CM Pinarayi | അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണങ്ങളെ സിനിമയുടെ പ്രമേയമാക്കിയത് ആസൂത്രിത നീക്കം; 'കേരള സ്റ്റോറി' കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Apr 30, 2023, 14:19 IST
തിരുവനന്തപുരം: (www.kvartha.com) 'കേരള സ്റ്റോറി' സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മ്മിച്ചത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന 'കേരള സ്റ്റോറി' എന്ന ഹിന്ദി സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.
കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാന്‍.
അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ 'ലവ് ജിഹാദ്' ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഢി പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. എന്നിട്ടും സിനിമയില്‍ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.
മറ്റിടങ്ങളിലെ പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിന്‍ബലത്തിലല്ല സംഘപരിവാര്‍ ഇത്തരം കെട്ടുകഥകള്‍ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറില്‍ കാണാന്‍ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് ഈ വ്യാജ കഥ.
നാട്ടില്‍ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാന്‍ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയില്‍ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നുണകള്‍ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസന്‍സല്ല. വര്‍ഗീയ - വിഭാഗീയ നീക്കങ്ങളെ മലയാളികള്‍ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യര്‍ത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തില്‍ അശാന്തി പരത്താനുള്ള വര്‍ഗീയ ശ്രമങ്ങള്‍ക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.
Keywords: News, Kerala-News, Kerala, News-Malayalam, Thiruvananthapuram-News, CM, Pinarayi Vijayan, Criticism, Cinema, Politics, RSS, Kerala Story, Election. Political Party, RSS Targeting Kerala Election says CM Pinarayi Vijayan about the 'Kerala Story'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.