കുടിയിറക്ക് ഭീഷണി നേരിടുന്ന 32 കുടുംബങ്ങള്‍ക്ക് ആശ്വാസമേകി നിയമസഭാ സമിതി

 


ഇടുക്കി:  (www.kvartha.com 25.10.2014) കുടിയിറക്ക് ഭീഷണി നേരിടുന്ന 32 കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി നിയമസഭാ സമിതി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സമിതി ആദ്യമായാണ് പരാതികള്‍ നേരിട്ട് വിലയിരുത്താന്‍ കലക്ടറേറ്റില്‍ എത്തിയത്.

കുടിയിറക്കല്‍ ഭീഷണി നേരിടുന്ന പീരുമേട് താലൂക്കിലെ ഏലപ്പാറ വില്ലേജില്‍ ചെമ്മണ്ണ് മൊട്ടാലയം ഭാഗത്ത് 1950 മുതല്‍ തലമുറകളായി താമസിച്ചുവരുന്ന 32 കുടുംബങ്ങള്‍ സമരസമിതി ചെയര്‍മാന്‍ കെ.പി. വിജയന്റെ നേതൃത്വത്തിലാണ് പരാതിയുമായി സമിതിക്ക് മുമ്പില്‍ എത്തിയത്.

1968 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിക്ക് പട്ടയം നല്‍കിയിട്ടുള്ളതാണെന്നും ഏലപ്പാറ വില്ലേജില്‍ കരം അടച്ച് പോരുന്ന ഭൂമിയാണെന്നും പരാതിക്കാര്‍ പറയുന്നു. വന്‍കിട തോട്ടം ഉടമകള്‍ ഭരണസ്വാധീനമുപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് കുടിയിറക്കാന്‍ ശ്രമിക്കുകയാണ്. താല്‍ക്കാലിക കോടതി വിധികളുടെ മറവില്‍ ഇവരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നിര്‍ത്തിവെക്കാന്‍ സമിതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

വകുപ്പ് ഉദ്യോഗസ്ഥര്‍, കമ്പനി പ്രതിനിധികള്‍, പരാതിക്കാര്‍ എന്നിവരുടെ യോഗം പെറ്റീഷന്‍ സമിതി നേരിട്ട് തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. 16 വര്‍ഷമായി ഭൂമിക്ക് വേണ്ടി അലയുന്ന ഓമന ജോസഫിന് സമിതിയുടെ ഇടപെടല്‍ തുണയായി. 1987ല്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴയില്‍ 14ഏക്കര്‍ സ്ഥലത്ത് നിന്നും കുടിയൊഴിക്കപ്പെട്ട ഓമന ജോസഫിനും കുടുംബത്തിനും വട്ടവിളയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും എല്‍.ആര്‍. ഡെപ്യൂട്ടി കലക്ടര്‍ സി.എം. സെബാസ്റ്റ്യന്‍ സമിതിക്ക് ഉറപ്പ് നല്‍കി.

30 പരാതികളാണ് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സമിതി പരിഗണിച്ചത്. പുതിയ പരാതികളും സ്വീകരിച്ചു. ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ നല്‍കുന്ന ഉറപ്പുകള്‍ സമയബന്ധിതരായി നടപ്പിലാകാത്തതില്‍ ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ അസന്തുഷ്ടി രേഖപ്പെടുത്തി. സി.കെ. നാണു മാസ്റ്റര്‍, പി. ഉബൈദുള്ള, കെ.കെ. നാരായണന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുടിയിറക്ക് ഭീഷണി നേരിടുന്ന 32 കുടുംബങ്ങള്‍ക്ക് ആശ്വാസമേകി നിയമസഭാ സമിതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Relief to 32 families, Idukki, Kerala, Idukki Collectorate.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia