Sathyan Mash | പകരം വെയ്ക്കാനില്ലാത്ത അഭിനയ പാടവം: മലയാളത്തിന്റെ മഹാനടന്‍, നായക സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ സത്യന്‍ മാഷിന്റെ ഓര്‍മകള്‍ക്ക് 53 വയസ്സ് 
 

 
Remembering legendary actor Sathyan on his 53th death anniversary, Kochi, News, Sathyan Mash, Actor, Cinema, Entertainment, Kerala News


പതിനെട്ടുവര്‍ഷക്കാലം മലയാളിയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സത്യന്‍ ഒരു തലമുറയെ മുഴുവന്‍ ആവേശത്തിലാഴ്ത്തി


ഇന്‍ഡ്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ സത്യനേശന്‍ നാടാരെന്ന സത്യന്‍

കൊച്ചി: (KVARTHA) മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാഷ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 53 വര്‍ഷം. പതിനെട്ടുവര്‍ഷക്കാലം മലയാളിയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സത്യന്‍ ഒരു തലമുറയെ മുഴുവന്‍ ആവേശത്തിലാഴ്ത്തി. ഇതിനിടെ മലയാളത്തിന്റെ മഹാനടനായും നായക സങ്കല്‍പങ്ങളെ തിരുത്തിയെഴുതിയ താരം എന്നനിലയിലും സത്യന്‍ അറിയപ്പെട്ടു. 

ഇന്‍ഡ്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ സത്യനേശന്‍ നാടാരെന്ന സത്യന്‍. താരപദവികള്‍ക്കപ്പുറം നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി. സിദ്ധി കൊണ്ട്, തനിമ കൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍. ഇങ്ങനെ നീളുന്നു മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാളായ സത്യന്റെ വിശേഷണങ്ങള്‍. 

എല്ലാ അര്‍ഥത്തിലും മലയാളിയുടെ പ്രിയപ്പെട്ട നടനായിരുന്നു സത്യന്‍. സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രതിഭ. സല്‍ഗുണ സമ്പന്നരായ മുന്‍ മാതൃകകളെ തച്ചുടച്ചവയായിരുന്നു സത്യന്റെ നായക കഥാപാത്രങ്ങള്‍. സത്യന്റെ താര പരിവേഷം കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ഒരിക്കലും തടസ്സമായില്ല.

പകരം വെയ്ക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ് സത്യന്‍ മലയാള സിനിമയുടെ അമരക്കാരനാവുന്നത്. അഴകുള്ള ആകാരം കൊണ്ടല്ല, ഇന്നത്തെ നായക സങ്കല്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപവും ഭാവവുമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ആസ്വാദക മനസ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് അദ്ദേഹം തെളിയിച്ചു.

പൊലീസുകാരനായി ജീവിതം ആരംഭിച്ചുവെങ്കിലും സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുമായുള്ള പരിചയമാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള കടന്നുവരവിന് നിയോഗമായത്. മലയാള സിനിമയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം ആ മഹാനടനും വളര്‍ന്നു. നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ച് സൂപ്പര്‍താര പദവിയിലെത്തിയ താരം രണ്ട് തമിഴ് സിനിമകളുടേയും ഭാഗമായി. 


തന്റെ നാല്‍പതാമത്തെ വയസ്സില്‍ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് സത്യന്‍ ചലച്ചിത്ര ജീവിതം ആരംഭിച്ചത്.  അത് വെളിച്ചം കണ്ടില്ലെങ്കിലും പിന്നീടിറങ്ങിയ ആത്മസഖി സത്യന്റെ സിനിമാ ജീവിതത്തില്‍ നാഴികകല്ലായി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാമു കാര്യാട്ട്- പി ഭാസ്‌കരന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'നീലക്കുയിലി' ലെ  ശ്രീധരന്‍ പിള്ളയുടെ അസാധ്യ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു.  മലയാള സിനിമയില്‍ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സത്യനായിരുന്നു. 'കടല്‍പ്പാലം' എന്ന സിനിമയിലൂടെയാണ് സത്യന്‍ മികച്ച നടനായത്.

തച്ചോളി ഒതേനന്‍, ഓടയില്‍ നിന്നിലെ പപ്പു, ചെമ്മീനിലെ പളനി, യക്ഷിയിലെ പ്രൊഫസര്‍ ശ്രീനിവാസന്‍, മൂലധനത്തിലെ കമ്യൂണിസ്റ്റ് നേതാവ് രവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ അങ്ങനെ സത്യന്റെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഇന്നും അനശ്വരമായി നിലകൊള്ളുന്നു. പച്ചയായ ജീവിത മുഹൂര്‍ത്തങ്ങള്‍ അനായാസേന അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിഞ്ഞത് സത്യനെ പ്രേക്ഷക മനസില്‍ സ്വീകാര്യനാക്കി. സൂപര്‍ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാന്‍സറാണ് ആ മഹാപ്രതിഭയുടെ ജീവന്‍ കവര്‍ന്നത്. കരുത്തുറ്റ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച സത്യന്‍ പത്തു വര്‍ഷത്തോളം അര്‍ബുദത്തോട് പോരാടി. 

സിനിമകളില്‍ തിരക്ക് കൂടിയതോടെ സത്യന്‍ സര്‍കാര്‍ ഉദ്യോഗം ഉപേക്ഷിച്ചു. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ സത്യന്റെ ജീവിതത്തിലെ നാഴികക്കല്ലായി. പിന്നീട് ഓടയില്‍ നിന്ന്, യക്ഷി, ദാഹം, സ്നേഹസീമ തുടങ്ങി തുടര്‍ചയായ ഹിറ്റുകളോടെ സത്യന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനായി. ചെമ്മീനിലെ പളനി കാഴ്ചക്കാരെ വിസ്മയിപ്പിച്ചതിനു കണക്കില്ല.

ബ്ലാക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തിനുമപ്പുറം മഹാനടനായി ഇന്നും മലയാളിയുടെ പ്രിയപ്പെട്ട ന
നായി തുടരുകയാണ് സത്യന്‍ മാഷ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia