ശബരിമല അയ്യപ്പസന്നിധിയില്‍ ആചാരപൂര്‍വ്വം നിറപുത്തരി പൂജ നടന്നു

 



ശബരിമല: (www.kvartha.com 16.08.2021) ഭക്തിയുടെ നിറവില്‍ ശരണം വിളികളുടെ നടുവില്‍ ശബരിമല അയ്യപ്പസന്നിധിയില്‍ ആചാരപൂര്‍വ്വം നിറപുത്തരി പൂജ നടന്നു. ക്ഷേത്ര തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്കായിരുന്നു ശ്രീകോവില്‍ നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും മണ്ഡപത്തില്‍ മഹാഗണപതിഹോമവും നടന്നു. 5.30ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ മണ്ഡപത്തില്‍ നിറപുത്തരി പൂജാ ചടങ്ങുകള്‍ ആരംഭിച്ചു. 

ശബരിമല അയ്യപ്പസന്നിധിയില്‍ ആചാരപൂര്‍വ്വം നിറപുത്തരി പൂജ നടന്നു


തുടര്‍ന്ന് പതിനെട്ടാം പടിയില്‍ വച്ചിരുന്ന നെല്‍കറ്റകള്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശിരസിലേറ്റി വാദ്യഘോഷങ്ങളോടെ അകമ്പടിയോടെ ആചാരവൂര്‍വ്വം ക്ഷേത്രത്തെ ഒരു തവണ പ്രദക്ഷിണം വച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മണ്ഡത്തില്‍ വച്ച് കതിരുകള്‍ പൂജിച്ചു. പിന്നീട് ശ്രീകോവിലിനുള്ളിലേക്ക് കതിരുകള്‍ നിറപുത്തരി പൂജക്കായി കൊണ്ടുപോയി. 

നിറപുത്തരി പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനര്‍, ഭക്തര്‍ക്ക് കതിരുകള്‍ പ്രസാദമായി നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ എന്‍ വാസു, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍ എന്നിവര്‍ നിറപുത്തരി പൂജയ്ക്ക് ശബരീശ ദര്‍ശനത്തിനായി എത്തിയിരുന്നു. ചിങ്ങം ഒന്നായ ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിക്ക് ആണ് നട തുറക്കുക.

Keywords:  News, Kerala, State, Sabarimala, Sabarimala Temple, Sabarimala temple held Niraputhiri pooja 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia