Reunion | വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യകാല ഗുരുവും എംഎല്‍എയും തമ്മില്‍ പുന:സമാഗമം; ജോസഫ് മാസ്റ്ററെ തേടി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വീട്ടിലെത്തിയത് അവിസ്മരണീയ അനുഭവമായി മാറി; പരസ്പരം തിരിച്ചറിഞ്ഞത് യാദൃശ്ചികമായി

 


പൂഞ്ഞാര്‍: (www.kvartha.com) തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ തേടി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വീട്ടിലെത്തിയത് അവിസ്മരണീയ അനുഭവമായി മാറി. എല്‍പി, യുപി കാലഘട്ടത്തില്‍ തന്നെ പഠിപ്പിച്ച കെ ആര്‍ ജോസഫ് മാസ്റ്റര്‍ തന്റെ മണ്ഡലത്തില്‍ ഉണ്ടെന്ന് അറിഞ്ഞ് മുണ്ടക്കയം വരിക്കാനി കല്ലറയ്ക്കല്‍ വീട്ടില്‍ എംഎല്‍എ എത്തിയപ്പോള്‍ 83 വയസായ ആ വിരമിച്ച അധ്യാപകന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. 45 വര്‍ഷം മുമ്പുള്ള ഓര്‍മകള്‍ അയവിറക്കി എംഎല്‍എ കൈപിടിച്ചപ്പോള്‍ തന്റെ ശിഷ്യന്‍ അഭിമാന പദവിയില്‍ എത്തിയതിന്റെ ആഹ്ലാദം ജോസഫ് മാസ്റ്ററുടെ മുഖത്തും അലതല്ലി.
     
Reunion | വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യകാല ഗുരുവും എംഎല്‍എയും തമ്മില്‍ പുന:സമാഗമം; ജോസഫ് മാസ്റ്ററെ തേടി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വീട്ടിലെത്തിയത് അവിസ്മരണീയ അനുഭവമായി മാറി; പരസ്പരം തിരിച്ചറിഞ്ഞത് യാദൃശ്ചികമായി

ഓരോരുത്തരുടെയും വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഏറ്റവും അധികം കഷ്ടപ്പെട്ടിട്ടുള്ളത് ആദ്യകാല ഗുരുക്കന്മാരായ എല്‍പി, യുപി അധ്യാപകരാണെന്ന് പറയാറുണ്ട്. ഇന്ന് പലപ്പോഴും പലരും മറന്നുപോകുന്നിടത്താണ് എംഎല്‍എ തന്റെ വിദ്യാഭ്യാസത്തിന്റെ ആരംഭ കാലത്തെ അധ്യാപകനെ തേടി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി മറ്റൊരു മാതൃക സൃഷ്ടിച്ചത്. 1973 മുതല്‍ 80 വരെയുള്ള കാലഘട്ടത്തിലാണ് ജോസഫ് മാസ്റ്റര്‍ മുണ്ടക്കയത്തിനടുത്തുള്ള പെരുവന്താനം ഗവ. യു പി സ്‌കൂളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചത്. അന്ന് ആ സ്‌കൂളില്‍ താന്‍ പഠിപ്പിച്ച വിദ്യാര്‍ഥിയാണ് ഇന്നത്തെ പൂഞ്ഞാര്‍ എംഎല്‍എ എന്ന് ജോസഫ് മാസ്റ്റര്‍ തിരിച്ചറിഞ്ഞത് വൈകിയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെതിരെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ അവിടുത്തെ വോടര്‍ ആയിരുന്നു ജോസഫ് മാസ്റ്റര്‍. പക്ഷേ, ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഒരിക്കലും തന്റെ ശിഷ്യനാണെന്ന് ജോസഫ് മാസ്റ്റര്‍ കരുതിയിരുന്നില്ല. പെന്‍ഷന്‍ പറ്റി വീട്ടില്‍ സ്വസ്ഥമായി ഇരിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് സമയത്തും ഗുരുവിനും ശിഷ്യനും നേരില്‍ കാണാനോ പരസ്പം മനസിലാക്കാനോ സാധിച്ചുമില്ല. അങ്ങനെയിരിക്കെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍, പെരുവന്താനത്ത് മുന്‍പ് പഠിപ്പിച്ച യൂനൂസ് എന്ന ശിഷ്യന്‍ ജോസഫ് മാസ്റ്ററിനെ കണ്ട് വിശേഷങ്ങള്‍ പറയുന്നതിനിടയിലാണ് അങ്ങയുടെ മറ്റൊരു പഴയൊരു ശിഷ്യന്‍ ഇപ്പോള്‍ എംഎല്‍എ ആണെന്ന കാര്യം പങ്കുവെച്ചത്.

ആദ്യം അവിശ്വസനീയമായി തോന്നിയെങ്കിലും പിന്നീട് ജോസഫ് മാസ്റ്റര്‍ എംഎല്‍എയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് തന്റെ പഴയ ശിഷ്യനെ വിളിക്കുകയായിരുന്നു. ആ ഒറ്റവിളിയില്‍ എംഎല്‍എ തന്റെ ആദ്യകാല അധ്യാപകന്‍ ജോസഫ് സാറിനെ തിരിച്ചറിഞ്ഞു. വിശേഷങ്ങള്‍ പങ്കുവെച്ച് ആ ഫോണ്‍ സംഭാഷണം അന്ന് അവസാനിച്ചു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം എംഎല്‍എ ജോസഫ് മാസ്റ്ററെ അങ്ങോട്ട് വിളിക്കുകയും വീട്ടില്‍ വന്ന് കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. വീട്ടിലെത്തിയ എംഎല്‍എയ്ക്ക് ഊഷ്മള സ്വീകരണമാണ് ജോസഫ് മാസ്റ്റര്‍ നല്‍കിയത്. പോകാന്‍ നേരം പ്രിയ ഗുരുനാഥനെയും അദേഹത്തിന്റെ സഹധര്‍മിണിയെയും ചേര്‍ത്ത് നിര്‍ത്തി ഫോടോയും എടുത്താണ് എംഎല്‍എ മടങ്ങിയത്.

Keywords: Reunion, Teacher, MLA, Poonjar, Sebastian Kulathunkal, Kerala News, Malayalam News, Reunion of Teacher and MLA after many years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia