Legacy | മുണ്ടശ്ശേരി മാസ്റ്ററുടെ 47-ാമത് ചരമവാർഷികം; വിദ്യാഭ്യാസ രംഗത്ത് പുരോഗമന വിത്തുകൾ പാകിയ സാഹിത്യവിമർശകൻ
● മുണ്ടശ്ശേരി മാസ്റ്റർ, കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി.
● വിദ്യാഭ്യാസ ബില്ലിലൂടെ വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾ.
● നിരവധി സാഹിത്യകൃതികൾ രചിച്ചു.
(KVARTHA) ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളിൽ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു.
സർവകലാശാലാ അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ അദ്ധ്യാപകർക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകൾ, തുടങ്ങിയവ വിഭാവനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു. നിയമസഭയിൽ പരാജയപ്പെട്ടെങ്കിലും ബില്ലിലെ പ്രധാന ആശയങ്ങൾ തുടർന്നു വന്ന ഗവർണ്മെന്റുകൾ ചെറിയ മാറ്റങ്ങളോടെ നടപ്പാക്കി.
തൃശ്ശൂരിലെ കണ്ടശ്ശാംകടവിൽ 1903 ജൂലൈ 17 നു ജനിച്ചു. ഊർജ്ജതന്ത്രത്തിൽ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. ചൈന സന്ദർശനത്തെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിടുകയുണ്ടായി. തുടർന്ന് വിവിധ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും സർവ്വ കലാശാലകളിലും അധ്യാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയുണ്ടായി
ആദ്യം കോൺഗ്രസുകാരനും പിന്നീട് കമ്മ്യൂണിസ്റ്റ് അനുഭാവിയുമായ
മുണ്ടശ്ശേരിമാഷ് കൊച്ചി രാജ്യ പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. കൊച്ചി രാജ്യത്തിലെ അർത്തൂക്കരയിൽനിന്ന് 1948 ഇൽ അദ്ദേഹം നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
1956-ലെ കേരള സംസ്ഥാന പിറവിക്കു ശേഷം അദ്ദേഹം 1957-ൽ മണലൂർ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയിൽ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959).
മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമർശകത്രയത്തിൽ ഒരാൾ ആയിരുന്നു ഈ അക്ഷര കുലപതി. .
രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മുണ്ടശ്ശേരി മലയാള സാഹിത്യത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത സിദ്ധാന്തം അവതരിപ്പിച്ചു. വ്യാഖ്യാനശാസ്ത്രത്തിലും ഒരു പുതിയ ചരിത്രമാണ് മുണ്ടശ്ശേരിയുടെ ഗദ്യശൈലി.
1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം , സമസ്ത കേരള സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃനിരയിൽ മുണ്ടശ്ശേരിമാഷ് സജീവമായി ഉണ്ടായിരുന്നു. 1957 മുതൽ 1965 വരെ സമസ്തകേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത നാടക അക്കാദമി രൂപവത്കരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
കുമാരനാശാൻ, തുഞ്ചത്ത് എഴുത്തച്ഛൻ, തുടങ്ങിയവർക്ക് സ്മാരകങ്ങൾ നിർമ്മിക്കുന്നതിൽ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു. കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി.
കേരളത്തിലെ പ്രധാന സർവകലാശാലകളുടെ സ്ഥാപനത്തിനു മുണ്ടശ്ശേരി മാഷ് തുടക്കം കുറിക്കുകയുണ്ടായി. തിരുവിതാംകൂർ സർവ്വകലാശാലയെ കേരള സർവ്വകലാശാലയായി പുനർനാമകരണം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന ആശയം കൊണ്ടുവന്നതും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്ഥാപിച്ചതും അദ്ദേഹമാണ്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജും കൊല്ലത്തെ തങ്ങൾ കുഞ്ഞു മുസലിയാർ എഞ്ചിനീറിംഗ് കോളെജ് സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു അദ്ദേഹം.
കൊച്ചി രാജാവ് അദ്ദേഹത്തിന് ‘സാഹിത്യ കുശലൻ’ എന്ന ബഹുമതി സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട മുണ്ടശ്ശേരി മാഷക്ക് സോവിയറ്റ്‌ലാന്റ് നെഹ്റു അവാർഡും ലഭിക്കുകയുണ്ടായി. ഏറെക്കാലം രോഗബാധിതനായിരുന്ന അദ്ദേഹം 74-ആം വയസ്സിൽ 1977 ഒക്ടോബർ 25-നു അന്തരിച്ചു. പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് എന്നീ നോവലുകളും നിരവധി സാഹിത്യ വിമർശന കൃതികളും ചെറുകഥകളും യാത്ര വിവരണങ്ങളും മുണ്ടശ്ശേരി മാഷ് രചിച്ചിട്ടുണ്ട്. കൊഴിഞ്ഞ ഇലകൾ എന്ന ആത്മകഥ ഏറെ ജനപ്രീതി ആർജിച്ചതാണ്.
#JosephMundassery #KeralaEducation #EducationReforms #MalayalamLiterature #KeralaHistory #EducationMinister #KeralaEducationBill