Obituary | എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോക്ടര്‍ ഒണ്ടെന്‍ സൂര്യനാരായണന്‍ നിര്യാതനായി
● വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം
● കേരള റീജിയന്‍ സര്‍വ്വേ കമ്മിറ്റിയില്‍ ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്ത മെമ്പര്‍ ആയിരുന്നു.
കണ്ണൂര്‍: (KVARTHA) എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോക്ടര്‍ ഒണ്ടെന്‍ സൂര്യനാരായണന്‍ (83) നിര്യാതനായി. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതരായ ഒണ്ടെന്‍ വാസവന്‍ (ധര്‍മ്മടം), കണ്ടോത്താന്‍കണ്ടി സരോജിനി (കണ്ണൂര്‍) എന്നിവരുടെ മകനാണ്. തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലെ മുന്‍ പ്രൊഫസറായിരുന്നു.
മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും, ഗവേഷകനും, 'സ്വാതന്ത്ര്യ സമരത്തിലേക്ക് ഗാന്ധിജിയുടെ പ്രയാണം', 'നേതാജി സുഭാഷ് ചന്ദ്രബോസ്', 'ആധുനിക ബ്രിട്ടന്റെ ചരിത്രം' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. എകെജിയുടെ ജീവചരിത്രം ആസ്പദമാക്കിയ പുസ്തകമായിരുന്നു അദ്ദേഹം അവസാനമായി രചിച്ചത്.
കണ്ണൂര്‍ എസ് എന്‍ കോളേജ്, ആലുവ യുസി കോളേജ്, ഗവ: കോളേജ് കല്പറ്റ എന്നീ കലാലയങ്ങളിലെ അധ്യാപകനും, പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളിയില്‍ ഡെപ്യൂട്ടേഷനില്‍ സ്ഥാപക പ്രിന്‍സിപ്പലുമായിരുന്നു. വിരമിച്ചശേഷം അഞ്ചുവര്‍ഷം ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ പയ്യന്നൂര്‍ ശാഖയില്‍ എംഎ ക്ലാസ്സില്‍ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് കേരള സിവില്‍ സര്‍വീസ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗാന്ധി സെന്റിനറി സ്മാരക സൊസൈറ്റിയുടെ പ്രവര്‍ത്തന സമിതി അംഗം, ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് ഫോറം മെമ്പര്‍, ബ്രണ്ണന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ബ്രണ്ണന്‍ നൈറ്റ് സ് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സൗത്ത് ബസാര്‍ യൂണിറ്റിന്റെ ദീര്‍ഘകാല മെമ്പര്‍ എന്നീ നിലകളില്‍ സജീവമായിരുന്നു.
കേരള റീജിയന്‍ സര്‍വ്വേ കമ്മിറ്റിയില്‍ ഗവണ്‍മെന്റ് നോമിനേറ്റ് ചെയ്ത മെമ്പര്‍ ആയിരുന്നു. 'ചേരിചേരാ രാഷ്ട്രങ്ങള്‍ സമാധാനത്തിനും നിരായുധീകരണത്തിനും യുഎന്‍ നിര്‍വഹിച്ച പങ്ക്' എന്ന വിഷയത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ്.
അറുപതുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി (1964- 65), കെഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ എന്നീ ചുമതലകളും എട്ട് വര്‍ഷക്കാലം തുടര്‍ച്ചയായി കണ്ണൂര്‍ ജില്ലയുടെ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ പ്രസിഡന്റ്, രണ്ടുവര്‍ഷം തുടര്‍ച്ചയായി ദേശീയ ശാസ്ത്ര വേദിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കണ്ണൂര്‍ മെയിന്‍ ക്ലബ് എന്നറിയപ്പെടുന്ന ലയണ്‍സ് ക്ലബ് പ്രസിഡന്റ് (1998-99) റീജിയണല്‍ ചെയര്‍മാന്‍, സോണ്‍ ചെയര്‍മാന്‍, ദീര്‍ഘകാലം ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ : അമ്പലവട്ടം മൂരിയില്‍ പ്രഭാവതി. മക്കള്‍ : നവീന്‍, നിതിന്‍. മരുമക്കള്‍ : ഷബീന നവീന്‍. മഞ്ജുഷ നിതിന്‍.
സഹോദരങ്ങള്‍ : ജയ നാരായണന്‍ (മുന്‍ സീനിയര്‍ ബാങ്ക് മാനേജര്‍), പ്രകാശ് നാരായണന്‍ (ബിസിനസ്), പ്രശാന്ത് (മെഡിക്കല്‍ ഫാര്‍മ മാനേജര്‍), പരേതരായ സത്യനാരായണന്‍, അഡ്വക്കേറ്റ് പ്രസന്നനാരായണന്‍, ഗിരിധര്‍.
#DrOndenSuryanarayanan, #MalayalamLiterature, #IndianIndependence, #Obituary, #Kerala