പാമ്പ് ദൈവമല്ല, പന്നിയെ കൊല്ലാന്‍ തടസം ആര്‍ എസ് എസ്; വിവാദങ്ങള്‍ക്ക് പിന്നാലെ നിലപാട് ആവര്‍ത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു
● പാമ്പിനെ ചിലര്‍ ഭക്ഷിക്കുന്നു
● വരാഹത്തെ ആരാധിക്കുന്ന രീതി ഇപ്പോഴുമുണ്ട്
പത്തനംതിട്ട: (KVARTHA) പാമ്പ് ദൈവമല്ലെന്നും പന്നിയെ കൊല്ലാന്‍ തടസം അതിനെ ആര്‍ എസ് എസ് ദൈവമായി കാണുന്നതാണെന്നുമുള്ള നിലപാട് ആവര്‍ത്തിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. താന്‍ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചില്ലെന്ന് പറഞ്ഞ ഉദയഭാനു ദൈവത്തിന്റെ അവതാരമായി കാണുന്നതിനാലാണ് പന്നി (വരാഹം)യെ കൊല്ലുന്നതിനെതിരെ ആര്‍ എസ് എസ് നിലപാട് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും ആര്‍ എസ് എസ് ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. പാമ്പിനെ ദൈവമായി കാണുന്നില്ലെന്ന് പറഞ്ഞ ഉദയഭാനു അത് തലച്ചോറില്ലാത്ത ജീവിയാണെന്നും ചിലര്‍ അതിനെ ഭക്ഷണമാക്കുന്നുണ്ടെന്നും പറഞ്ഞു.
വരാഹത്തെ ആരാധിക്കുന്ന രീതി ഇപ്പോഴുമുണ്ടെന്നും പാലക്കാട് ഇത്തരത്തിലുള്ള ക്ഷേത്രമുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. വന്യമൃഗങ്ങള്‍ കാരണം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ജില്ലയിലെ 12 പഞ്ചായത്തുകളെ ഇത് രൂക്ഷമായി ബാധിച്ചെന്നും ഉദയഭാനു വിശദീകരിച്ചു.
വനംവകുപ്പ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കഴിഞ്ഞദിവസം സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രസംഗം ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നതാണെന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉദയഭാനു.
#RSS #CPMKerala #WildBoarIssue #KeralaPolitics #Udayabhanu #Controversy