Booking Policy | ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം; ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്


● കൂടുതല്‍ ആളുകള്‍ വന്നാല്‍ ദേവസ്വം ബോര്‍ഡിന് ലാഭം കൂടും
● പ്രധാനം ഭക്തരുടെ സുരക്ഷ
● സ്‌പോട്ട് ബുക്കിങ് എന്നത് എന്‍ട്രി പാസ് മാത്രം
തിരുവനന്തപുരം: (KVARTHA) ഏറെ വിവാദങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാടില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. സര്‍ക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭക്തര്‍ക്ക് സംതൃപ്തമായ മണ്ഡല മകരവിളക്ക് മഹോത്സവം പ്രദാനംചെയ്യുന്നതിന് ഏപ്രില്‍ മാസം മുതല്‍ അവലോകന യോഗങ്ങള്‍ തുടങ്ങിയിരുന്നു. എല്ലാ മാസവും നടക്കുന്ന യോഗങ്ങളുടെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചയും യോഗം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരുടെ സുരക്ഷയ്ക്കായാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം നടപ്പിലാക്കിയത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍ ക്യൂ ഉള്ളപ്പോഴും സ്‌പോട്ട് ബുക്കിങ് കൂടുകയാണ് ചെയ്യുന്നത്. അത് ആശാസ്യമായ കാര്യമല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
മരാമത്ത് പ്രവൃത്തികളായാലും പ്രസാദവിതരണത്തിന്റെ കാര്യമായാലും 90 ശതമാനം പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. പമ്പയില്‍ ഗസ്റ്റ് ഹൗസിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ജോലികള്‍ നടന്നുവരികയാണ്. ഇതിനിടയിലാണ് ശബരിമലയില്‍ ഇത്തവണ സ്‌പോട്ട് ബുക്കിങ് ഉണ്ടാവില്ല, വിര്‍ച്വല്‍ ക്യൂ മാത്രമേ ഉണ്ടാവൂ എന്ന വിഷയം ഉയര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോട്ട് ബുക്കിങ് പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പ്രതിദിനം 80,000 ഭക്തര്‍ക്ക് മാത്രമായി ദര്‍ശനം നിജപ്പെടുത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. ശബരിമലയിലെ ദര്‍ശനസമയം രാവിലെ മൂന്നു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ രാത്രി 11വരെയുമായിരിക്കും.
ഭക്തരുടെ സുരക്ഷയ്ക്ക് വെര്‍ച്വല്‍ ക്യൂ പ്രധാനമാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെത്തുന്ന ആളുകളുടെ ആധികാരിക രേഖയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ ലഭിക്കുന്നത്. വെര്‍ച്വല്‍ ക്യൂ ആണെങ്കില്‍ എത്ര ഭക്തര്‍ വരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. കൂടുതല്‍ ആളുകള്‍ വന്നാല്‍ ദേവസ്വം ബോര്‍ഡിന് ലാഭം കൂടും. പക്ഷേ ഭക്തരുടെ സുരക്ഷ പ്രധാനമാണ്. സ്‌പോട്ട് ബുക്കിങ് ഉണ്ടെങ്കില്‍ ആരും വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യില്ല. തീരുമാനം ഇരുമ്പുലക്കയല്ല. ഇപ്പോഴത്തെ തീരുമാനം വെര്‍ച്വല്‍ ക്യൂ മതിയെന്നാണ്. സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
മറ്റൊരു ക്ഷേത്രം പോലെയല്ല ശബരിമല. പമ്പ മുതല്‍ സന്നിധാനംവരെ അപകടം പതിയിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ അതിനോടനുബന്ധിച്ച് ആധികാരമായ ഒരു രേഖ വേണം എന്നുള്ളതുകൊണ്ടാണ് വിര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
വിര്‍ച്വല്‍ ക്യൂ എന്നത് ശബരിമലയിലേക്കെത്തുന്ന ഭക്തരുടെ ആധികാരമായ ഡാറ്റയാണ്. അത് ആധാര്‍ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ ചെയ്താണ് വരുന്നത്. സ്‌പോട്ട് ബുക്കിങ് എന്നത് എന്‍ട്രി പാസ് മാത്രമാണ്. 2021 മുതലാണ് വെര്‍ച്വല്‍ ക്യൂവിന്റെ കാര്യങ്ങള്‍ ആലോചിച്ച് തുടങ്ങിയത്. അത് പൊലീസാണ് നടപ്പാക്കിയത്. പിന്നീട് ഹൈക്കോടതിവിധിയനുസരിച്ച് ദേവസ്വം ബോര്‍ഡ് അത് ഏറ്റെടുക്കുകയായിരുന്നു.
2022-2023-വര്‍ഷങ്ങളിലെ മണ്ഡലകാലത്ത് ആകെയുണ്ടായ സ്‌പോട്ട് ബുക്കിങ്ങുകള്‍ 3,95, 634 ആയിരുന്നു. എന്നാല്‍ 2023-2024-ലേക്ക് വരുമ്പോള്‍ അത് 4,85,063 ആയി. വിര്‍ച്വല്‍ ക്യൂ ഉള്ളപ്പോഴും സ്‌പോട്ട് ബുക്കിങ് കൂടുകയാണ് ചെയ്യുന്നത്. അത് ആശാസ്യമായ കാര്യമല്ല. ഭക്തരുടെ സുരക്ഷയും ക്ഷേത്രത്തിന്റെ സുരക്ഷയും കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കിയത് എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു.
സ്പോട്ട് ബുക്കിങ് പൂര്‍ണമായും ഒഴിവാക്കി ഓണ്‍ലൈന്‍ ബുക്കിങ് ആക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യം ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു. കഴിഞ്ഞ തവണ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് പല ഭക്തന്മാര്‍ക്കും പന്തളത്തുവച്ച് തന്നെ മാല ഊരി തിരികെ പോകേണ്ടിവന്നത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തീര്‍ഥാടനം സുഗമമാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതെന്നായിരുന്നു ദേവസ്വം മന്ത്രി വിഎന്‍ വാസവന്റെ മറുപടി. ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശ്നം ഗുരതരമാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്‍കിയിരുന്നു. സ്പോട്ട് ബുക്കിങ് പുനരാരംഭിച്ചില്ലെങ്കില്‍ ഭക്തരുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.
#Sabarimala #VirtualQueue #TemplePilgrimage #KeralaDevaswom #MandalaSeason #OnlineBooking