SWISS-TOWER 24/07/2023

VD Satheesan | സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തത്; ഒരു ദയയും ഇല്ലാത്ത സര്‍കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) ഉമ്മന്‍ചാണ്ടി ചെയ്ത സഹായങ്ങള്‍ വാര്‍ത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താല്‍കാലിക ജീവനക്കാരി സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തതെന്നും എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണെന്നും സതീശന്‍ പറഞ്ഞു.

അവരുടെ ജീവിതത്തില്‍ പ്രയാസം വന്നപ്പോള്‍ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടി അവരെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. ഇക്കാര്യം അവര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള കാരണമെന്നും ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.

മനഃസാക്ഷിയില്ലാത്ത സര്‍കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരിലാണ് സതി അമ്മയുടെ ജീവിതം വഴിമുട്ടിച്ചതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഒരു ദയയും ഇല്ലാത്ത സര്‍കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും പറഞ്ഞു.

സതി അമ്മയെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കുടുംബത്തെ വഴിയാധാരമാക്കാന്‍ അനുവദിക്കില്ല. എല്ലാ അര്‍ഥത്തിലും ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകും. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് സതിയമ്മയുടെ ജോലി കളയാന്‍ ശ്രമിച്ചവരാണ് പുതുപ്പള്ളിയില്‍ വോട് തേടി ഇറങ്ങിയിരിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ വരെ സതിയമ്മ ജോലി ചെയ്തിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. അവര്‍ക്ക് 8000 രൂപ ശമ്പളവും കിട്ടിയിരുന്നു. ഇപ്പോള്‍ പിരിച്ചുവിടാന്‍ കാരണമെന്താണ്? അവരുടെ ജീവിതത്തിലുണ്ടായ കാര്യം മാധ്യമങ്ങളോട് പറഞ്ഞതിനാണ് പിരിച്ചുവിട്ടത്.

എന്നാല്‍ മന്ത്രി പറയുന്നത് അവര്‍ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ്. അങ്ങനെയെങ്കില്‍ അവരെ എങ്ങനെയാണ് പിരിച്ചുവിട്ടത്? വഴിയിലൂടെ പോകുന്ന ആളെ പിരിച്ച് വിടാനാകുമോ? ഇനിയും സാങ്കേതിക കാര്യങ്ങള്‍ പറയാം. സതിയമ്മ എന്നൊരാള്‍ ഭൂമിയില്‍ ഇല്ലായിരുന്നെന്നു വരെ പറയാം. പൊലീസ് കേസെടുത്തതിന് 84 വയസുള്ള ഭാരതിയമ്മ നാല് വര്‍ഷമാണ് പിന്നാലെ നടന്നത്. നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ആള് മാറിപ്പോയെന്ന് പറഞ്ഞതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്ന് തെളിയിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതിയമ്മയെ ജോലിക്കെടുക്കണം. മന്ത്രി ചിഞ്ചുറാണി ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സര്‍കാരിന്റെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രതീകമാണ് സതിയമ്മ എന്നും സതീശന്‍ പറഞ്ഞു.

മാസപ്പടി വിവാദവും മാധ്യമ സൃഷ്ടിയാണെന്നാണ് മന്ത്രിമാരും സിപിഎമും പറഞ്ഞത്. ഹൈകോടതി വിധി വന്നാലും മാധ്യമ സൃഷ്ടിയെന്ന് പറയുമോ എന്നും സതീശന്‍ പരിഹസിച്ചു. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട. ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും കാട്ടേണ്ട.

സര്‍കാര്‍ മനുഷ്യത്വം കാട്ടുമോ സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ച് മാധ്യമ സൃഷ്ടിയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് കൈതേപ്പാലം മൃഗാശുപത്രിയിലേക്ക് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സതിയമ്മയും ഭര്‍ത്താവ് രാധാകൃഷ്ണനും പ്രതിഷേധത്തില്‍ പങ്കെടുത്തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്ത സഹായം വാര്‍ത്താ ചാനലിനോട് പറഞ്ഞ മൃഗാശുപത്രിയിലെ താല്‍കാലിക ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് പരാതി. കൈതേപ്പാലം മൃഗാശുപത്രിയില്‍ സ്വീപറായി ജോലി ചെയ്തിരുന്ന പുതുപ്പള്ളി പള്ളികിഴക്കേതില്‍ പിഒ സതിയമ്മയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. 11 വര്‍ഷമായി ചെയ്ത് വന്നിരുന്ന ജോലിയാണ് 52കാരിയായ സതിയമ്മക്ക് നഷ്ടമായത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് ചാനല്‍ റിപോര്‍ടര്‍ മണ്ഡലത്തിലെ വോടര്‍മാരുടെ പ്രതികരണം തേടിയിരുന്നു. ഇതിനിടെ സതിയമ്മയോടും ഉമ്മന്‍ചാണ്ടിയെ കുറിച്ച് ചോദിച്ചു. മകന്‍ രാഹുല്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതും മകളുടെ വിവാഹത്തില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും കാമറക്ക് മുമ്പില്‍ സതിയമ്മ വിശദീകരിച്ചു. ഉമ്മന്‍ചാണ്ടി ചെയ്ത സഹായത്തിന് നന്ദിയായി ചാണ്ടി ഉമ്മന് ഇത്തവണ വോട് ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.

സതിയമ്മയുടെ പ്രതികരണം ഞായറാഴ്ച ചാനല്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ജോലിക്കെത്തിയപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡെപ്യൂടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്ക് കയറേണ്ടെന്ന് അറിയിക്കുകയായിരുന്നു. തന്നെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന സൂചനയിലാണ് വിവരം ഡെപ്യൂടി ഡയറക്ടര്‍ അറിയിച്ചതെന്നും സതിയമ്മ പറയുന്നു.

വൈക്കത്തെ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപറായി സതിയമ്മ ജോലിയില്‍ പ്രവേശിച്ചത്. നാല് വര്‍ഷത്തിന് ശേഷം കുടുംബശ്രീ വഴി കൈതേപ്പാലം മൃഗാശുപത്രിയില്‍ 8000 രൂപ മാസ വേതനത്തിന് ജോലിയില്‍ കയറി. എല്‍ഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായതിന് കീഴിലാണ് കൈതേപ്പാലം മൃഗാശുപത്രി.

VD Satheesan | സതിയമ്മയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി മനഃസാക്ഷിയില്ലാത്തത്; ഒരു ദയയും ഇല്ലാത്ത സര്‍കാരാണ് ഭരിക്കുന്നതെന്നോര്‍ത്ത് ഈ നാട് അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ്

തടിപ്പണിക്കാരനായിരുന്ന രാധാകൃഷ്ണന്‍ അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകുന്നില്ല. അതിനാല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സതിയമ്മക്ക് ലഭിക്കുന്ന വരുമാനം. എന്നാല്‍, പിരിച്ചുവിടല്‍ വാര്‍ത്തയായതിന് പിന്നാലെ വിശദീകരണവുമായി ജില്ലാ ഡെപ്യൂടി ഡയറക്ടര്‍ രംഗത്തെത്തി. സതിയമ്മയുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് വിശദീകരണം.

Keywords:  Sathiyamma's Issues; VD Satheesan Criticized LDF Govt,  Kottayam, News, Sathiyamma, VD Satheesan, Criticized, Criticism, Election, LDF Govt, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia