'നെഞ്ചുവേദനിക്കുന്നുവെന്ന് പതിഞ്ഞ ശബ്ദത്തില്‍ പിറുപിറുത്തു പതിയെ ബോധം മറഞ്ഞു'; പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി രക്ഷാപ്രവര്‍ത്തനം നടത്തി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍
Feb 15, 2022, 09:12 IST
കൊച്ചി: (www.kvartha.com 15.02.2022) പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ ആളെ ഒരു നിമിഷം പോലും പാഴാക്കാതെ കയ്യിലെടുത്തോടി രക്ഷാപ്രവര്‍ത്തനം നടത്തി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. തിങ്കളാഴ്ച വൈകിട്ട് എറണാകുളം സൗത് സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട് ചാലിയം ചാലിയപ്പാടം പാറക്കാപ്പറമ്പില്‍ പി പി മുഹമ്മദ് അലിയെയാണ് (46) കോണ്‍സ്റ്റബിള്‍ സുനില്‍ കെ ബാബു ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്.
ഏറനാട് എക്‌സ്പ്രസ് നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കെത്തിയപ്പോഴാണ് ഒരാള്‍ നിലത്തു വീണു കിടക്കുന്നുവെന്ന വിവരം സുനിലിന് ലഭിച്ചത്. ഉടന്‍ സ്ഥലത്തേക്ക് ഓയിയെത്തിയപ്പോള്‍ മുഹമ്മദ് അലി നിലത്ത് കിടക്കുകയായിരുന്നു. കുനിഞ്ഞിരുന്ന് വിവരം തിരക്കിയപ്പോള്‍ നെഞ്ചുവേദനിക്കുന്നുവെന്ന് പതിഞ്ഞ ശബ്ദത്തില്‍ പറയുകയും ഉടന്‍ തന്നെ ബോധം മറയുകയും ചെയ്തുവെന്ന് സുനില്‍ പറഞ്ഞു. ഇതിനിടെ സിപിആര്‍ നല്‍കി.
എന്നാല്‍ ആശുപത്രിയിലെത്തിക്കാനായി പ്രധാന കവാടം വരെയെത്തിക്കാനുള്ള വാഹനങ്ങളോ മറ്റു സൗകര്യങ്ങളോ അടുത്തെങ്ങുമുണ്ടായിരുന്നില്ല. ഇതോടെ മുഹമ്മദിനെ തന്റെ കയ്യിലെടുത്തുയര്‍ത്തിയും നെഞ്ചിലേക്ക് ചാരിക്കിടത്തിയും സുനില്‍ ഏകദേശം 400 മീറ്ററോളം ഓടി. പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും ആംബുലന്‍സും സ്ഥലത്തെത്തി. ഇതില്‍ മുഹമ്മദിനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മുന്‍പു ഹൃദയാഘാതമുണ്ടായിട്ടുള്ള മുഹമ്മദ് അപസ്മാരരോഗി കൂടിയാണ്. അപസ്മാരമാണ് കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെടാന്‍ കാരണമെന്നാണ് നിഗമനം. മുഹമ്മദ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആള്‍ രക്ഷപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് സുനില്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.