Onam trip | ഓണം കെങ്കേമമായി ആഘോഷിക്കൂ; പാകേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍; പച്ചപ്പും അഴകാര്‍ന്ന കാഴ്ചകളും സാഹസികതയും ആസ്വദിക്കാന്‍ അവസരം; വിശദമായി അറിയാം

 


തിരുവനന്തപുരം: (www.kvartha.com) നാടിന്റെ പച്ചപ്പും മനോഹാരിതയും അഴകാര്‍ന്ന കാഴ്ചകളുമായി ഓണം കെങ്കേമമായി ആഘോഷിക്കാന്‍ മൂന്നാഴ്ചയോളം നീളുന്ന പാകേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍. ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവിലാണ് മിഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക പാക്കേജുകള്‍ നടക്കുന്നത്. വയനാട്, കോട്ടയം ജില്ലയിലെ കുമരകം, മറവന്‍തുരുത്ത്, മലരിക്കല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, കാസര്‍കോട് ജില്ലയിലെ ബേക്കല്‍, തിരുവനന്തപുരം ജില്ലയിലെ കോവളം, എന്നിവിടങ്ങളില്‍ സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വനിതകള്‍ക്ക് മാത്രമായി പ്രത്യേക പാകേജുകളാണ് നടത്തുന്നത്. ഫാമിലി പാകേജുകളും ലഭ്യമാണ്.
                
Onam trip | ഓണം കെങ്കേമമായി ആഘോഷിക്കൂ; പാകേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍; പച്ചപ്പും അഴകാര്‍ന്ന കാഴ്ചകളും സാഹസികതയും ആസ്വദിക്കാന്‍ അവസരം; വിശദമായി അറിയാം

1. ബേക്കല്‍ പാകേജ്:

ബേക്കല്‍ കോട്ട, ബേക്കല്‍ ബീച് എന്നിവിടങ്ങളിലെ സന്ദര്‍ശനവും ബേക്കലില്‍ കയാകിംഗ് നടത്തുന്നതിനുള്ള സൗകര്യവും പാകേജില്‍ ഒരുക്കിയിരിക്കുന്നു. ബേക്കലില്‍ മാത്രം എക്‌സ്പീരിയന്‍സ് ചെയ്യാവുന്ന സുരംഗ സന്ദര്‍ശനവും സഞ്ചാരികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നു. പാകേജ് ബുക് ചെയ്യുന്നവര്‍ക്ക് ബേക്കല്‍/കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടെമ്പോട്രാവലറില്‍ ഉള്ള പിക് അപ് ആന്‍ഡ് ഡ്രോപും, ഓണസദ്യയും ഉള്‍പ്പെടുന്നതാണ്.

2. കോവളം പാകേജ്:

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് വാക്‌സ് മ്യൂസിയം, കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുള്ള ആഴിമല ശിവക്ഷേത്രം, കേരള ആര്‍ട് & ക്രാഫ്റ്റ് വില്ലേജ് വെള്ളാര്‍, ലൈറ്റ് ഹൌസ് എന്നിവടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കോവളം ബീചിലെ സൂര്യാസ്തമയവും കണ്ട് തിരികെ റെയില്‍വേ സ്റ്റേഷനില്‍ ഡ്രോപ്പ് ചെയ്യുന്ന പാകേജില്‍ ഓണസദ്യയും ഉണ്ടായിരിക്കും.

3. കടലുണ്ടി പാകേജ്:

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ കണ്ടല്‍കാടുകളുടെ മനോഹാരിത അനുഭവിച്ചറിയാനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കിയിരിക്കുന്ന സ്‌പെഷ്യല്‍ പാകേജ് ആണിത്. അറബിക്കടലില്‍ നിന്നും വീശിയടിക്കുന്ന ഇളം തെന്നലേറ്റ് കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിലൂടെയും കണ്ടല്‍കാടുകള്‍ക്കുള്ളിലൂടെയും ദേശാടനക്കിളികളുടെ കളകളാരവം കേട്ടുകൊണ്ട് കുടുംബത്തോടൊപ്പമോ, കൂട്ടുകാര്‍ക്കൊപ്പമോ ആസ്വദിക്കാനും ഈ ഓണം എക്കാലത്തും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നായി മാറ്റാനും അവസരമാണിത്. ഓണം സ്‌പെഷ്യല്‍ ചട്ടിച്ചോറും മുളയരി പായസവും ഈ പാകേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തോണി യാത്ര ആസ്വദിക്കാനും കയര്‍ പിരിക്കല്‍, നെയ്ത്തു എന്നീ പാരമ്പര്യ തൊഴിലുകള്‍ അനുഭവിച്ചറിയാനും ഈ പാകേജ് വഴി അവസരവുണ്ട്. പാകേജിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക് ചെയ്ത ശേഷം കടലുണ്ടി കമ്മ്യൂണിറ്റി റിസേര്‍വിലാണ് എത്തിച്ചേരേണ്ടത്.

4. വയനാട് പാകേജ്:

ഗോവിന്ദന്‍ ആശാന്റെ വീട്ടിലെ അമ്പും വില്ലും പരിശീലനം, മണ്‍പാത്ര നിര്‍മാണം, യൂക്കാലി തൈല നിര്‍മാണ കേന്ദ്ര സന്ദര്‍ശനം, മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന യൂണിറ്റ് സന്ദര്‍ശനം, കാരാപ്പുഴ ഡാം സന്ദര്‍ശനം എന്നിവ അടങ്ങിയതാണ് വയനാട് ജില്ലയിലെ ഉത്തരവാദിത്ത മിഷന്‍ ഓണം സ്‌പെഷ്യല്‍ പാകേജ്.

5. മലരിക്കല്‍ ആമ്പല്‍ ഗ്രാമം സന്ദര്‍ശനം:

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിക് ചെയ്ത് മലരിക്കല്‍ ആമ്പല്‍ പാടം സന്ദര്‍ശനത്തിന് ശേഷം പ്രഭാത ഭക്ഷണം തുടര്‍ന്നു വേമ്പനാട്ടുകായലിലൂടെയുള്ള ശിക്കാരാ യാത്രയുമാണ് ഈ സ്‌പെഷ്യല്‍ പാകേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

6. മറവന്‍തുരുത്ത് പാകേജ്:

മറവന്‍തുരുത്തിന്റെ ചരിത്രവും, സംസ്‌കാരവും ചിത്രീകരിച്ചിരിക്കുന്ന ആര്‍ട് സ്ട്രീറ്റിലൂടെയുള്ള യാത്ര, കൈത്തറി നിര്‍മാണ യൂണിറ്റ്, തൂക്കുപാലം വ്യൂ പോയിന്റ് എന്നിവടങ്ങളിലെ സന്ദര്‍ശനം മരവന്‍തുരുത്തിലെ കനാലുകളിലൂടെയുള്ള കയാക്കിങ്ങും ഈ പാകേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഈ സ്‌പെഷ്യല്‍ പാകേജിന്റെ ഭാഗമാണ്.

7. കുമരകം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാകേജ്:

വേമ്പനാട്ടുകായലിലൂടെയും മീനച്ചില്‍ ആറിലൂടെയും ഉള്ള മനോഹരമായ ശിക്കാരാ യാത്രയും, കയര്‍ പിരിത്തവും, കള്ള് ചെത്തലും, വലവീശലും, ഓല മെടച്ചിലും, പച്ച വിരിച്ചു നില്‍ക്കുന്ന നെല്‍പ്പാടവരമ്പിലൂടെയുള്ള യാത്രയും അടങ്ങുന്ന തനി കേരള ഗ്രാമീണ ജീവിതാനുഭവം ആണ് കുമരകം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാകേജ് വഴി ലഭ്യമാകുന്നത്. ഓണ സദ്യയും പാകേജിന്റെ ഭാഗമാണ്.

8. കാന്തല്ലൂര്‍ പാകേജ്:

കൊച്ചിയില്‍ നിന്നും ആരംഭിച്ചു മൂന്നാര്‍ കാഴ്ചകള്‍ കണ്ടു കാന്തല്ലൂര്‍ എത്തി കാന്തല്ലൂരിലെ ഫ്രൂട്‌സ് ഫാമുകള്‍, പച്ചക്കറി ഫാമുകള്‍, മറയൂര്‍ ശര്‍ക്കര നിര്‍മാണം, പുല്‍ത്തൈല നിര്‍മാണം, ജീപ് സഫാരി, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വ്യൂ പോയിന്റുകളിലൂടെയുള്ള ഈ യാത്ര ഒരു വ്യത്യസ്ത അനുഭവം ആയിരിക്കും. ലഞ്ച് , ഒരു രാത്രിയിലെ താമസം എന്നിവ ഈ പാകേജില്‍ ലഭ്യമാണ്.

ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേരിട്ടും മിഷന്റെ രജിസ്റ്റേര്‍ഡ് യൂണിറ്റുകള്‍ വഴിയുമാണ് പാകേജുകളുടെ സംഘാടനം. വിശദാംശങ്ങള്‍ക്കും ബുകിങ്ങിനുമായി keralartmvle@gmail(dot)com എന്ന ഇ മെയിലിലേക്ക് മെയില്‍ അയക്കുകയോ ചുവടെ കൊടുത്തിരിക്കുന്ന ഫോണ്‍നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.

• ബേക്കല്‍ പാകേജ്:98473 98283
• കോവളം പാകേജ് :95442 74749
• കടലുണ്ടി പാകേജ് : 95267 48398
• വയനാട് പാകേജ്: 95443 13351
• മലരിക്കല്‍ ആമ്പല്‍ ഗ്രാമം സന്ദര്‍ശനം: 96339 92977
• മറവന്‍തുരുത്ത് പാകേജ്: 96339 92977
• കുമരകം വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് : 96339 92977
• കാന്തല്ലൂര്‍ പാകേജ്: 96339 92977

Keywords: Onam, Celebrations, Kerala Festivals, Malayalam News, Onam Destiantion, Responsible tourism mission packages to celebrate Onam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia