കുട്ടികളുടെ സ്കൂൾ പഠനസമയം രാവിലെ  8 മുതൽ 1 മണി വരെ ആക്കുന്നു എങ്കിൽ ആളുകളുടെ ജോലി സമയവും 1 മണി വരെ ആക്കേണ്ടിവരും. അതാണ് ഇപ്പോൾ ഇവിടുത്തെ നിലവിലെ സാഹചര്യവും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia