Criticized | റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വ്യാപക വിമര്‍ശനം; നീതി കിട്ടുമെന്ന് പ്രതീക്ഷിച്ച ബന്ധുക്കള്‍ക്ക് നിരാശ; എങ്കില്‍ പിന്നെ പ്രതികള്‍ ആരാണെന്ന ചോദ്യം ബാക്കി!

 


കാസര്‍കോട്: (KVARTHA) ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം. 2017 മാര്‍ച് 20 ന് രാത്രി ചൂരിയിലെ പള്ളിയോടു ചേര്‍ന്ന മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ പ്രതികള്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസ് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി എന്നുള്ള റിപോര്‍ടുകള്‍ ആണ് പുറത്തുവന്നത്. കോടതിയുടെ വിധിപ്പകര്‍പ്പിലാണ് ഗുരുതര വീഴ്ചകള്‍ എണ്ണിപ്പറയുന്നത്. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. 

Criticized | റിയാസ് മൗലവി കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വ്യാപക വിമര്‍ശനം;  നീതി കിട്ടുമെന്ന് പ്രതീക്ഷിച്ച ബന്ധുക്കള്‍ക്ക് നിരാശ; എങ്കില്‍ പിന്നെ പ്രതികള്‍ ആരാണെന്ന ചോദ്യം ബാക്കി!

പ്രതികള്‍ക്ക് ആര്‍ എസ് എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധക്കേസില്‍ നടന്നത് നിലവാരമില്ലാത്ത അന്വേഷണമെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണ്. പക്ഷേ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നു.

മുറിയില്‍നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചിക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്നും വിധിപ്പകര്‍പ്പില്‍ നിരീക്ഷിക്കുന്നുണ്ട്. മരണത്തിന് മുന്‍പ് റിയാസ് മൗലവിയുമായി ഇടപഴകിയവരെ ഇതുവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തി. ഒന്നാം പ്രതിയുടെ വസ്ത്രങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് നല്‍കിയില്ല. അതിനാല്‍ വസ്ത്രങ്ങള്‍ പ്രതിയുടേതാണോ എന്ന് വ്യക്തമായില്ല.

അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കരുതാന്‍ സാധിക്കും. തെളിവെടുപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കരുതുന്നതായും കോടതി പറയുന്നു. കാസര്‍കോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ മൂന്നു പേരെയും വെറുതെ വിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെകെ ബാലകൃഷ്ണനാണ് വിധി പറഞ്ഞത്.

ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു.
രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കോടതി വിധി കേട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ പൊട്ടിക്കരഞ്ഞു. വിധിയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ പോലും സങ്കടം കൊണ്ട് അവര്‍ക്കായില്ല. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അവര്‍ പറഞ്ഞു.

പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ വിധിയില്‍ വളരെ ദുഃഖമുണ്ടെന്നും റിയാസ് മൗലവിയുടെ സഹോദരന്‍ അബ്ദുര്‍ റഹ്‌മാന്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ടവര്‍ തന്നെയോ പിതാവിനെയോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ വിധി കേള്‍ക്കാന്‍ വലിയ പ്രതീക്ഷയോടെയായിരുന്നു റിയാസ് മൗലവിയുടെ ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നത്. കുഞ്ഞ് ഫാത്വിമത് ശബീബയ്ക്ക് ഒപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ വന്നത്. ഇപ്പോഴത്തെ ഭര്‍ത്താവ് അബ്ദുല്‍ മജീദും ഇവരുടെ കൂടെയുണ്ടായിരുന്നു. കോടതി വിധി തങ്ങളെ ഞെട്ടിച്ചുവെന്നാണ് ബന്ധുക്കള്‍ അഭിപ്രായപ്പെട്ടത്.

പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള വിവിധ രാഷ്ടീയ നേതാക്കളും കോടതി വിധിയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പ്രതികള രെക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 

പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ നിരപരാധികളാണെങ്കില്‍ പിന്നെ ആരാണ് പ്രതികളെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി ഉയരുന്നുണ്ട്.


Keywords: Riyas Moulavi murder case: Serious lapses on part of investigation team, says judgement copy, Kasaragod, News, Riyas Moulavi Murder Case, Court, Report, Allegation, Family, Criticized, Kerala News.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia