ആര്‍.എസ്.എസ് ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു; പലയിടത്തും അക്രമം

 


തിരുവനന്തപുരം: (www.kvartha.com 02.09.2014) കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച നടക്കുന്ന ഹര്‍ത്താല്‍ ജനജീവിതം സ്തംഭിച്ചു. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

കാസര്‍കോട്-മഞ്ചേശ്വരം താലൂക്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ പതിവു പോലെ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നു. കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. ഗണേശോത്സവം പ്രമാണിച്ചാണ് ഈ രണ്ട് താലൂക്കുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കേ കതിരൂര്‍, എളന്തോടത്ത് മനു എന്ന മനോജി (42) നെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്.

കണ്ണൂരില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയിട്ടില്ല. കൊലപാതകം നടന്ന കതിരൂര്‍ ഉള്‍പെടെ കണ്ണൂരിന്റെ പല ഭാഗത്തും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് മീന്‍ചന്തയ്ക്ക് സമീപം വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

വയനാട് മീനങ്ങാടിയില്‍ കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. കൊച്ചി കാക്കനാട്ടും സൗത്ത് റെയില്‍വേ സ്റ്റേഷനിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയില്‍ ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിന് നേരെയും കല്ലെറിഞ്ഞു. ഓട്ടോ റിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കല്ലേറ് നടത്തിയത്. ഓഫീസിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നു.

ആലപ്പുഴ ഹരിപ്പാടിനു സമീപം അന്യസംസ്ഥാന ലോറിക്ക് നേരെയും കശുവണ്ടി കോര്‍പറേഷന്റെ രണ്ട് വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിഞ്ഞു. സംഭവത്തില്‍ ആറ് പേരെയും ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൊല്ലം പുനലൂരില്‍ ഒരു ഹോട്ടലിന്റെ ഗ്ലാസ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അടിച്ചു തകര്‍ത്തു. ഒരു സ്വകാര്യ ബസിന് നേരെയും കല്ലെറിഞ്ഞു. തൊടുപുഴ പച്ചക്കറി മാര്‍ക്കറ്റില്‍ വില്‍പനക്ക് വെച്ചിരുന്ന പച്ചക്കറികള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിച്ചു. മലപ്പുറം ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു.

തിങ്കളാഴ്ച കൊല്ലപ്പെട്ട മനോജിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയോടെ കിഴക്കേ കതിരൂരിലെ വീട്ടുവളപ്പില്‍ നടക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേര്‍ക്കെതിരെ തലശേരി ലോക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകന്‍ കിഴക്കേ കതിരൂര്‍ ബ്രഹ്മപുരം സ്വദേശി വിക്രമന്‍, കണ്ടാലറിയാവുന്ന ഏഴ് സി.പി.എം പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ആര്‍.എസ്.എസ് ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു; പലയിടത്തും അക്രമം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്ത്രീകളേയും വഴിയാത്രക്കാരേയും കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടുന്ന വിരുതന്‍ അറസ്റ്റില്‍
Keywords:  Kerala, Harthal, RSS, BJP, Vehicles, CPM, Murder, Manoj, Kasaragod, Manjeshwaram, Market, 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia