പാലക്കാട് ഹോടെലില്‍ യുവാവിനെ ആക്രമിച്ചെന്ന സംഭവം; രമ്യ ഹരിദാസ് ഉള്‍പെട്ട വിവാദത്തില്‍ വിടി ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
Jul 27, 2021, 11:06 IST
പാലക്കാട്: (www.kvartha.com 27.07.2021) പാലക്കാട്ടെ ഹോടെലില്‍ ഞായറാഴ്ച രമ്യ ഹരിദാസ് എംപിയും സംഘവും കോവിഡ് സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഭക്ഷണം കഴിക്കാന്‍ കയറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. മുന്‍ എം എല്‍ എ വി ടി ബല്‍റാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉള്‍പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യംചെയ്ത, യുവാവിനെ ആക്രമിച്ചു എന്ന പരാതിയിലാണ് കേസ്. യുവാവ് നല്‍കിയ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഹോടെലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരിക്കേല്‍ക്കുന്ന വിധത്തിലുള്ള കൈയേറ്റം, ആക്രമണം, ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഹോടെല്‍ ഉടമയ്‌ക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ ലോക് ഡൗണ്‍ ലംഘിച്ച് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എം എല്‍ എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോടെലില്‍ ഹോടെലില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു എന്നായിരുന്നു ആരോപണം. ലോക് ഡൗണ്‍ ഇളവുകള്‍ ലംഘിച്ച സംഭവം ചോദ്യം ചെയ്ത് രണ്ട് യുവാക്കള്‍ രംഗത്തെത്തുകയും വിഡിയോ പകര്‍ത്തുകയും ചെയ്തു.
താങ്കള്‍ എംപിയല്ലേയെന്നും കോവിഡ് പ്രോടോകോള്‍ പാലിക്കാന്‍ ബാധ്യസ്ഥയല്ലേയെന്നും യുവാവ് ചോദിച്ചു. തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും യുവാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറ്റം ചെയ്യുകയുമായിരുന്നു. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാല്‍, പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോടെലില്‍ കയറിയിരുന്നതെന്നുമായിരുന്നു വിഷയത്തില്‍ രമ്യയുടെ വിശദീകരണം. ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദിച്ചെന്ന് യുവാവ് പറഞ്ഞു.
ഈ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സി പി എമും ഡി വൈ എഫ് ഐയും രംഗത്തെത്തിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.