Martyrdom | ആറാട്ടുപുഴ വേലായുധപ്പണിക്കർ ഓർമയായിട്ട് 151 വർഷങ്ങൾ; മറക്കില്ല കേരളം, നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയെ

 
Arattupuzha Velayudha Panikkar - 151 Years of Martyrdom, Kerala Renaissance
Watermark

Photo Credit: Facebook/ Arattupuzha Velayudha Panicker

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് മംഗലം എന്ന ദേശത്ത് 1825 ജനുവരി ഏഴിനാണ് വേലായുധ പണിക്കരുടെ ജനനം.
● ചെറുപ്പത്തിൽ തന്നെ പഠനത്തിന് പുറമേ ആയോധന വിദ്യയും കുതിര സവാരിയും പണിക്കർ അഭ്യസിച്ചിരുന്നു.
● കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്.

(KVARTHA) കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കപ്പെടുന്ന കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ സാമൂഹ്യ പരിഷ്കർത്താവായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ധീര രക്തസാക്ഷിത്വത്തിന് ജനുവരി മൂന്നിന് 151 വയസ് തികയുന്നു.

ചരിത്രത്തിൽ ഏറെ വാഴ്ത്തപ്പെടേണ്ട എന്തുകൊണ്ടോ അധികം വാഴ്ത്തപ്പെടാതിരുന്ന വീരശൂര പരാക്രമിയാണ് പണിക്കർ.

Aster mims 04/11/2022

സമാധാനത്തിന്റെ ഭാഷ നിരക്കാത്ത സ്ഥലത്ത് വേണമെങ്കിൽ കയ്യൂക്ക് കൊണ്ടു പോലും ജന്മി മാടമ്പി മാരെ വെല്ലുവിളിച്ച് മൂക്കുത്തി വിളംബരവും അച്ചിപ്പുടവ സമരവും ഉൾപ്പടെ കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു പാട് സമരങ്ങൾക്കും സംഭവങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ.

പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് മംഗലം എന്ന ദേശത്ത് 1825 ജനുവരി ഏഴിനാണ് വേലായുധ പണിക്കരുടെ ജനനം. ഒരു സമ്പന്ന ഈഴവ പ്രമാണി ആയിരുന്ന അദ്ദേഹം മംഗലം വേലായുധപ്പെരുമാൾ എന്നും അറിയപ്പെട്ടിരുന്നു. തിരുവിതാംകൂർ സൈന്യത്തിനും പൊലീസിനും കീഴ്പ്പെടുത്താൻ സാധിക്കാത്ത കള്ളന്മാരെ രാജാവിന്റെ അഭ്യർത്ഥന പ്രകാരം തന്റെ ആൾക്കാരെ ഉപയോഗിച്ച് കീഴ്പ്പെടുത്തിയ അപൂർവ ചരിത്രത്തിനും ധീരതക്കും ഉടമയാണ് പണിക്കർ.

മഹാരാജാവിൻറെ അഭ്യർഥന സ്വീകരിച്ച വേലായുധപണിക്കർ തന്റെ ആളുകളുടെ ശക്തിയും കഴിവും ഉപയോഗിച്ച് മോഷ്ടിച്ച രത്നവും സാളഗ്രാമവും പിടിച്ചെടുത്ത് രാജാവിന് നൽകി. ഇതിന്റെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രണ്ടു കൈകളിലും വീരശൃംഖല നൽകി അദ്ദേഹത്തെ ആദരിച്ചു. ചെറുപ്പത്തിൽ തന്നെ പഠനത്തിന് പുറമേ ആയോധന വിദ്യയും കുതിര സവാരിയും പണിക്കർ അഭ്യസിച്ചിരുന്നു.

ശ്രീനാരായണഗുരു 1888 ൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ്, 1852 ൽ വേലായുധപ്പണിക്കർ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ പ്രതിഷ്ഠിച്ചിരുന്നു. ഈഴവർ അടക്കം പിന്നാക്ക സ്ത്രീകൾക്ക് മൂക്കുത്തി ധരിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രശസ്തമായ മൂക്കുത്തി വിളംബരം നടത്തിയത് അദ്ദേഹമാണ്. കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്.

സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തുകൊണ്ട് മിശ്രവിവാഹത്തിനും പണിക്കർ മുൻകൈ എടുത്തിരുന്നു. 1852 ൽ വേലായുധപ്പണിക്കർ അവർണർക്ക് ആരാധിക്കാനായി ശിവ ക്ഷേത്രം നിർമ്മിച്ചു. കാർത്തികപ്പള്ളിയിലെ ഇടയ്ക്കാട് മംഗലത്ത് കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമിച്ച ജ്ഞാനേശ്വരം ക്ഷേത്രമാണ് അത്. എല്ലാ ജാതി മതസ്ഥഥർക്കും അവിടെ ആരാധനാ സ്വാതന്ത്ര്യവും നൽകിയിരുന്നു അദ്ദേഹം. ഇതിൻ്റെെ ചുവടുപിടിച്ച് 1853 ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല തണ്ണീർമുക്കം ചെറുവാരണംകരയിലും പണിക്കർ ഒരു ശിവക്ഷേത്ര നിർമ്മാണം നടത്തിയിട്ടുണ്ട്.

ക്ഷേത്ര നിർമ്മാണവും വിഗ്രഹ പ്രതിഷഠയും അവർണരുടെ ധർമ്മാചരണത്തിന് എതിരാണെന്നു പറഞ്ഞ് ഇത് മുടക്കാൻ സവർണർ ശ്രമിച്ചിരുന്നു. അതിനെയൊക്കെ നേരിട്ട് കൊണ്ടാണ് പണിക്കർ തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയത്.

1866 ൽ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു ഈഴവ സ്ത്രീകൾക്ക് അച്ചു പുടവ മുടക്കാനുള്ള അവകാശം തേടി പണിക്കരുടെ നേതൃത്വത്തിൽ ജന്മിമാരുടെ കൃഷിപ്പണി ബഹിഷ്കരിച്ച് നടത്തിയ പണിമുടക്കാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കർഷക തൊഴിലാളി സമരം.

1859 അവസാനം നായൻമാർക്കും ബ്രാഹ്മണരെ പോലെ മൂക്കുത്തി ധരിക്കാമെന്ന് റീജ്യൻഡ് മഹാറാണി ഉത്തരവു പുറപ്പെടുവിച്ചു. ഇതറിഞ്ഞ ഈഴവരിലെ സമ്പന്ന കുടുംബ സ്ത്രീകളും മൂക്കുത്തി ധരിക്കാൻ തുടങ്ങി. പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ച ഒരു ഈഴവ സ്ത്രീയുടെ മൂക്കുത്തി ഒരു ബ്രാഹ്മണൻ പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കർ സ്വർണപണിക്കാരെ വിളിച്ച്, സ്വർണം, വെള്ളി, ചെമ്പ് എന്നിവയിൽ ‌ നിരവധി മൂക്കുത്തികൾ നിർമ്മിക്കാൻ നിർദ്ദേശിച്ചു. ആയിരം സ്ത്രീകളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിപ്പിച്ചു. എന്നിട്ട് പന്തളത്തുവച്ച് ഒരു വിളംബരം നടത്തി. ഈ പ്രഖ്യാപനത്തെ മൂക്കുത്തി വിളംബരം എന്നു വിളിക്കപ്പെടുന്നു.

ഇങ്ങനെയാണ് തിരുവതാംകൂറിലെ എല്ലാ സ്ത്രീകൾകും മൂക്കുത്തി ധരിക്കാൻ അവകാശം കിട്ടിയത്.

ആദ്യമായി കഥകളി പഠിച്ച അബ്രാഹ്മണൻ ആറാട്ടുപുഴ വേലായുധ പണിക്കർ ആണ്. 1862 ൽ ഈഴവ സമുദായാംഗങ്ങളെ ചേർത്ത് അദ്ദേഹം സ്ഥാപിച്ച കഥകളിയോഗം, ഈഴവരുടെ ആദ്യത്തെ കഥകളിയോഗമാണ്. നിരവധി പോരാട്ടങ്ങൾ വഴിയാണ് അദ്ദേഹം ഇത് ജനകീയമാക്കിയത്.

1874 ജനുവരി മൂന്നിനു പാതിരാത്രി കായൽ നടുക്ക്‌ തണ്ടുവച്ചവള്ളത്തിൽ പണിക്കർ നല്ല ഉറക്കമായിരുന്നു. ഒരു വള്ളത്തിലെത്തിയ, വേഷം മാറിവന്ന അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടൻ' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയിൽ കുത്തിവീഴ്ത്തി. ഈ കിട്ടൻ, മതം മാറിയ, പണിക്കരുടെ ഒരു അകന്ന ബന്ധുവായിരുന്നു അതിനാൽ 'തൊപ്പിയിട്ട കിട്ടൻ ' എന്നാണ് അറിയപ്പെട്ടത്.

നെഞ്ചിൽ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കർ കിട്ടനെ കഴുത്തുഞെരിച്ചു കൊന്നതിന് ശേഷം മാത്രമാണ് തൻ്റെ നാൽപത്തിയൊൻപതാമത് വയസിൽ മരണത്തിന് കീഴടങ്ങിയത്.

ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊമ്പതാം നുറ്റാണ്ട്.

#KeralaRenaissance #SocialReform #Martyr #ArattupuzhaVelayudhaPanikkar #KeralaHistory #Leadership

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script