സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചെന്ന് ജയില്‍മോചിതനായ സന്ദീപ് നായര്‍

 


തിരുവനന്തപുരം:  (www.kvartha.com 09.10.2021) സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചെന്ന് ജയില്‍മോചിതനായ സന്ദീപ് നായര്‍. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് തനിക്ക് ഇ ഡി നല്‍കിയതെന്നും സന്ദീപ് നായര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചെന്ന് ജയില്‍മോചിതനായ സന്ദീപ് നായര്‍

മുഖ്യമന്ത്രിയെ കൂടാതെ മുന്‍മന്ത്രി കെ ടി ജലീല്‍, അന്നത്തെ സ്പീകെര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. കെ ടി ജലീലിന് കോണ്‍സുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്. സ്പീകെര്‍ക്കെതിരേ മൊഴി നല്‍കണമെന്നും ആവശ്യപ്പെട്ടു. സ്പീകെര്‍ ശ്രീരാമകൃഷ്ണന്‍ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന് സ്വപ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സന്ദീപ് പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ മൊഴി നല്‍കണമെന്നും ഇ ഡി ആവശ്യപ്പെട്ടുവെന്നും തന്നില്‍ നിന്ന് ചില പേപെറുകളില്‍ ഒപ്പിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയതെന്നും സന്ദീപ് പറഞ്ഞു. നിരവധി പേപെറുകളില്‍ ഒപ്പിടാന്‍ ഇ ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും അവര്‍ ആ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ലെന്നും സന്ദീപ് പറയുന്നു.

സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവര്‍ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ചാരിറ്റി എന്ന നിലയില്‍ സംസ്ഥാന സര്‍കാര്‍ കാണിച്ചുകൊടുത്ത ഭൂമിയില്‍ യു എ ഇ കോണ്‍സുലേറ്റ് നിര്‍മാണം നടത്തുകയാണ് ചെയ്തത്. ഇതിന് ഒരു ബില്‍ഡറെ ഏര്‍പാടാക്കിയത് താനാണ്. ആ വകയില്‍ തനിക്ക് കമിഷന്‍ കിട്ടിയെന്നും ഇതിന് ടാക്സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.

യു എ ഇ കോണ്‍സുലേറ്റില്‍ ചെറിയ ചില പരിപാടികള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ഖാലിദിനെ കണ്ട് പരിചയം. അയാളുമായി വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ലെന്നും സന്ദീപ് പറയുന്നു. ഡോളര്‍ക്കേസ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ഒളിവില്‍ കഴിയാന്‍ എറണാകുളത്താണ് പോയതെന്നും അതിന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോള്‍ സ്വപ്നയ്ക്കൊപ്പം ബെന്‍ഗ്ലൂറിലേയ്ക്ക് പോയത് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനാണ്. കേസില്‍ അഭിഭാഷകനെ ഏര്‍പാടാക്കിയത് താനായതിനാലാണ് അവര്‍ക്കൊപ്പം ബെന്‍ഗ്ലൂറിലേയ്ക്ക് പോയതെന്നും സന്ദീപ് പറഞ്ഞു.

Keywords: Sandeep Nair on ED forced him to say against CM, speaker and Jaleel, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia