ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി; പിന്നാലെ ഹോട്‌സ്‌പോട്ടുകളും; സര്‍വത്ര പ്രശ്‌നം; ജനത്തെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് പൊലീസ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 20.04.2020) ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. പിന്നാലെ ഹോട്‌സ്‌പോട്ടുകളും പ്രഖ്യാപിച്ചതോടെ സര്‍വത്ര പ്രശ്‌നമായി. ഇതോടെ ജനത്തെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് പൊലീസ്.

ഇളവുകള്‍ക്ക് പിന്നാലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. ഹോട്‌സ്‌പോട്ടായ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതൊന്നും വകവയ്ക്കാതെയായിരുന്നു ജനങ്ങള്‍ പുറത്തിറങ്ങിയത്. ഇവരെ തടയാന്‍ പൊലീസ് ഉദ്യോഗസ്ഥരും നന്നേ പാടുപെട്ടു.

ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി; പിന്നാലെ ഹോട്‌സ്‌പോട്ടുകളും; സര്‍വത്ര പ്രശ്‌നം; ജനത്തെ നിയന്ത്രിക്കാനാകാതെ വലഞ്ഞ് പൊലീസ്

എറണാകുളം ജില്ലയില്‍ കൊവിഡ് 19 ഭീതി അകന്നതോടെ നഗരത്തിലേക്ക് വാഹനങ്ങളുടെ പ്രവാഹമായി. ഹോട്‌സ്‌പോട്ടായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എറണാകുളം കോര്‍പറേഷന്‍ പരിധിയില്‍ ഇതു വകവയ്ക്കാതെയാണ് ഇളവുകള്‍ നടപ്പായെന്ന മട്ടില്‍ രാവിലെ മുതല്‍ തന്നെ ആളുകള്‍ പുറത്തിറങ്ങിയത്. ഇരുചക്ര വാഹനങ്ങളും കാറുകളും കൊണ്ട് നഗരം നിറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്ന ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, കലൂര്‍, എംജി റോഡ് പ്രദേശങ്ങളില്‍ പൊലീസ് പരിശോധന നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ രാവിലെ ഇവിടെ വാഹനങ്ങളുടെ തിരക്ക് കാര്യമായി പ്രകടമായിരുന്നു.

ഓറഞ്ച് എ സോണിലാണ് എറണാകുളം ജില്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ തന്നെ കൊച്ചി കോര്‍പറേഷന്‍ പരിധി പ്രദേശവും മുളവുകാട് പഞ്ചായത്തും ഹോട്‌സ്‌പോട്ടുകളായാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് എ സോണില്‍ വെള്ളിയാഴ്ച മുതലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ലഭ്യമാകുന്നത്. അതേ സമയം തിങ്കളാഴ്ച മുതല്‍ തന്നെ ഇളവുകള്‍ ലഭ്യമായ മട്ടിലാണ് ആളുകള്‍ നഗരത്തിലേയ്ക്ക് എത്തുന്നത്. ഹോട്‌സ്‌പോട്ടുകള്‍ക്ക് ഈ വെള്ളിയാഴ്ച മുതലും ഇളവുകള്‍ ഇല്ലെന്നിരിക്കെ വാഹനങ്ങളുടെ തിരക്കു കടകളിലും മറ്റും ആള്‍ക്കൂട്ടം ഉണ്ടാകുന്നതിന് ഇടയാക്കുമെന്ന ഭീതി ഉയര്‍ത്തുന്നുണ്ട്.

അതേസമയം കര്‍ശനമായ പൊലീസ് പരിശോധന പതിവു പോലെ തുടരുന്നുണ്ടെന്നും അനുമതിയുള്ളവരെ മാത്രമാണു കടന്നു പോകാന്‍ അനുവദിക്കുന്നതെന്നും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി പറഞ്ഞു. നഗരത്തില്‍ 14നു ശേഷം തുറക്കാന്‍ അനുമതിയുണ്ടായിട്ടും തുറക്കാതിരുന്ന ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വൃത്തിയാക്കല്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തിയിട്ടുണ്ട്. മിക്ക ഹോട്ടലുകളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിച്ച് ഓണ്‍ലൈന്‍ വഴിയും ഹോം ഡെലിവറിയിലൂടെയും ഭക്ഷണം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു തിരക്ക് കൂടുന്നതിനു കാരണമായിട്ടുണ്ട്.

അനുമതിയുണ്ടായിട്ടും കൊവിഡ് 19 ഭീതിയില്‍ പുറത്തിറങ്ങാതിരുന്നവരും ഇപ്പോള്‍ ഭീതി അകന്നതോടെ പുറത്തിറങ്ങിയതാണു തിരക്കുകള്‍ക്കുള്ള കാരണം എന്നാണു വിലയിരുത്തല്‍. നിയന്ത്രണം ബാധകമല്ലാതെ വരുന്ന ചില യൂണിറ്റുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലേയ്ക്ക് എത്തുന്നവരും ഉണ്ട്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബാങ്കുകളുണ്ട്, ആശുപത്രികളുണ്ട്. ഇവയുടെ എല്ലാം ജീവനക്കാര്‍ ഇതുവരെയും പൂര്‍ണമായും ജോലിക്ക് എത്തുന്നില്ലായിരുന്നു.

എന്നാല്‍ തിങ്കളാഴ്ച മുതല്‍ മിക്ക ബാങ്കുകളും മുഴുവന്‍ ജീവനക്കാരുമായാണു പ്രവര്‍ത്തിക്കുന്നത്. 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തില്‍ മുന്നോട്ടു പോകാനാവില്ലെന്നും രാവിലെ പത്തുമണി മുതല്‍ നാലുമണി വരെ എന്ന നിര്‍ദേശം പാലിക്കുമെന്നുമുള്ള നിലപാടാണ് ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ളത്. ആശുപത്രികളിലാകട്ടെ ഒപി കൂടുതലായി പ്രവര്‍ത്തിച്ചു തുടങ്ങിയതും ആളുകള്‍ കൂടുതല്‍ നഗരത്തിലേയ്ക്ക് എത്തുന്നതിന് കാരണമാക്കിയിട്ടുണ്ടെന്ന് എസിപി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുള്ള പ്രദേശങ്ങളില്‍ ടോണ്‍ പ്രവര്‍ത്തനവും ഈ ദിവസങ്ങളില്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അരൂര്‍ ടോള്‍ പ്ലാസയിലും പൊന്നാരിമംഗലം ടോള്‍ പ്ലാസയിലും ടോള്‍ പിരിവ് 24ന് ആരംഭിക്കും.

സര്‍ക്കാര്‍ ഇളവുകള്‍ക്കൊപ്പം ഹോട്‌സ്‌പോട്ടുകളും പ്രഖ്യാപിച്ചതോടെ ഇടുക്കിയില്‍ സര്‍വത്ര ആശയക്കുഴപ്പം. തൊടുപുഴ മേഖലയില്‍ രാവിലെ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ പൊലീസ് അടപ്പിച്ചു. ആശയക്കുഴപ്പം വ്യാപകമായതോടെ, ജില്ലാ കലക്ടര്‍ ഇടപെട്ടു. ഹോട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ച സ്ഥലങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ തൊടുപുഴ നഗരസഭ, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസണ്‍വാലി, സേനാപതി പഞ്ചായത്തുകളാണ് ഹോട്‌സ്‌പോട്ടുകള്‍.

തൃശൂരിലും കടകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. ചെറുകിട, ഇടത്തരം വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കാമെന്നാണ് പൊലീസ് ഇന്നലെ അറിയിച്ചിരുന്നതെങ്കിലും സ്റ്റേഷനറിഫാന്‍സി സ്റ്റോറുകള്‍ക്ക് ഇതു ബാധകമല്ലെന്നുള്ള അറിയിപ്പാണു ജില്ലാ ഭരണകൂടത്തില്‍ നിന്നു കിട്ടിയത്. വ്യാപാരികള്‍ കടയില്‍ വന്നെങ്കിലും പലയിടത്തും തുറക്കാതെ മടങ്ങുകയായിരുന്നു. ചില ഗ്രാമീണ പ്രദേശങ്ങളില്‍ സ്റ്റേഷനറി കടകള്‍ തുറന്നിട്ടുണ്ട്. ചിലയിടത്ത് തുറന്ന കടകള്‍ വ്യാപാരികള്‍ തന്നെ അടച്ചു. റസ്റ്ററന്റുകളില്‍ ചിലയിടത്ത് ഇരുന്നു കഴിക്കാന്‍ അനുമതി കൊടുത്തു. എന്നാല്‍, കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടി എന്നറിഞ്ഞതോടെ അവരും പാഴ്‌സല്‍ മാത്രമാക്കി. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വാഹനം ഓടിക്കാമെന്ന ഉറപ്പു വിശ്വസിച്ച് രാസവളവുമായി പോയ കര്‍ഷകന് ചേലക്കരയില്‍ പിഴ ചമുത്തിയതായി പരാതിയുണ്ട്.

വയനാട്ടില്‍ തുറന്ന മൊബൈല്‍ഷോറൂമുകളും ടെക്സ്റ്റയില്‍സുകളും ഫാന്‍സി കടകളും സ്റ്റുഡിയോകളും പൊലീസ് അടപ്പിച്ചു. ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെട്ടതിനാല്‍ വയനാട്ടില്‍ എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാമെന്ന് ഞായറാഴ്ച കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിനെത്തുടര്‍ന്നാണു വ്യാപാരികള്‍ രാവിലെ കടകള്‍ തുറന്നത്. എന്നാല്‍, ഇത്തരത്തില്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് പൊലീസ് എത്തി കടകള്‍ അടപ്പിക്കുകയായിരുന്നു. കല്‍പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലാണു കടകള്‍ അടപ്പിച്ചത്. പനമരത്തെ സ്റ്റുഡിയോകളും അടപ്പിച്ചു. തിരക്ക് നിയന്ത്രണാതീതമായതിനാലാണ് മാനന്തവാടിയില്‍ ചില കടകള്‍ അടപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം.

ഇളവുകള്‍ ഉണ്ടെങ്കിലും എല്ലാ കച്ചവടസ്ഥാപനങ്ങളും തുറക്കാനാകില്ലെന്നും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാനാകൂവെന്നും കലക്ടര്‍ ഡോ. അദീല അബ്ദുല്ല പറഞ്ഞു. വൃത്തിയാക്കാനായി കടകള്‍ തുറക്കാമെന്നാണ് കഴിഞ്ഞദിവസം അറിയിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഫാന്‍സി, ടെക്സ്റ്റയില്‍സ് തുടങ്ങിയവ അവശ്യവസ്തുക്കളല്ലാത്തതിനാല്‍ അത്തരം സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാകില്ല. തുറക്കാന്‍ അനുമതിയില്ലാത്ത കടകള്‍ മാത്രമേ അടപ്പിച്ചിട്ടുള്ളൂവെന്നു കല്‍പറ്റ ഡിവൈഎസ്പി ടി പി ജേക്കബ് പറഞ്ഞു.

എല്ലാ കടകളും തുറക്കാമെന്ന തരത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത വെള്ളമുണ്ട പഞ്ചായത്ത് ഹോട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. തൊട്ടടുത്ത തൊണ്ടര്‍നാട് പഞ്ചായത്തിലാണ് വയനാട്ടില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, തൊണ്ടര്‍നാട് ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമില്ല.

ആലപ്പുഴയില്‍ ഡിജിപിയുടെ ഉത്തരവ് പ്രകാരം തുറന്ന കടകള്‍ പൊലീസ് അടപ്പിച്ചു. മുല്ലയ്ക്കല്‍ തെരുവില്‍ ഡിജിപിയുടെ ഉത്തരവ് കാണിച്ച വ്യാപാരികളുമായി പൊലീസ് വാക്കേറ്റമുണ്ടായി. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണു കടകള്‍ അടപ്പിക്കുന്നതെന്നു പൊലീസ് അറിയിച്ചു. ഓറഞ്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ആലപ്പുഴയില്‍ ചെറുകിട കടകള്‍ ഉള്‍പ്പെടെ തുറക്കാമെന്ന സര്‍ക്കാരിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ ബാധകമാകുമെന്ന് കഴിഞ്ഞദിവസം ഡിജിപി വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയില്‍ വിവിധ കേന്ദ്രങ്ങളില്‍ കടകളും സ്ഥാപനങ്ങളും തുറന്നത്. നഗരത്തില്‍ രാവിലെ മുതല്‍ തിരക്കായിരുന്നു.

Keywords:  Rush on Kerala roads at lock down relaxation day, Kochi, Ernakulam, Lock down, Auto & Vehicles, Police, Government-employees, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia