Dispute | ഉമർ ഫൈസിയുടെ പേരിൽ സമസ്ത മുശാവറ യോഗത്തിൽ തർക്കം; ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് റിപ്പോർട്ട്; നിഷേധിച്ച് നേതാക്കൾ
● സംഭവം അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെ
● ഉമർ ഫൈസി അധിക്ഷേപിച്ചതായി പരാതി ഉയർന്നു.
● രണ്ടാഴ്ചക്കുള്ളിൽ പ്രത്യേക മുശാവറ ചേരും
കോഴിക്കോട്: (KVARTHA) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ യോഗത്തിൽ തർക്കം. യോഗത്തിനിടയിൽ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലുള്ള ഉമർ ഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവ വികാസങ്ങൾ.
മുക്കം ഉമർ ഫൈസി മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ചതായി സമസ്ത നേതൃത്വത്തിന് ലഭിച്ച പരാതിയിൽ ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ്, ജിഫ്രി തങ്ങൾ ഉമർ ഫൈസിയോട് യോഗത്തിൽ നിന്ന് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഉമർ ഫൈസി ഇതിനു വിസമ്മതിച്ച് യോഗത്തിൽ തുടർന്നു. ഇതിനെത്തുടർന്ന് മറ്റൊരു മുശാവറ അംഗമായ ബഹാവുദ്ദീൻ നദ് വി ഇതേകുറിച്ച് കാര്യം ചോദിച്ചപ്പോൾ, ഉമർ ഫൈസി 'നിങ്ങൾ കള്ളൻമാർ പറയുന്നതു പോലെ ചെയ്യാനില്ലെന്നു' മറുപടി നൽകിയെന്നാണ് പറയുന്നത്.
ഇതോടെ ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നായിരുന്നു റിപോർട്ടുകൾ. പിന്നാലെ ഉപാധ്യക്ഷൻ യോഗം പിരിച്ചുവിട്ടു. മുസ്ലിം ലീഗുമായുള്ള ബന്ധം, ഇസ്ലാമിക് കോളജുകളുടെ കോർഡിനേഷൻ കമ്മിറ്റിയുമായുള്ള തർക്കം തുടങ്ങിയ വിഷയങ്ങളിൽ സമസ്തയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഉമർ ഫൈസി മുക്കത്തിനെതിരായ അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ച വലിയ തർക്കത്തിലേക്ക് നയിച്ചത്. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രണ്ടാഴ്ചക്കുള്ളിൽ പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്നീട് അറിയിച്ചു.
അതേസമയം കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്.
മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മീഡിയകള്‍ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുതെന്നും നേതാക്കൾ പറഞ്ഞു.
#Samastha #Kerala #Islam #Politics #Controversy #India