Remembering | ജൂലൈ 5, ബഷീർ ദിനം; കഥകളുടെ സുൽത്താന്റെ ഓർമയിൽ


കൊച്ചി: (KVARTHA) തൂലികകൊണ്ട് അത്ഭുതം തീർത്ത ഇതിഹാസം വൈക്കം മുഹമ്മദ് ബഷീറിന്റെ 30-ാം ചരമവാർഷിക ദിനമാണ് ജൂലൈ അഞ്ച്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വച്ചായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. എഴുത്തു കൊണ്ട് വായനക്കാരന്റെ ഹൃദയം കവർന്ന പ്രതിഭയാണ് ബഷീർ. ദൈനം ദിന ജീവിതവും ചുറ്റുപാടുകളും കഥകളാക്കി മാറ്റി, ആടും കോഴിയും പൂച്ചയും മൂക്കനും മൂർക്കനും കഥാപാത്രങ്ങളാക്കി മാറ്റിയ എഴുത്തുകാരൻ.
വായനക്കാർക്ക് വാക്കുകൾ കൊണ്ടുള്ള കലാവിരുന്നാണ് ബഷീറിന്റെ കൃതികൾ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആദരിച്ചു പോകുന്ന വിസ്മയ വരികൾ. കൃതികളെല്ലാം ഞൊടിയിടയിൽ വായനക്കാരന്റെ ഉള്ളിൽ പ്രിയപ്പെട്ടതാക്കുന്ന എഴുത്തിന്റെ മജീഷ്യനാണ് അദ്ദേഹം. ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു ബഷീറിന്റെ ജനനം.
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിയൊക്കെ അദ്ദേഹം തിളങ്ങി.
മലയാള സാഹിത്യമണ്ഡലത്തില്‍ പകർക്കാരനില്ലാത്ത ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ രചിച്ച കഥകളും നോവലുകളും കൊണ്ട് ബഷീർ മലയാള സാഹിത്യത്തിൽ അതുല്യമായ സ്ഥാനം നേടി. ഇന്നും സ്കൂളുകളിലും ലൈബ്രറികളിലും അദ്ദേഹത്തിന്റെ കൃതികൾക്കായി തിരയുന്നവർ കുറവല്ല.
പ്രമുഖ കൃതികളെല്ലാം തന്നെ മറ്റു ഭാഷകളിലേക്ക് കൂടി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘനിമിഷം ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രമുഖ കൃതികളാണ്. പത്മഭൂഷൺ, സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ബഷീറിന് ലഭിച്ചിട്ടുണ്ട്.
ലളിതവും സത്യസന്ധവുമായ ഭാഷയിൽ എഴുതാൻ സാധ്യമാണെന്ന്, സാധാരണക്കാരുടെ ജീവിതവും വികാരങ്ങളും സാഹിത്യത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുമെന്ന്, ഹാസ്യവും ദുഃഖവും ചേർത്ത് ജീവിതത്തെ നോക്കിക്കാണാൻ പറ്റുമെന്ന് ബഷീർ നമ്മെ പഠിപ്പിച്ചു. അദ്ദേഹം എന്നും മലയാളികളുടെ ഹൃദയത്തിൽ ജീവിച്ചിരിക്കും.